Image

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊല: ബ്രിട്ടീഷുകാരന് ജീവപര്യന്തം

Published on 27 July, 2012
ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊല: ബ്രിട്ടീഷുകാരന് ജീവപര്യന്തം
ലണ്ടന്‍: ബ്രിട്ടണിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയായിരുന്ന അനുജ് ബിദ്‌വ(23)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കിയാരണ്‍ സ്റ്റാപ്പിള്‍ടണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇയാള്‍ കുറഞ്ഞത് 30 വര്‍ഷം ജയിലില്‍ കിടക്കണമെന്ന് മാഞ്ചസ്റ്ററിലെ കോടതി വ്യക്തമാക്കി.

കൂട്ടുകാരോടൊപ്പം നടന്നുപോകുകയായിരുന്ന അനുജിനെ 'സൈക്കോ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്റ്റാപ്പിള്‍ടണ്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍വെച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 26ന് സാല്‍ഫഡിലെ തെരുവില്‍വെച്ച് ഒരു പ്രകോപനവുമില്ലാതെയായിരുന്നു വധം.

ബ്രിട്ടീഷുകാരനായ സ്റ്റാപ്പിള്‍ട്ടന്‍ വംശീയവിദ്വേഷം കൊണ്ടാണ് അനുജിനെ കൊലപ്പെടുത്തിയത് എന്നതിനു തെളിവില്ലെന്ന് കേസന്വേഷണത്തിന് നേതൃത്വംനല്‍കിയ പോലീസ്‌മേധാവി മേരി ഡോയ്ല്‍ വ്യക്തമാക്കിയിരുന്നു. ഏറെശ്രദ്ധനേടിയതും അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയായതുമായ കേസാണിത്. അഞ്ചാഴ്ചനീണ്ട വിചാരണക്കുശേഷമാണ് സ്റ്റാപ്പിള്‍ടണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇയാള്‍ മുമ്പ് ഇത്തരംസംഭവങ്ങളില്‍ പങ്കാളിയായിട്ടില്ലെന്ന് പോലീസ്പറഞ്ഞു.

മൈക്രോ ഇലക്‌ട്രോണിക്‌സില്‍ ബിരുദാനന്തര പഠനത്തിനായി അനുജ് സപ്തംബറിലാണ് ബ്രിട്ടണിലെത്തിയത്. കേസ്‌വാദിക്കുന്ന ഓരോ ദിവസവും മാതാപിതാക്കളായ സുഭാഷും യോഗിണിയും കോടതിയിലെത്തി മുന്‍നിരയില്‍ സ്ഥാനംപിടിച്ചിരുന്നു. എന്നാല്‍ സ്റ്റാപ്പിള്‍ടണിന്റെ മാതാപിതാക്കള്‍ കോടതിയിലെത്തിയിരുന്നില്ല.

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊല: ബ്രിട്ടീഷുകാരന് ജീവപര്യന്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക