Image

വിസ പുതുക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം

Published on 29 July, 2012
വിസ പുതുക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം
അബൂദബി: വീട്ടുജോലിക്കാര്‍ക്ക് പുറമെ മറ്റു ചില വിഭാഗങ്ങള്‍ക്കും റസിഡന്‍സ് വിസ പുതുക്കാന്‍ ഹെപ്പറ്റൈറ്റിസ്ബി പ്രതിരോധ കുത്തിവെപ്പും ഇതിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബേബിസിറ്റര്‍മാര്‍, നഴ്‌സറികിന്റര്‍ഗാര്‍ട്ടന്‍ ജീവനക്കാര്‍, ബാര്‍ബര്‍ ഷോപ്പ്ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍, കഫ്തീരിയറസ്‌റ്റോറന്റ് ജീവനക്കാര്‍, ഹെല്‍ത്ത് ക്‌ളബുകളില്‍ ജോലി ചെയ്യുന്നവര്‍, ന്യൂട്രിഷന്‍ വര്‍ക്കര്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ഇത് ബാധകം.

ഇവര്‍ ഒക്ടോബര്‍ മുതല്‍ റസിഡന്‍സ് വിസ പുതുക്കാന്‍ ഹെപ്പറ്റൈറ്റിസ്ബി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്‍ക്ക് ഹെപ്പറ്റൈറ്റിസ്ബി പരിശോധന കര്‍ശനമാക്കുന്നതിന് പുറമെ, മൂന്നു ഡോസ് ഹെപ്പറ്റൈറ്റിസ്ബി പ്രതിരോധ കുത്തിവെപ്പുമുണ്ട്. ആദ്യ ഡോസ് പുതിയ വിസയില്‍ ഇവിടെയെത്തി വൈദ്യ പരിശോധന നടത്തുന്ന സമയത്തും രണ്ടാം ഡോസ് ഒരു മാസത്തിന് ശേഷവും നല്‍കണം. ആറു മാസത്തിന് ശേഷമാണ് മൂന്നാമത്തെ ഡോസ് നല്‍കേണ്ടത്.

പ്രതിരോധ കുത്തിവെപ്പ് നടത്തിയത് സംബന്ധിച്ച് ബന്ധപ്പെട്ട പ്രിവന്റീവ് മെഡിസിന്‍ സെന്റര്‍/ആശുപത്രി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് രണ്ടു വര്‍ഷം കഴിഞ്ഞ് വിസ പുതുക്കുമ്പോള്‍ ഹാജരാക്കണം. വിസ പുതുക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ കുത്തിവെപ്പ് നടത്തണം. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലും പ്രിവന്റീവ് മെഡിസിന്‍ സെന്ററുകളിലും വാക്‌സിന്‍ ലഭിക്കും. ഓരോ തവണ കുത്തിവെപ്പ് നടത്തിയതിന്റെയും തിയതിക്ക് പുറമെ ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും. കുത്തിവെപ്പെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് പിഴ ചുമത്തും.

ബേബിസിറ്റര്‍മാര്‍, വീട്ടുജോലിക്കാര്‍, നഴ്‌സറികിന്റര്‍ഗാര്‍ട്ടന്‍ ജീവനക്കാര്‍, ബാര്‍ബര്‍ ഷോപ്പ്ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍, കഫ്തീരിയകളിലും റസ്‌റ്റോറന്റുകളിലും ഹെല്‍ത്ത് ക്‌ളബുകളിലും ജോലി ചെയ്യുന്നവര്‍, മറ്റു ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് വിസ പുതുക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ്, സിഫിലിസ് പരിശോധനയുണ്ട്. ഇവര്‍ക്ക് രോഗമുണ്ടായാല്‍ മറ്റുള്ളവരിലേക്ക് നേരിട്ട് പകരാനുള്ള സാധ്യത കണക്കിലെടുത്താണിത്. പരിശോധനയില്‍ പരാജയപ്പെടുന്നവരെ നാട്ടിലേക്ക് തിരിച്ചയക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക