Image

മഴപെയ്യിക്കാന്‍ കര്‍ണാടക ചെലവിട്ടത് 17.5 കോടി

Published on 27 July, 2012
മഴപെയ്യിക്കാന്‍ കര്‍ണാടക ചെലവിട്ടത് 17.5 കോടി
ബാംഗ്ലൂര്‍: വരള്‍ച്ചാക്കെടുതിയില്‍ വലയുന്ന കര്‍ണാടകത്തില്‍ മഴപെയ്യിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒറ്റദിവസം ചെലവാക്കിയത് പതിനേഴരക്കോടി രൂപ. ഐശ്വര്യത്തിനും സമൃദ്ധിക്കുംവേണ്ടി ലക്ഷ്മിദേവിക്ക് അര്‍പ്പിക്കുന്ന വരമഹാലക്ഷ്മിപൂജാദിനത്തിലാണ് സര്‍ക്കാര്‍ മഴയ്ക്കുവേണ്ടി വന്‍തുക ചെലവിട്ട് പ്രാര്‍ഥിച്ചത്. കര്‍ണാടകത്തിലെ 40,000ത്തിലേറെ ക്ഷേത്രങ്ങളില്‍ വെള്ളിയാഴ്ച നടത്തിയ പൂജകള്‍ക്ക് സര്‍ക്കാറാണ് ചെലവുവഹിച്ചത്. ഒരുക്ഷേത്രത്തിന് ശരാശരി 5,000 രൂപവീതം ദേവസ്വംമന്ത്രി കോട്ടെ ശ്രീനിവാസപൂജാരി അനുവദിച്ചിരുന്നു.

പൂജയ്ക്കുവേണ്ടി കോടികള്‍ ചെലവഴിച്ച സര്‍ക്കാര്‍ നടപടിയില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സും ജനതാദളും ശക്തമായി പ്രതിഷേധിച്ചു. വരള്‍ച്ചാ ദുരിതാശ്വാസം ലഭ്യമാക്കാതെ കോടികള്‍ മുടക്കി പൂജകള്‍ നടത്തിയ സംഭവം നിയമസഭയിലും വന്‍ ഒച്ചപ്പാടിന് കാരണമായി

ദേവീകടാക്ഷമാണെങ്കിലും അല്ലെങ്കിലും വെള്ളിയാഴ്ച കര്‍ണാടകത്തിലെങ്ങും ശക്തമായ മഴലഭിച്ചു. ബാംഗ്ലൂര്‍, മൈസൂര്‍, ഷിമോഗ, ബെല്‍ഗാം, ഹുബ്ലി എന്നിവിടങ്ങളിലെല്ലാം കനത്തമഴയാണ് ലഭിച്ചത്.

അതിനിടെ, സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കുടിവെള്ളക്ഷാമവും വൈദ്യുതപ്രതിസന്ധിയും രൂക്ഷമായി. കഴിഞ്ഞദിവസം ചിലയിടങ്ങളില്‍ മഴ ലഭിച്ചിരുന്നെങ്കിലും ദുരിതത്തിന് അറുതിയായിട്ടില്ല. മഴയുടെ ലഭ്യതക്കുറവുമൂലം വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ സഹായം ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. 2,000 കോടി രൂപയുടെ ധനസഹായമാണ് കര്‍ണാടകം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക