Image

ഖുര്‍ആന്‍ മനുഷ്യാവകാശങ്ങളുടെ വേദ ഗ്രന്ഥം:ഓണമ്പിള്ളി

Published on 30 July, 2012
ഖുര്‍ആന്‍ മനുഷ്യാവകാശങ്ങളുടെ വേദ ഗ്രന്ഥം:ഓണമ്പിള്ളി
ദുബായ്: മനുഷ്യന്റെ സ്വത്വത്തെ അംഗീകരിക്കുകയും ജാതി, മത, വര്‍ഗ, ദേശ ഭേദങ്ങള്‍ക്കതീതമായി മനുഷ്യ സമത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന കാലാതിവര്‍ത്തിയായ വേദ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്ന് യുവ പണ്ഡിതനും ഗവേഷകനുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പതിനാറാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ ഭാഗമായി ദുബായ് സുന്നി സെന്റെര്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'മനുഷ്യാവകാശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഒരു ഉത്തമ സമൂഹത്തിന്റെ സൃഷ്ടിയാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്. വര്‍ണ വിവേചനങ്ങളും വര്‍ഗ വെറിയും ഗോത്ര സംഘര്‍ഷങ്ങളും പെരുകുന്ന ആധുനിക കാലത്ത് ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക വഴി സമാധാനത്തിന്റെ പുതു ലോകം പണിയാന്‍ വിശ്വാസികള്‍ സന്നദ്ധമാകണമെന്ന് അദ്ദേഹം പറഞ്ഞു. കറുത്തവനും വെളുത്തവനും ദരിദ്രനും സമ്പന്നനും എന്ന വേര്‍തിരിവുകളില്ലാത്ത മതമാണ് ഇസ്‌ലാം. ദൈവഭക്തി മാത്രമാണ് മഹത്വത്തിന്റെ നിദാനമായി ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ പെരുകുന്ന കാലത്ത്, പ്രകൃതി ിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുകയും മനുഷ്യനെ അപകടത്തിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കുത്തകകള്‍ കോപ്പു കൂട്ടുകയും ചെയ്യുന്ന കാലത്ത്, പ്രകൃതിയെ സ്‌നേഹിക്കാന്‍ സമൂഹം മുന്നോട്ട് വരണം. മനുഷ്യനാണ് പ്രകൃതിയുടെ കേന്ദ്ര ബിന്ദു. അതു കൊണ്ടു തന്നെ നിങ്ങള്‍ ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണ്. ജാതി, മതം, രാഷ്ട്രം തുടങ്ങിയ മേല്‍വിലാസങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. മനുഷ്യനെ നാം ആദരിച്ചിരിക്കുന്നു തുടങ്ങിയ സൂക്തങ്ങള്‍ പ്രകൃതിയില്‍ മുഴങ്ങി നില്‍ക്കേണ്ട ആസുര കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. 

യു.എ.ഇ.യുടെ വിവിധഭാഗങ്ങളില്‍ നിന്നായി സ്ത്രീകളടക്കം വന്‍ജനാവലിയാണ് ഖുര്‍ആന്‍ പ്രഭാഷണം കേള്‍ക്കാനെത്തിയത്. ദുബായ് സുന്നിസെന്റര്‍ ഇതാദ്യമായാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുമായി സഹകരിച്ച് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത്. സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായിരുന്നു. അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി ആരിഫ് അബ്ദുല്‍ കരീം ജല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. പി.എ. ഇബ്രാഹിം ഹാജി, ഹാശിം കുഞ്ഞികോയ തങ്ങള്‍, യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍, മുസ്തഫല്‍ ഫൈസി, യഹ്യ തളങ്കര, ഇബ്രാഹീം എളേറ്റില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ബാഖവി സ്വാഗതവും ജനറല്‍ സെക്രട്ടറി ഷൗക്കത്തലി ഹുദവി നന്ദിയും പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക