Image

ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാനാവില്ലെന്ന് സുപ്രീംകോടതി

Published on 27 July, 2012
ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹജ്ജിനുള്ള സര്‍ക്കാര്‍ ക്വാട്ട വെട്ടിക്കുറച്ച ഉത്തരവ് നടപ്പാക്കുന്നത് അടുത്തവര്‍ഷംവരെ നിര്‍ത്തിവെക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ അഭ്യര്‍ഥന സുപ്രീംകോടതി തള്ളി. നിലവിലെ ഹജ്ജ്‌നയം പൂര്‍ണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പുതിയ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെക്കൂടി ഉള്‍ക്കൊള്ളുന്ന പുതിയ ഹജ്ജ്‌നയം അടുത്തവര്‍ഷംമുതല്‍ നടപ്പാക്കാനും ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായ് എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാറിന്റെ ഹജ്ജ്ക്വാട്ട സുപ്രീംകോടതി ഗണ്യമായി വെട്ടിക്കുറച്ചത്. 5050 ആയിരുന്ന വിവേചനക്വാട്ട 300 ആയി കുറച്ച കോടതി, ഹജ്ജ്കമ്മിറ്റിയുടെ ക്വാട്ടയും 500ല്‍ നിന്ന് 200 ആയി കുറച്ചിരുന്നു. ഈ തീരുമാനം അടുത്തകൊല്ലത്തേക്ക് ബാധകമാക്കി നീട്ടണമെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതിയും അഡ്വ. ഹാരീസ് ബീരാനും രണ്ടംഗബെഞ്ചിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍, സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കൊല്ലത്തെ ഹജ്ജ് നയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

അതേസമയം, ഇക്കൊല്ലത്തെ ഹജ്ജിന് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നിലവിലുള്ള പട്ടിക സുപ്രീംകോടതി അംഗീകരിച്ചു. ഹജ്ജ് തീര്‍ഥാടനത്തില്‍ ഏതാനും ഓപ്പറേറ്റര്‍മാരുടെ കുത്തക പറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പുതുതായി രംഗത്തുവരുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുകൂടി അവസരം ലഭിക്കുംവിധം ഹജ്ജ് നയത്തില്‍ മാറ്റം വരുത്തണം. കോടതിയുടെ ആശങ്കകൂടി കണക്കിലെടുത്ത് അടുത്തകൊല്ലത്തേക്ക് പുതിയനയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് അഫ്താബ് ആലം വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക