Image

വീട്ടുവേലക്കാരിയുടെ കൊല: ഏഴു പേര്‍ അറസ്റ്റില്‍

Published on 29 July, 2012
വീട്ടുവേലക്കാരിയുടെ കൊല: ഏഴു പേര്‍ അറസ്റ്റില്‍
അബൂദബി: വീട്ടുവേലക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. ബനിയാസില്‍ നടന്ന സംഭവത്തില്‍ അബൂദബി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളും കൊല്ലപ്പെട്ട സ്ത്രീ (യു.പി32)യും ഏഷ്യക്കാരാണ്. ജൂണ്‍ മധ്യത്തില്‍ നടന്ന കുറ്റകൃത്യത്തിലെ മുഖ്യ പ്രതിയെ (എം.എന്‍28) അന്തര്‍ദേശീയ വാറണ്ട് പ്രകാരം ഒമാനില്‍ നിന്നാണ് പിടികൂടിയത്.

വീട്ടുവേലക്കാരിയായ യുവതി സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയ ശേഷം വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു. അതിനിടെ അബൂദബിയിലെ ക്‌ളീനിങ് കമ്പനി ജീവനക്കാരനായ ഒന്നാം പ്രതിയുമായി അടുക്കുകയും ഇവര്‍ തമ്മില്‍ അഞ്ച് വര്‍ഷം അവിഹിത ബന്ധം പുലര്‍ത്തുകയും ചെയ്തു. ഗര്‍ഭിണിയായ യുവതി തന്നെ ഉടന്‍ വിവാഹം കഴിക്കണമെന്ന് പ്രതിയോട് ആവശ്യപ്പെട്ടു. ഇയാള്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയും എന്നാല്‍, ബന്ധം തുടരുകയും ചെയ്തു.
വിവാഹത്തിന് വേണ്ടി യുവതി പിന്നീട് നിര്‍ബന്ധം പിടിച്ചതോടെയാണ് പ്രതി കൊല നടത്താന്‍ തീരുമാനിച്ചത്. ഇയാള്‍ ബനിയാസില്‍ ഒരു വില്ല വാടകക്ക് എടുത്ത് യുവതിക്കൊപ്പം താമസം തുടങ്ങുകയും ചെയ്തു. സംഭവ ദിവസം രാത്രി പ്രതി യുവതിയെ പിന്നിലൂടെ ചെന്ന് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം കൈയും കാലും കയറുകൊണ്ട് കെട്ടി, മൃതദേഹം പ്‌ളാസ്റ്റിക് ബാഗിലും തുടര്‍ന്ന് ബ്‌ളാങ്കറ്റിലും പൊതിഞ്ഞു. തുടര്‍ന്ന് പ്രതി നിയമ വിരുദ്ധ മാര്‍ഗത്തില്‍ ഒമാനിലേക്ക് രക്ഷപ്പെട്ടു. ഇതിന് ആറു പേരുടെ സഹായം ലഭിച്ചിരുന്നു.

ഏതാനും ദിവസത്തിന് ശേഷം വീട്ടില്‍നിന്ന് ദുര്‍ഗന്ധമുണ്ടായതിനാല്‍ ഉടമസ്ഥന്‍ വാതില്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ അബൂദബി പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സി.ഐ.ഡി സംഘം കേസ് ഏറ്റെടുത്തു. ഇവരുടെ അന്വേഷണത്തില്‍ പ്രതി ഒമാനിലേക്ക് കടന്നതായി മനസ്സിലാവുകയും തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇവിടെ നിന്നുള്ള സൂചനകള്‍ പ്രകാരം ഏറെ വൈകാതെ ഒമാന്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് അബൂദബി പൊലീസിന് കൈമാറി. പ്രതിക്ക് സഹായം നല്‍കിയതിനും കുറ്റകൃത്യം പൊലീസിനെ അറിയിക്കാത്തതിനുമാണ് ബാക്കി ആറു പേരെ അറസ്റ്റ് ചെയ്തതെന്ന് അബൂദബി പൊലീസ് ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അല്‍അവാദി അല്‍മിന്‍ഹാലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക