Image

ജോലിക്ക് പോയ സ്ത്രീ കുവൈറ്റില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് പരാതി

Published on 27 July, 2012
ജോലിക്ക് പോയ സ്ത്രീ കുവൈറ്റില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് പരാതി
കൊച്ചി: കുവൈറ്റില്‍ വീട്ടു ജോലിക്ക് പോയ സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി മരുമകന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പ്രമേഹം സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൃദയാഘാതം മൂലമാണ് പച്ചാളം എസ്.ആര്‍.എം. റോഡിലെ അന്നക്കാട് വീട്ടില്‍ മേരി ജോസഫ് (49) മരിച്ചതെന്നാണ് മൂന്നു ദിവസം മുന്‍പ് ഫോണില്‍ വിളിച്ചറിയിച്ചത്. പിന്നീട് വിളിക്കുമ്പോഴെല്ലാം വ്യത്യസ്തമായ കാരണങ്ങളാണ് കുവൈറ്റില്‍ നിന്നു ലഭിച്ചത്. അതിനാല്‍ മരണത്തിന്റെ പിന്നിലുള്ള ദൂരൂഹത അകറ്റണമെന്ന് കാട്ടിയാണ് കുമ്പളം സ്വദേശിയായ മേരിയുടെ മരുമകന്‍ ബഷീര്‍ പോലീസില്‍ പരാതി നല്‍കിയത്. 

കഴിഞ്ഞ മാസം 19നാണ് കുട്ടികളെ നോക്കാനുള്ള ജോലിക്കായി മേരി ജോസഫ് കുവൈറ്റിലേക്ക് പോയത്. ഒരാഴ്ച കഴിഞ്ഞ് മകന്‍ സില്‍വസ്റ്ററിനെ വിളിച്ച് ഇവിടെ വീട്ടു ജോലിയാണ് നല്‍കിയതെന്നും ജോലിഭാരം കൂടുതലാണെന്നും പറഞ്ഞിരുന്നു. എഗ്രിമെന്റ് പ്രകാരം ഒരു മൊബൈലും സിമ്മും നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടുത്തില്ല. കുവൈറ്റിലുള്ള സഹോദരിമാരെ ആഴ്ചയില്‍ ഒരിക്കല്‍ കാണാന്‍ അവസരം നല്‍കുമെന്നും എഗ്രിമെന്റില്‍ പറഞ്ഞിരുന്നതായും എന്നാല്‍ അതൊന്നും പാലിക്കപ്പെട്ടിരുന്നില്ലെന്നും കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലുണ്ട്. 

മേരി ജോസഫ് തിങ്കളാഴ്ച മരിച്ചെന്ന വിവരം ഫോണില്‍ അറിയിക്കുന്നത് വ്യാഴാഴ്ച മാത്രമാണ്. നാട്ടില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടി പോയ സ്ത്രീ ഒരു മാസത്തിനകം ഹൃദയാഘാതം മൂലം മരിച്ചെന്ന് അറിയിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബഷീര്‍ പറയുന്നു. പിന്നീട് താന്‍ വിളിച്ചപ്പോള്‍, സ്‌പോണ്‍സറുടെ വീട്ടില്‍ രണ്ടു ദിവസം അസുഖമായി കിടന്നെന്നും തുടര്‍ന്ന് കുവൈറ്റിലെ ഏജന്റായ കവിതയുടെ വീട്ടിലെത്തി രണ്ടാം ദിവസമാണ് മരിച്ചതെന്നുമാണ് വിവരം. ബന്ധുക്കള്‍ വിളിച്ചപ്പോള്‍ അസുഖം മൂലം പോലീസ് വാഹനത്തില്‍ ആസ്പത്രിയിലേക്ക് കൊണ്ടു പോയെന്നുമെല്ലാം അവ്യക്തമായ ചില മറുപടികള്‍ ലഭിച്ചു. ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ലഭ്യമായിട്ടും മരണവിവരം അറിയിക്കാന്‍ വൈകി. അവിടെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറയുന്നതിലും ദുരൂഹതയുണ്ട്. മേരിയുടെ മൃതദേഹം എത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. 

ജോലിക്ക് പോയ സ്ത്രീ കുവൈറ്റില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക