Image

മലയാളിയുടെ സ്ഥാപനത്തില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

Published on 30 July, 2012
മലയാളിയുടെ സ്ഥാപനത്തില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച
ദുബൈ: ഷാര്‍ജ സജ വ്യവസായ മേഖലയില്‍ മലയാളിയുടെ സ്‌ക്രാപ് യൂനിറ്റില്‍ വാച്ച്മാനെ മര്‍ദിച്ച് ബന്ധനസ്ഥനാക്കിയ ശേഷം വന്‍ കവര്‍ച്ച. മൂന്ന് ടണ്‍ ചെമ്പ് സംഘം കടത്തിക്കൊണ്ടുപോയി.

ഗുരുവായൂര്‍ പൂവ്വത്തൂര്‍ സ്വദേശി എന്‍.കെ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള ‘ഗ്‌ളോബല്‍ മെറ്റല്‍സ് കമ്പനി’യിലാണ് സംഭവം. മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പാക് സ്വദേശിയായ ഹബീബിനെ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സ്‌ക്രാപ് യാര്‍ഡിന്റെ മതില്‍ ചാടിക്കടന്നെത്തിയ എട്ടംഗ സംഘം സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. ഇലക്ട്രിക് കേബിളുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ചെമ്പാണ് ഇവിടെ പ്രധാനമായി സൂക്ഷിച്ചിരുന്നത്. ഇത്തരത്തിലുള്ള മൂന്ന് ടണ്ണോളം ചെമ്പ് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയതായി അബ്ബാസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

ഇന്നലെ രാവിലെ ആറരയോടെ സ്ഥലത്തെത്തിയ ജീവനക്കാര്‍ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കണ്ടെത്തിയത്. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. കിലോക്ക് 27 ദിര്‍ഹത്തിലേറെ വിലയുള്ളതിനാല്‍ മേഖലയില്‍ കോപ്പര്‍ മോഷണം പതിവായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വ്യവസായ മേഖലയിലെ ഗോഡൗണുകളില്‍ നിന്ന് ചെമ്പ് മോഷണം പതിവാക്കിയ മൂന്നംഗ പാക് സംഘത്തെ കഴിഞ്ഞയാഴ്ച ഷാര്‍ജ പൊലീസ് അറസ്റ്റുചെയ്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക