Image

സിറിയയില്‍ രൂക്ഷയുദ്ധം; അസദിന്റെ പതനം ആസന്നമെന്ന് യു.എന്‍. പ്രതിനിധി

Published on 27 July, 2012
സിറിയയില്‍ രൂക്ഷയുദ്ധം; അസദിന്റെ പതനം ആസന്നമെന്ന് യു.എന്‍. പ്രതിനിധി
ദമാസ്‌കസ്: പതിനാറ് മാസമായി ജനകീയ പ്രക്ഷോഭം തുടരുന്ന സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പതനം അടുത്തെന്ന് യു.എന്‍. പ്രതിനിധി അഭിപ്രായപ്പെട്ടു. തലസ്ഥാനമായ ദമാസ്‌കസിലും വാണിജ്യ നഗരമായ അലെപ്പോയിലും വിമതരുമായി രൂക്ഷ പോരോട്ടം നടക്കുന്നതിനിടെയാണ് സിറിയയിലെ മുന്‍ യു.എന്‍. നിരീക്ഷണ സംഘത്തലവന്‍ മേജര്‍ ജനറല്‍ റോബര്‍ട്ട് മൂഡ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. എന്നാല്‍, സംഘര്‍ഷം അതോടെ അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണകൂടം നടത്തുന്ന ശക്തമായ സൈനിക അടിച്ചമര്‍ത്തല്‍ പരാജയപ്പെടുന്നത് അസദിന്റെ തകര്‍ച്ച ആസന്നമായതിന്റെ സൂചനയാണെന്ന് മേജര്‍ ജനറല്‍ മൂഡ് പറഞ്ഞു. ദമാസ്‌കസില്‍ ഇരുവിഭാഗവും കൂട്ടക്കൊല നടത്തുന്നതിന്റെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ടെന്ന് യു.എന്‍. മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ നവി പിള്ള വ്യക്തമാക്കി. അലെപ്പോയിലെ ജനത കൂട്ടക്കൊല ഭീതിയില്‍ കഴിയുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്ല്യം ഹേഗ് പറഞ്ഞു. അലെപ്പോയില്‍ അത്യാവശ്യ ശുശ്രൂഷക്ക് ഡോക്ടര്‍മാര്‍ പോലുമില്ലാത്ത സാഹചര്യമാണെന്നാണ് റിപ്പോര്‍ട്ട്.

അലെപ്പോയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ വെള്ളിയാഴ്ച രാവിലെയും വന്‍ വ്യോമാക്രമണമുണ്ടായി. തുര്‍ക്കി അതിര്‍ത്തിയായ ഇഡ്‌ലിബ് പ്രവിശ്യയില്‍ നിന്നും അലെപ്പോയിലെത്തിയ ടാങ്കുകളുള്‍പ്പെടെയുള്ള സൈനിക വ്യൂഹത്തിന് നേരെ വിമതരുടെ ഭാഗത്തുനിന്ന് കനത്ത ആക്രമണമാണുണ്ടായത്. അലെപ്പോയ്ക്കുചുറ്റും ടാങ്കുകളും യുദ്ധവിമാനങ്ങളുള്‍പ്പെടെയുള്ളവയും വിന്യസിച്ചത് സൈന്യം വന്‍ കൂട്ടക്കൊലയ്ക്ക് തയ്യാറെടുക്കുന്നുവെന്നതിന് സൂചനയാണെന്ന് യു.എസ്. വിദേശകാര്യവകുപ്പ് അഭിപ്രായപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക