Image

പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ മലയാളി യുവാക്കള്‍

Published on 29 July, 2012
പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ മലയാളി യുവാക്കള്‍
മനാമ: ‘പുതിയ ഒരു ജോലിക്ക് ശ്രമിച്ചെന്ന തെറ്റേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ. അതിന് ജീവിതത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത പ്രയാസങ്ങളാണ് ഇതിനകം അനുഭവിച്ചത്. കേസും കോടതിയുമായി മൂന്ന് മാസമായി ചുറ്റിക്കറങ്ങുന്നു. എംബസിയിലേക്ക് നടന്നുനടന്ന് ഞങ്ങളുടെ കാലുകള്‍ തളര്‍ന്നു. ഇന്നെങ്കിലും ഇതിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍...’ ആലപ്പുഴയിലെ പുന്നപ്ര സ്വദേശികളായ സലാമും സജീറും സവാദുമാണ് അവസാന വട്ട ശ്രമമെന്നോണം കഴിഞ്ഞ ദിവസം വീണ്ടും ഓപ്പണ്‍ ഹൗസില്‍ എത്തിയത്. ഇവരുടെ സ്‌പോണ്‍സര്‍ പിടിച്ചുവെച്ച പാസ്‌പോര്‍ട്ട് ഇന്ന് തിരിച്ചു ലഭിക്കുമെന്ന എംബസിയുടെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇവര്‍ പിരിഞ്ഞുപോയി. ഇന്നും പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് എംബസിക്ക് മുന്നില്‍ താമസിക്കുകയേ നിര്‍വാഹമുള്ളൂ. മറ്റെവിടേക്കും ഞങ്ങള്‍ക്ക് പോകാനില്ല. അത്രക്ക് ദുരിതത്തിലാണ് തങ്ങളുള്ളതെന്നും യുവാക്കള്‍ വ്യക്തമാക്കി.

തങ്ങളുടെ ദുരനുഭവങ്ങള്‍ യുവാക്കള്‍ വിവരിച്ചത് ഇങ്ങനെ: ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ 2010 ഫെബ്രുവരിയിലാണ് മൂവരും ജോലിക്ക് എത്തുന്നത്. കമ്പനിയില്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വാദേശിയാണ് ഇവര്‍ക്ക് വിസ അയച്ചുകൊടുത്തത്. ടിക്കറ്റിനടക്കം 55000 രൂപയോളം ചെലവായി. ഒന്നര വര്‍ഷം ജോലി ചെയ്ത ശേഷം ശമ്പളം കൂടുതലുള്ള മെച്ചപ്പെട്ട ജോലിയിലേക്ക് മാറാന്‍ താല്‍പര്യപ്പെട്ടു. കഴിഞ്ഞ മേയ് ആറിന് കമ്പനിയില്‍ രാജിക്കത്ത് നല്‍കി.സ്‌പോണ്‍സര്‍ക്ക് താല്‍പര്യമാണെങ്കില്‍ മാത്രം വിസ മാറാന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ കരാര്‍ പ്രകാരം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാമെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്. പിന്നീട് കമ്പനിയില്‍ വിളിപ്പിച്ച് ചില പേപ്പുറുകളില്‍ ഒപ്പിടാന്‍ പറഞ്ഞെങ്കിലും എംബസിയില്‍ കാണിച്ചപ്പോള്‍ തങ്ങള്‍ക്ക് പ്രതികൂലമായ കാര്യങ്ങളാണ് പേപ്പറിലുള്ളതെന്ന് മനസ്സിലായതിനാല്‍ ഒപ്പിട്ടില്ല.

തുടര്‍ന്ന് തങ്ങളോട് ജോലിക്ക് കയറേണ്ടതില്ലെന്ന് അര്‍ബാബ് നിര്‍ദേശിച്ചു. പ്രശ്‌നങ്ങള്‍ കാണിച്ച് എംബസിയില്‍ രേഖാമൂലം പരാതി നല്‍കി. എംബസി സ്‌പോണ്‍സറെ ബന്ധപ്പെട്ടപ്പോള്‍ ഓരോരുത്തരും 400 ദിനാര്‍ വീതം നല്‍കിയാല്‍ അവര്‍ക്ക് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോകാന്‍ അനുവാദം നല്‍കാമെന്ന് സ്‌പോണ്‍സര്‍ പറഞ്ഞു. തുടര്‍ന്ന് തങ്ങളുടെ പരാതി എംബസിയുടെ വക്കീലിന് കൈമാറി. ഇതിനിടയില്‍ എല്‍.എം.ആര്‍.എയില്‍ മൊബിലിറ്റി രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യം കമ്പനിയില്‍ അറിഞ്ഞപ്പോള്‍ തങ്ങളെ അങ്ങോട്ട് വിളിപ്പിച്ചു. നാല് ദിവസങ്ങള്‍ക്കകം 400 ദിനാര്‍ കിട്ടണമെന്നും ഇല്ലെങ്കില്‍ 1000 ദിനാര്‍ നല്‍കേണ്ടിവരുമെന്നും അറിയിച്ചു. ഇതിനിടയില്‍ തങ്ങള്‍ക്ക് മര്‍ദനവും ഏല്‍ക്കേണ്ടി വന്നു. പൊലീസ് സ്‌റ്റേഷനില്‍ പോയെങ്കിലും പരിക്ക് പ്രകടമായി കാണാതിരുന്നതിനാല്‍ കേസ് ചാര്‍ജ് ചെയ്തില്ല. ഹെല്‍ത്ത് സെന്ററില്‍ പോയി മെഡിക്കല്‍ റിപ്പോര്‍ട്ട് കൊണ്ടുവരാനാണ് സ്‌റ്റേഷനില്‍നിന്ന് പറഞ്ഞത്. ഇതുപ്രകാരം ഇസാടൗണ്‍ ഹെല്‍ത്ത് സെന്ററില്‍ പോയെങ്കിലും പരിക്ക് കാണാത്തതിനാല്‍ അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. പവിത്രന്‍ നീലേശ്വരവും നാസര്‍ മഞ്ചേരിയും സഹായിച്ചതുകൊണ്ട് പൊലീസ് ചില നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി. പൊലീസ് സ്‌പോണ്‍സറെ വിളിച്ച് സംസാരിച്ചപ്പോഴും 400 ദിനാര്‍ വേണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചത്. തങ്ങള്‍ താമസിക്കുന്ന ആലിയിലേക്ക് പോകാന്‍ ഭയമായതിനെ തുടര്‍ന്ന് റിഫയിലെ സുഹൃത്തിന്റെ റൂമിലേക്ക് താമസം മാറ്റി. കേസ് നടത്താന്‍ 97 ദിനാര്‍ അടക്കണമെന്ന് എംബസിയില്‍നിന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പലരില്‍നിന്നും കടം വാങ്ങി പണം നല്‍കി.

കഴിഞ്ഞ മാസം 19ന് കേസ് അനുകൂലമായി വിധിയായെങ്കിലും സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാന്‍ തയ്യാറായില്ല. മേല്‍കോടതിയില്‍ പോയപ്പോള്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായാണ് സ്‌പോണ്‍സര്‍ അറിയിച്ചത്. എംബസി ആവശ്യപ്പെട്ടതനുസരിച്ച് കോടതി വിധിയുടെ പകര്‍പ്പ് പലരില്‍നിന്നും കടം വാങ്ങി 27 ദിനാര്‍ കൊടുത്ത് പരിഭാഷപ്പെടുത്തി എംബസിക്ക് കൈമാറി.
സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡ്യൂപ്‌ളിക്കേറ്റ് പാസ്‌പോര്‍ട്ട് നല്‍കണമെന്ന് എംബസി അധികൃതരോട് തങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ സജീറിനെയും സലാമിനെയും സ്‌പോണ്‍സര്‍ ‘റണ്‍ എവേ’യില്‍ കുടുക്കി. മൊബിലിറ്റി രജിസ്റ്റര്‍ ചെയ്ത തങ്ങളെ ‘റണ്‍ എവേ’ ആക്കിയതെങ്ങനെയാണെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. എംബസിയുടെ വക്കീല്‍ വീണ്ടും സ്‌പോണ്‍സറെ ബന്ധപ്പെട്ടപ്പോള്‍ അവരുടെ ഓഫീസില്‍ ചെന്നാല്‍ പാസ്‌പോര്‍ട്ട് നല്‍കാമെന്ന് പറഞ്ഞു. പക്ഷേ, മര്‍ദനമേല്‍ക്കേണ്ടിവരുമെന്ന് ഭയന്ന് അതിന് തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് ഞായറാഴ്ച കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചിരിക്കുന്നത്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കയാണ് മൂന്ന് പേരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക