Image

ഫോമാ ക്ഷണിക്കുന്നു; 5 നാള്‍ കാര്‍ണിവല്‍ ഗ്ലോറി'യില്‍ സുല്‍ത്താനായി കടല്‍കടക്കാം; നാടു കാണാം

Published on 01 August, 2011
ഫോമാ ക്ഷണിക്കുന്നു; 5 നാള്‍ കാര്‍ണിവല്‍ ഗ്ലോറി'യില്‍ സുല്‍ത്താനായി കടല്‍കടക്കാം; നാടു കാണാം
ന്യൂയോര്‍ക്ക്‌: കണ്ടത്‌ മനോഹരം, കാണാത്തത്‌ അതിമനോഹരം. ഫോമയുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന `കാര്‍ണിവല്‍ ഗ്ലോറി'യിലൂടെ നടക്കുമ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍ രേണുക സഹായ്‌ ഉറപ്പിച്ചുപറഞ്ഞു. കാനഡയിലെ ഹാലിഫാക്‌സ്‌ വരെ നീളുന്ന കപ്പല്‍യാത്രയും കണ്‍വെന്‍ഷന്‍ പരിപാടികളും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ്വാനുഭവമായിരിക്കും- ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയി തോമസ്‌, കണ്‍വെന്‍ഷന്‍ ചെയര്‍ സണ്ണി പൗലോസ്‌ എന്നിവരും തറപ്പിച്ചു പറഞ്ഞു.

രണ്ടു പടുകൂറ്റന്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒരുമിച്ചു ചേരുന്ന വലിപ്പമുള്ള കപ്പലില്‍ (നീളം 910 അടി. അഥവാ രണ്ടു ഫര്‍ലോംഗോളം, ഉയരം 13 നില). ചുറ്റി നടക്കുമ്പോള്‍ ഈ അവകാശവാദങ്ങളില്‍ സംശയം തോന്നിയില്ല. ഇത്‌ മലയാളി കുടിയേറ്റ ചരിത്രത്തില്‍ പുതിയൊരു അധ്യായം തന്നെയായിരിക്കും.

മൊത്തം 3500 യാത്രക്കാരെ കയറ്റാന്‍ കഴിയുന്ന കപ്പലില്‍ 1200 ജോലിക്കാരുണ്ട്‌. അവരില്‍ രണ്ടു ഡസന്‍ മലയാളികള്‍. ഒറ്റപ്പാലം സ്വദേശി അജയ്‌ പടിഞ്ഞാറ്റേതില്‍ ഹോസ്‌പിറ്റാലിറ്റി പഠിച്ചതോടൊപ്പം ഹൗസ്‌ കീപ്പിംഗില്‍ ഉദ്യോഗസ്ഥനായി പോകുകയായിരുന്നു. ഫോമയുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരുമടങ്ങിയ സംഘത്തോട്‌ അജയ്‌ കപ്പല്‍ വിശേഷങ്ങളും പങ്കുവെച്ചു.

അടുത്ത വര്‍ഷം ജൂലൈ 30-ന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ ന്യൂയോര്‍ക്ക്‌ വിടുന്ന കപ്പല്‍ പിറ്റേന്ന്‌ മുഴുവന്‍ കടലില്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും. കപ്പല്‍ കമ്പനി വക വിനോദങ്ങള്‍- കാസിനോ ഉള്‍പ്പടെ ഒരുവശത്ത്‌; ഫോമ ഒരുക്കുന്ന വിനോദങ്ങളും കലാപരിപാടികളും സമ്മേളനങ്ങളും മറുവശത്ത്‌; കുട്ടികള്‍ക്കായി കപ്പലില്‍ കളിക്കളങ്ങള്‍. തീയേറ്ററുകള്‍ എന്നുവേണ്ട കപ്പല്‍ സഞ്ചരിക്കുന്ന ചെറിയൊരു നഗരമായി മാറുന്നു. 1500 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയവും ഭക്ഷണശാലകളുമുണ്ട്‌.

ഏറ്റവും പ്രധാനം ഭക്ഷണത്തിന്റെ കാര്യത്തില്‍- ഒരു ലുബ്‌ദും വേണ്ട. എപ്പോള്‍ വേണമെങ്കിലും ഭക്ഷണം കിട്ടും. (സൗജന്യമായി തന്നെ). റൂം സര്‍വീസും ഫ്രീ. നാന്‍, ചോറ്‌, പരിപ്പുകറി എന്നീ ഇന്ത്യന്‍ വിഭവങ്ങള്‍ പ്രത്യേകമായുണ്ടുതാനും.

കപ്പല്‍ പുറപ്പെടുംമുമ്പ്‌ ഉദ്‌ഘാടന സമ്മേളനം നടത്താനുള്ള തയാറെടുപ്പിലാണ്‌ ഭാരവാഹികള്‍. ന്യൂയോര്‍ക്കില്‍ നിന്നുള്ള കാര്യപ്പെട്ട നേതാക്കളെ കപ്പലില്‍ ഉദ്‌ഘാടനത്തിന്‌ കൊണ്ടുവരും. ഉദ്‌ഘാടന സമ്മേളനം കഴിഞ്ഞ്‌ അവര്‍ക്ക്‌ മടങ്ങാം.

മൂന്നാംനാള്‍ രാവിലെ എട്ടിന്‌ കപ്പല്‍ കാനഡയിലുള്ള സെന്റ്‌ ജോണിലെത്തും. പ്രകൃതിരമണീയമായ സ്ഥലം. കാഴ്‌ചകള്‍ പലത്‌. (അവയെപ്പറ്റി വരുംദിനങ്ങളില്‍). കണ്‍വെന്‍ഷന്‍ പരിപാടികളില്‍ ചിലത്‌ കരയില്‍ വെച്ചും നടക്കും.

നാലുമണിക്ക്‌ വീണ്ടും കപ്പല്‍ പുറപ്പെടും. സമയത്തിന്‌ തിരിച്ചുവന്നില്ലെങ്കില്‍ കപ്പല്‍ കാത്തിരിക്കില്ലെന്ന്‌ മറക്കരുത്‌. പിറ്റേന്ന്‌ രാവിലെ 9-ന്‌ ഹാലിഫാക്‌സ്‌. അത്യന്തം മനോഹരമായ ഹാലിഫാക്‌സ്‌ ചരിത്രമുറങ്ങുന്ന സ്ഥലംകൂടിയാണ്‌. വൈകിട്ട്‌ വരെ അവിടെ കാഴ്‌ചകളും പരിപാടികളും. സന്ധ്യയോടെ മടക്കം. നാലംദിനം വീണ്ടും കടലില്‍. അഞ്ചാം നാള്‍ ന്യൂയോര്‍ക്കില്‍.

മൂന്നുതരം മുറികളാണ്‌ കപ്പലില്‍. ബാല്‍ക്കണിയോടുകൂടിയ സ്റ്റേറ്റ്‌ റൂം. നാലുപേര്‍ക്ക്‌ താമസിക്കാം. ബാത്ത്‌റൂമുകളും എല്ലാം അടങ്ങിയ ഹോട്ടല്‍ റൂം പോലെതന്നെ. പോരാത്തതിന്‌ ബാല്‍ക്കണിയില്‍ നിന്ന്‌ കടല്‍യാത്ര ആസ്വദിക്കാം.

ഓഷ്യന്‍വ്യൂ റൂമില്‍ ബാല്‍ക്കണി ഇല്ല. പക്ഷെ ജനാല തുറന്നാല്‍ കാണുന്നത്‌ കടലാണ്‌. കടല്‍യാത്ര ആസ്വദിക്കാന്‍ ഇത്‌ ധാരാളം.

മൂന്നാമത്തേത്‌ ഇന്‍ സൈഡ്‌ റൂമാണ്‌. നാലുപേര്‍ക്ക്‌ താമസിക്കാം. പക്ഷെ ജനാലയില്ല. പുറംലോകം കാണാനാവില്ല.

കപ്പലിലെ മുകളിലത്തെ ഡക്കില്‍ തീയേറ്ററുണ്ട്‌. വമ്പന്‍ സ്‌ക്രീന്‍. നക്ഷത്രനിബിഡമായ ആകാശത്തിനു കീഴില്‍ കടല്‍ കണ്ട്‌ ഈ ഓപ്പണ്‍ എയര്‍ തീയേറ്ററില്‍ പരിപാടികള്‍ കാണാം.

താഴെ പ്രധാന വേദിയായ ഹാള്‍ കാണേണ്ടതുതന്നെ. അത്യന്തം മനോഹരമായ സീറ്റുകളും സ്റ്റേജും. കപ്പലിലാണെന്ന്‌ തോന്നില്ല. 1500 പേര്‍ക്ക്‌ ഇരിക്കാം. ഇടത്തരം വേദികള്‍ വേറേയുമുണ്ട്‌. വധം സെമിനാറുകളും പ്രസംഗങ്ങളുമൊക്കെ കുറയ്‌ക്കാന്‍ സംഘാടകര്‍ ആലോചിക്കുന്നുണ്ട്‌. നല്ലത്‌.

കപ്പലിലലെ ശാപ്പാടാണ്‌ ഗംഭീരം. എത്ര വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സൗജന്യമായി കിട്ടുമെന്ന്‌ മാത്രമല്ല, ഏറ്റവും മികച്ച ഭക്ഷണ പദാര്‍ത്ഥങ്ങളാണ്‌ നല്‍കുക. ശാപ്പാടിന്റെ കാര്യത്തില്‍ ആര്‍ക്കും പരാതി പറയാന്‍ ഇടവരില്ല.

3500 മലയാളികള്‍ കണ്‍വെന്‍ഷന്‌ എത്തിയാല്‍ കപ്പലില്‍ മറ്റാര്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല. നേരെ മറിച്ച്‌ രണ്ടായിരം പേരേയുള്ളുവെങ്കില്‍ കപ്പലില്‍ മറ്റുള്ളവരേയും കൊണ്ടുപോകും.

കഴിയുന്നത്ര പേര്‍ രജിസ്റ്റര്‍ ചെയ്യുകയും, അതു നേരത്തെതന്നെ ചെയ്യുകയും വേണമെന്ന്‌ ഫോമാ നേതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നു. നല്ല റൂമുകളൊക്കെ ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ ലഭിക്കും. ഇതിനിടെ ഒരുകാര്യം. രജിസ്‌ട്രേഷന്‍ ഫീ 20 ഡോളര്‍ മാത്രമാണ്‌. അതാണ്‌ ഫോമയ്‌ക്ക്‌ കിട്ടുന്നത്‌. ഒരുപക്ഷെ മലയാളി സംഘടനകള്‍ക്കിടയില്‍ ഇതാദ്യത്തെ സംഭവമായിരിക്കാം.

ബാക്കി കപ്പല്‍ കമ്പനിക്ക്‌ നല്‍കേണ്ടതാണ്‌. അഞ്ചു ദിവസത്തേക്ക്‌ ഭക്ഷണവും താമസവുമെല്ലാ ചെലവുകളുമടക്കം താഴെപ്പറയുന്നതാണ്‌ നിരക്ക്‌. സാധാരണ കുടുംബത്തിന്‌ വഹിക്കാവുന്നതാണ്‌ ഇതെന്നതില്‍ തര്‍ക്കമില്ല. വിദൂരത്തില്‍ താമസിക്കുന്നവര്‍ക്ക്‌ ന്യൂയോര്‍ക്ക്‌ വന്ന്‌ കാണുന്നതിനും ഇതൊരവസരമാണ്‌.

ഇന്‍സൈഡ്‌ റൂമിന്‌ (അതിന്റെ ആവശ്യമേയുള്ളൂ) രണ്ടുപേര്‍ക്ക്‌ ചെലവ്‌ 1252 ഡോളര്‍ മാത്രം. മൂന്നു പേര്‍ക്കാവുമ്പോള്‍ അത്‌ 1698. നാലു പേര്‍ക്ക്‌ 2144 ഡോളര്‍. ഒരാള്‍ക്ക്‌ അഞ്ചു ദിവസത്തേക്ക്‌ 500 ഡോളറിനുള്ളിലാണ്‌ ആകെ ചിലവ്‌ വരിക.

ഓഷ്യന്‍വ്യൂ റൂമിന്‌ രണ്ടു പേര്‍ക്ക്‌ 1462 ഡോളര്‍. 3 പേര്‍ക്ക്‌ 1908 ഡോളര്‍. 4 പേര്‍ക്ക്‌ 2354 ഡോളര്‍.

ബാല്‍ക്കണിയുള്ള റൂമിന്‌ 2 പേര്‍ക്ക്‌ 1722 ഡോളര്‍. 3 പേര്‍ക്ക്‌ 2168 ഡോളര്‍. 4 പേര്‍ക്ക്‌ 2614 ഡോളര്‍.

അഞ്ചുദിവസം സുല്‍ത്താനായി കഴിയാന്‍ കിട്ടുന്ന അവസരമാണിത്‌. ഇത്‌ പാഴാക്കിയാല്‍ അതൊരു നഷ്‌ടമായിരിക്കും. യാത്രയുടേയും കപ്പലിന്റേയും വിവരങ്ങള്‍ വരുംദിനങ്ങളില്‍ പ്രതീക്ഷിക്കുക.

വാല്‍ക്കഷണം: അമേരിക്കക്കാര്‍ വൈനും ബീയറും ചുരുക്കം ചിലര്‍ ഹാര്‍ഡ്‌ ലിക്കറും കുടിക്കുന്നവരാണ്‌. മലയാളികളാകട്ടെ മടമടാ എന്ന്‌ ഹാര്‍ഡ്‌ ലിക്കര്‍ കുടിക്കുന്നവരും. നടുക്കടലില്‍ വെച്ച്‌ എങ്ങാനും ഗോഡൗണിലെ ഹാര്‍ഡ്‌ ലിക്കര്‍ തീര്‍ന്നു പോയാലോ?

അതിനൊരു സാധ്യതയുമില്ലെന്ന്‌ കപ്പല്‍ അധികൃതര്‍. മദ്യം പുറത്തുനിന്നും കൊണ്ടുവരാന്‍ പറ്റില്ലെന്നൊരു പ്രശ്‌നമുണ്ട്‌. അത്‌ മലയാളികള്‍ക്ക്‌ പ്രശ്‌നമാകുമോ?

രണ്ടാമതൊന്ന്‌ കപ്പലില്‍ ജയിലും ഉണ്ടെന്നതാണ്‌. അടിപിടി, വഴക്ക്‌ തുടങ്ങിയവയൊക്കെ കപ്പലിലാണെന്ന്‌ കരുതി നടത്തിയാലും കുടുങ്ങും.
ഫോമാ ക്ഷണിക്കുന്നു; 5 നാള്‍ കാര്‍ണിവല്‍ ഗ്ലോറി'യില്‍ സുല്‍ത്താനായി കടല്‍കടക്കാം; നാടു കാണാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക