Image

ദുബായ് മാളില്‍ ലണ്ടനൊരുങ്ങി; സന്ദര്‍ശകര്‍ക്ക് ഒളിംപിക്‌സ് ഹരം

Published on 28 July, 2012
ദുബായ് മാളില്‍ ലണ്ടനൊരുങ്ങി; സന്ദര്‍ശകര്‍ക്ക് ഒളിംപിക്‌സ് ഹരം
ദുബായ്:വെള്ളിയാഴ്ച ദുബായ് മാള്‍ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് ലണ്ടനില്‍ പോകാതെ ഒളിംപിക്‌സ് ഉദ്ഘാടന മേള തത്സമയം കാണാനായി. ലോകം ഒന്നായിത്തീര്‍ന്ന മഹാ കായികമേളയ്ക്ക് തിരി തെളിഞ്ഞപ്പോള്‍ അത് ലോകത്തെ ഏറ്റവും വലിയ മാളിലെ ഐസ് റിങ്ങിലെ ഭീമന്‍ സ്‌ക്രീനില്‍ തെളിയുകയും കണ്ടു നിന്നവര്‍ക്ക് നേരിട്ട് ചെന്ന പ്രതീതിയുണ്ടാവുകയുമായിരുന്നു. 

മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ ആഘോഷം ഇന്നലെ(ശനി) പുലര്‍ച്ചെ വരെ എല്ലാവരും ആസ്വദിച്ചു. രാത്രി 10ന് ഒളിംപിക് പരേഡിന്റെ മാതൃകയില്‍ നടന്ന പരേഡോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. ഓഗസ്റ്റ് 12ന് ഒളിംപിക്‌സ് സമാപിക്കുംവരെ മാളിലെ ബിഗ് സ്‌ക്രീനില്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. യുഎഇ ദേശീയ ഒളിംപിക്‌സ് കമ്മിറ്റിയുടെ സഹകരണത്തോടെ ഇമാര്‍ റിട്ടെയ്ല്‍ ആണ് ആഘോഷം സംഘടിപ്പിച്ചത്.

1984ല്‍ അമേരിക്കയിലെ ിലൊസാഞ്ചല്‍സ് ഒളിംപിക്‌സ് മുതല്‍ തുടര്‍ച്ചയായി ഇത് ഏഴാം തവണയാണ് യുഎഇ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ചരിത്രത്തിലാദ്യമായി ആറ് ഇനിങ്ങളിലായി 30 അംഗ യുഎഇ ടീം പങ്കെടുക്കുന്നു. കഴിഞ്ഞ ദിവസം ദുബായ് മാളിലെ ദുബായ് അക്വേറിയം ആന്‍ഡ് അണ്ടര്‍വാട്ടര്‍ സൂവിലായിരുന്നു ടീമിന്റെ പ്രഖ്യാപനം നടന്നത്. പുരുഷന്മാരുടെ അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ഷൂട്ടിങ്, നീന്തല്‍, വെയ്റ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് ഇവര്‍ മാറ്റുരയ്ക്കുക. 

ചരിത്രത്തിലാദ്യമായി യുഎഇ ഫുട്‌ബോള്‍ ടീം ഒളിംപിക് ഫുട്‌ബോളില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഉറുഗ്വേയ്‌ക്കെതിരെ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഇത് യുഎഇയില്‍ വന്‍ ആവേശം പകര്‍ന്നിട്ടുണ്ട്. ചൈനയിലെ ഗ്വാന്‍ഗ്‌സുവില്‍ നടന്ന പതിനാറാമത് ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെങ്കലം നേടിയ ഷെയ്ഖ് ജുമാ അല്‍ മക്തൂമിലാണ് ഇപ്രാവശ്യം യുഎഇയുടെ മെഡല്‍ പ്രതീക്ഷ.

ദുബായ് മാളില്‍ ലണ്ടനൊരുങ്ങി; സന്ദര്‍ശകര്‍ക്ക് ഒളിംപിക്‌സ് ഹരം
ദുബായ് മാളിലെ ലണ്ടന്‍ ഒളിംപിക്‌സ് ആഘോഷത്തില്‍ നിന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക