Image

സ്വകാര്യ മേഖലകളില്‍ സ്വദേശി അനുപാതം നിര്‍ത്തലാക്കാന്‍ ആലോചന

Published on 29 July, 2012
സ്വകാര്യ മേഖലകളില്‍ സ്വദേശി അനുപാതം നിര്‍ത്തലാക്കാന്‍ ആലോചന
മനാമ: സ്വകാര്യ മേഖലകളില്‍ നിലവില്‍ നിര്‍ദേശിച്ചിട്ടുള്ള സ്വദേശി അനുപാതം നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നതായി തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍ പറഞ്ഞു. തൊഴിലുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള നിബന്ധനകളല്ല ഇക്കാര്യത്തില്‍ നിലവിലുള്ളത്. സ്വദേശികള്‍ക്ക് അര്‍ഹമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനായിരുന്നു ഓരോ സ്ഥപനങ്ങള്‍ക്കും വിദേശിസ്വദേശി അനുപാതം ഏര്‍പ്പെടുത്തിയിരുന്നത്.

ദേശീയ തൊഴില്‍ ശക്തിയെ സജ്ജമാക്കുവാനും തൊഴിലുകളില്‍ സ്വദേശികള്‍ക്ക് പ്രഥമപരിഗണന നല്‍കുന്നതിനുമുള്ള അവസരം സൃഷ്ടിച്ചിരുന്നു. മന്ത്രാലയം ഇക്കാര്യത്തില്‍ അനാവശ്യമായ ഇടപെടലുകളോ നിര്‍ബന്ധങ്ങളോ ചെലുത്തുന്നുമില്ല.

മന്ത്രാലയം ഉദ്ദേശിച്ച വിധമുള്ള സ്വദേശിവത്കരണം നടപ്പാക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. തൊഴില്‍ വിപണിയിലെ അവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് നിലവിലുള്ള അനുപാതം ഇല്ലാതാക്കുമെന്ന് മന്ത്രി പറഞ്ഞു.

ദേശീയ തൊഴില്‍ ശക്തിയെ സജ്ജമാക്കുകയും ആവശ്യത്തിനുളള അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തതിന് ശേഷമായിരിക്കും അനുപാതം നിര്‍ത്തലാക്കുക. സ്വദേശിവിദേശി തൊഴിലാളികള്‍ക്കിടയിലെ ചെലവിന്റെ അന്തരം കുറച്ചുകൊണ്ടുവരുന്നതിനും ശ്രമം നടത്തും.

സ്വദേശികള്‍ക്ക് തൊഴില്‍ വിപണിയില്‍ കൂടുതല്‍മാര്‍ക്കറ്റുണ്ടാവുകയാണെങ്കില്‍ സ്വാഭാവികമായും തൊഴിലുടമകളെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കേണ്ടി വരികയില്ല.തൊഴിലില്ലായ്മ കൂടുന്നതിനനുസരിച്ച് സ്വദേശി അനുപാതത്തില്‍ വര്‍ധന വരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ മേഖലകളില്‍ സ്വദേശി അനുപാതം നിര്‍ത്തലാക്കാന്‍ ആലോചന
Jameel Bin Muhammadali
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക