Image

ഒറ്റക്കാലില്‍ പ്രസന്നന്റെ ഒറ്റയാള്‍ സമരം

Published on 27 July, 2012
ഒറ്റക്കാലില്‍ പ്രസന്നന്റെ ഒറ്റയാള്‍ സമരം
ദുബൈ: ഒരു വര്‍ഷവും മൂന്ന് മാസവുമായി പ്രസന്നന്‍ ഒറ്റയാള്‍ സമരം നടത്തുകയാണ്. തന്റെ ജീവിതം ഇരുളടഞ്ഞതാകാന്‍ കാരണക്കാരായ കമ്പനിയില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരമെങ്കിലും നേടിയെടുക്കാന്‍. ആ ലക്ഷ്യം ഇനിയും കൈവരിച്ചില്ലെങ്കിലും നാട്ടിലെത്താന്‍ കഴിയുന്നതിന്റെ നേരിയ ആശ്വാസമുണ്ട് മനസ്സില്‍. പക്ഷേ, സന്നദ്ധ സംഘടനയുടെ കാരുണ്യത്തില്‍ വീട്ടിലേക്കുള്ള വഴി തെളിയുമ്പോഴും ഭാവി ജീവിതം ഇയാള്‍ക്ക് മുന്നില്‍ കനത്ത ചോദ്യ ചിഹ്നമാവുകയാണ്.

ഒന്നേ കാല്‍ വര്‍ഷം മുമ്പ് ജോലിക്കിടെയുണ്ടായ അപകടത്തില്‍ മുറിച്ചുമാറ്റിയ ഒറ്റക്കാലുമായി റാസല്‍ഖൈമയിലെ ലേബര്‍ ക്യാമ്പില്‍ ഏകാന്ത ജീവിതം നയിക്കുകയാണ് പത്തനംതിട്ട റാന്നി സ്വദേശിയായ പ്രസന്നകുമാര്‍. കുന്നോളം പ്രതീക്ഷകളുമായി കടല്‍ കടന്നെത്തിയ നാട്ടില്‍ വെച്ചുണ്ടായ അപകടത്തില്‍ ഇടതു കാല്‍ എന്നെന്നേക്കുമായി നഷ്ടമായ താന്‍ നാട്ടിലെത്തി എങ്ങിനെയാണ് ജീവിതം തള്ളിനീക്കുകയെന്ന് ആലോചിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിയുന്നു. ഈ ദുരന്ത വര്‍ത്തമാനം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത വൃദ്ധ മാതാവ് തന്നെ വികലാംഗനായി കാണുന്ന രംഗം സങ്കല്‍പിക്കാന്‍ കഴിയുന്നില്ലെന്ന് പ്രസന്ന കുമാര്‍ പറഞ്ഞു.

2011 ഏപ്രില്‍ 26നായിരുന്നു പ്രസന്നന്റെ ജീവിതം മാറ്റി മറിച്ച ദുരന്തം. റാസല്‍ഖൈമയിലെ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ മിക്‌സിങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചു. സ്ഥാപനത്തില്‍ മെയിന്റനന്‍സ് ജീവനക്കാരില്ലാത്തതിനാല്‍ പതിവു പോലെ യന്ത്രം അറ്റകുറ്റ പണി നടത്തുന്ന ചുമതല പ്രസന്നനായിരുന്നു. യന്ത്രത്തിന് മുകളില്‍ കയറി നന്നാക്കാനുള്ള ശ്രമം നടത്തുന്നതിനിടെ അത് തനിയെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിനിടെ മെഷീനിലെ ഇരുമ്പു കയര്‍ വരിഞ്ഞു മുറുകി പ്രസന്നന്റെ ഇടത് കാല്‍ അറ്റു. ആദ്യം റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ നിന്ന് ദുബൈ റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. കാല്‍ പൂര്‍ണമായി ചതഞ്ഞിരുന്നതിനാല്‍ ഇത് തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. 50 ദിവസം അവിടെ കിടന്ന ശേഷമാണ് പ്രസന്നന്‍ വീല്‍ ചെയറില്‍ പുറത്തെത്തിയത്. ഇടത് കാല്‍ മുട്ടിന് താഴെ നഷ്ടപ്പെട്ടിരുന്നു.
ഇതോടെ ഇയാളുടെ ജീവിതം ദുരിതപൂര്‍ണമാവുകയായിരുന്നു.
ജോലിക്കിടെയുണ്ടായ ദുരന്തത്തില്‍ കാല്‍ നഷ്ടമായിട്ടും വേണ്ട വിധം സഹായിക്കാന്‍ കമ്പനി തയാറാകുന്നില്ലെന്ന് പ്രസന്നന്‍ പറയുന്നു. ഇന്‍ഷുറന്‍സ് വകയില്‍ 21,000 ദിര്‍ഹം അനുവദിച്ചതായുള്ള കടലാസില്‍ ഒപ്പുവെക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നിന്ന് 14,000 ദിര്‍ഹം ആശുപത്രി ചെലവ് കഴിച്ച് ബാക്കി നല്‍കുമെന്നായിരുന്നു കമ്പനി അധികൃതര്‍ അറിയിച്ചത്. ഏഴായിരം ദിര്‍ഹം കൊണ്ട് എങ്ങിനെയാണ് തനിക്ക് നാട്ടില്‍ പോയി ജീവിക്കാന്‍ കഴിയുകയെന്നാണ് പ്രസന്നന്‍ ചോദിക്കുന്നത്. കമ്പനി ജോലിക്കിടെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്ന തനിക്ക് ഈ നഷ്ടപരിഹാരം ഒന്നുമല്ലെന്ന് ചൂണ്ടിക്കാട്ടി, ഒമാന്‍ ഇന്‍ഷുറന്‍സിന്റെ രേഖകളില്‍ ഒപ്പുവെക്കാന്‍ ഇദ്ദേഹം തയാറായില്ല. ഒരു കാരണവശാലും ഇതില്‍ കൂടുതല്‍ കിട്ടാന്‍ അര്‍ഹതയില്ലെന്നായിരുന്നു കമ്പനിയുടെ പ്രതികരണം. ഒപ്പിടാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ പ്രതികാര നടപടികള്‍ തുടങ്ങിയതായി പ്രസന്നന്‍ പറഞ്ഞു. ഇതിനിടെ ഇദ്ദേഹം ഒളിച്ചോടിയതായി ലേബര്‍ കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന താന്‍ കമ്പനിയുടെ ക്യാമ്പില്‍ തന്നെയാണ് താമസിക്കുന്നതെന്ന് പ്രസന്നന്‍ നേരിട്ടെത്തി ബോധ്യപ്പെടുത്തിയതോടെ കോടതി കേസ് തള്ളുകയായിരുന്നു.
ക്യാമ്പില്‍ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് പ്രസന്നന്‍ വേദനയോടെ പറയുന്നു. കമ്പനി അധികൃതരുടെ പ്രതികാര നടപടി ഭയന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പോലും തന്നെ കാണാന്‍ വരാന്‍ മടിക്കുകയാണ്. പ്രയാസമാകേണ്ടെന്ന് കരുതി ആരെയും ബുദ്ധിമുട്ടിക്കന്‍ പോകാറില്ലെന്നും പ്രസന്നന്‍ പറയുന്നു. താമസിക്കുന്ന മുറിയില്‍ നിന്ന് ക്യാമ്പിന്റെ ഗേറ്റിലെത്താന്‍ പോലും ഒരു കി.മീറ്റര്‍ വീല്‍ ചെയറില്‍ സഞ്ചരിക്കണം. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും കമ്പനിയുടെ കനിവ് പ്രതീക്ഷിച്ചാണ് ഒന്നേ കാല്‍ വര്‍ഷത്തോളം ക്യാമ്പില്‍ കഴിച്ചുകൂട്ടിയത്. മതിയായ നഷ്ടപരിഹാരം നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരുന്നു. ഇവിടെ നിന്ന് ലഭിച്ച നിര്‍ദേശ പ്രകാരം തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ നടപടികള്‍ക്കുള്ള അധികാരം റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന് കൈമാറി നാട്ടിലേക്ക് പോകാനാണ് പ്രസന്നന്‍ ഉദ്ദേശിക്കുന്നത്. ഇദ്ദേഹത്തിന് നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈയവസ്ഥയില്‍ നാട്ടിലെത്തിയാലും എങ്ങിനെ ജീവിക്കുമെന്ന ചിന്ത പ്രസന്നനെ അലട്ടുകയാണ്. ഉദാരമതികളുടെ കനിവുകള്‍ ഇദ്ദേഹത്തിന് ഏറെ ആശ്വാസം പകരും.

കമ്പനി അധികൃതരുടെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് നടപടികളായിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രസന്നനെ നാട്ടിലയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി ഗോപകുമാര്‍ പറഞ്ഞു.

ഒറ്റക്കാലില്‍ പ്രസന്നന്റെ ഒറ്റയാള്‍ സമരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക