Image

യുഎഇയില്‍ നിന്ന്‌ കാനഡയിലേക്ക്‌ വിസ: തട്ടിപ്പ്‌ സംഘം വീണ്ടും രംഗത്ത്‌

Published on 30 July, 2012
യുഎഇയില്‍ നിന്ന്‌ കാനഡയിലേക്ക്‌ വിസ: തട്ടിപ്പ്‌ സംഘം വീണ്ടും രംഗത്ത്‌
അബൂദാബി: കാനഡയിലേക്ക്‌ വിസ വാഗ്‌ദാനം ചെയ്‌ത്‌ യു.എ.ഇയില്‍നിന്നും കേരളത്തില്‍നിന്നും മറ്റും ലക്ഷങ്ങള്‍ തട്ടിയ സംഘം വീണ്ടും രംഗത്ത്‌. ദല്‍ഹി കേന്ദ്രീകരിച്ച്‌ സജീവമായ മംഗലാപുരം ലോബി വീണ്ടും ഗള്‍ഫ്‌ രാജ്യങ്ങളിലും കേരളത്തിലും പുതിയ ഇരകളെ തേടുന്നതായാണ്‌ സൂചന.

മംഗലാപുരം വലന്‍ഷ്യ സൂതര്‍പേട്ടിലെ സാംസണ്‍ ഡിസൂസ (മെല്‍വിന്‍), മംഗലാപുരം തൊക്കോട്ട്‌ കാപ്പിക്കാടെ പ്രദീപ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കാനഡയിലേക്ക്‌ വിസ വാഗ്‌ദാനം ചെയ്‌ത്‌ രംഗത്തുള്ളത്‌. വിസ തട്ടിപ്പ്‌ കേസില്‍ മെല്‍വിന്‍, പ്രദീപ്‌ കുമാര്‍ എന്നിവര്‍ക്ക്‌ പുറമെ മംഗലാപുരം വലന്‍ഷ്യയിലെ രൂപേഷ്‌ പവന്‍രാജ്‌, ഗോറിഗുഡയിലെ ഉദയ്‌ കുമാര്‍ നായക്‌ എന്നിവരെയും മംഗലാപുരം ബന്ദര്‍ പൊലീസ്‌ കഴിഞ്ഞ വര്‍ഷം അറസ്റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍, ജയിലില്‍നിന്ന്‌ പുറത്തുവന്ന പ്രദീപ്‌ കുമാര്‍ ഇപ്പോള്‍ ദല്‍ഹി കേന്ദ്രീകരിച്ച്‌ തന്‍െറ പ്രവര്‍ത്തനം നടത്തുന്നതായി നേരത്തെ തട്ടിപ്പിന്‌ ഇരയായി പണം നഷ്ടപ്പെട്ടവര്‍ പറയുന്നു.
അബൂദബിയിലെ ഒരു കമ്പനിയില്‍ പ്രദീപ്‌ കുമാര്‍ ജോലി ചെയ്‌തിരുന്നു. ഈ സമയത്ത്‌ കൂടെ ജോലി ചെയ്‌ത ചിലരില്‍നിന്ന്‌ വിസ വാഗ്‌ദാനം ചെയ്‌ത്‌ പണം വാങ്ങി. കോട്ടയം സ്വദേശിക്ക്‌ പുറമെ കര്‍ണാടകയിലെ കുടക്‌ സ്വദേശി, ഒരു ബംഗ്‌ളാദേശി എന്നിവരാണ്‌ 2011ല്‍ പ്രദീപ്‌ കുമാര്‍ മുഖേന വിസക്ക്‌ 1,10,000 രൂപ വീതം നല്‍കിയത്‌. കാനഡയിലെ പ്രമുഖ ഹോട്ടലിലാണ്‌ ജോലിയെന്നും വിസക്ക്‌ ആറു ലക്ഷം രൂപ വേണമെന്നുമാണത്രെ പറഞ്ഞത്‌. ഇത്‌ വിശ്വസിച്ച കുടക്‌ സ്വദേശി അഡ്വാന്‍സായി 60,000 രൂപ നല്‍കി.

നാട്ടിലെ രണ്ട്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ 30,000 വീതം നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. പിന്നീട്‌ 50,000 രൂപ പ്രദീപിന്‍െറ വീട്ടില്‍ എത്തിച്ചു. കോട്ടയം സ്വദേശി നാട്ടിലെ ബന്ധു മുഖേന അക്കൗണ്ടില്‍ പണം നിക്ഷേപിച്ചപ്പോള്‍, ബംഗ്‌ളാദേശുകാരന്‍ യു.എ.ഇയില്‍നിന്ന്‌ പണം അയച്ചു.
പണം വാങ്ങിയ ശേഷം വിസയെ കുറിച്ച്‌ ചോദിച്ചപ്പോഴെല്ലാം പ്രദീപ്‌ ഒഴിഞ്ഞു മാറി. പിന്നീട്‌ ഇയാള്‍ ജോലി സ്ഥലത്തുനിന്ന്‌ മുങ്ങി. ഇതിനുശേഷമാണ്‌ പ്രദീപിനെയും മറ്റു മൂന്നു പേരെയും വിസ തട്ടിപ്പ്‌ കേസില്‍ ബന്ദര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മാലതി എന്ന യുവതിക്ക്‌ വിസ വാഗ്‌ദാനം ചെയ്‌ത്‌ 2010 മേയ്‌ 27ന്‌ അരലക്ഷം രൂപ വാങ്ങിയെന്ന കേസിലായിരുന്നു അറസ്റ്റ്‌. പ്രതികളെ ചോദ്യം ചെയ്‌തപ്പോള്‍ നിരവധി പേരില്‍നിന്ന്‌ പണം വാങ്ങിയെന്ന്‌ സമ്മതിച്ചു. മലയാളികള്‍ തട്ടിപ്പിന്‌ ഇരയായെന്ന്‌ ചോദ്യം ചെയ്യലില്‍ വ്യക്തമായ സാഹചര്യത്തില്‍, സംഘത്തിന്‌ പണം നല്‍കിയിട്ടും വിസ ലഭിക്കാത്തവര്‍ ഉടന്‍ ബന്ദര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന്‌ ആ സമയത്ത്‌ അവിടെ എസ്‌.ഐയായിരുന്ന രാമകൃഷ്‌ണന്‍ പത്രത്തിലൂടെ അറിയിച്ചിരുന്നു.

പ്രദീപ്‌ കുമാര്‍ ഇപ്പോള്‍ ദല്‍ഹി കേന്ദ്രീകരിച്ച്‌ വിസ ഇടപാട്‌ നടത്തുന്നതായി നേരത്തെ തട്ടിപ്പിന്‌ ഇരയായ ചിലര്‍ പറഞ്ഞു. എങ്കിലും ഇയാളെ ബന്ധപ്പെടാന്‍ ഇവര്‍ക്ക്‌ സാധിക്കുന്നില്ല. സംഘം വീണ്ടും പലരില്‍നിന്നും പണം വാങ്ങിയാല്‍ അവര്‍ക്കും ഇവരുടെ ദുരവസ്ഥയുണ്ടാകുമെന്നാണ്‌ ആശങ്ക. അതിനാല്‍, കാനഡയിലേക്ക്‌ വിസക്ക്‌ ശ്രമിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക