Image

റസിഡന്‍സ്‌ വിസ: വൈദ്യ പരിശോധന കര്‍ശനമാക്കി

Published on 27 July, 2012
റസിഡന്‍സ്‌ വിസ: വൈദ്യ പരിശോധന കര്‍ശനമാക്കി
അബൂദബി: വിദേശികള്‍ക്ക്‌ റസിഡന്‍സ്‌ വിസ അനുവദിക്കാനുള്ള വൈദ്യ പരിശോധന കര്‍ശനമാക്കി. ആറ്‌ വിഭാഗങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ വീട്ടുജോലിക്കാര്‍ക്ക്‌ കര്‍ശന പരിശോധന നടത്തും. ഇതുസംബന്ധിച്ച്‌ 2010 ഒക്ടോബറിലെ മന്ത്രിസഭ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലുള്ള നടപടികള്‍ ശക്തമാക്കാന്‍ രാജ്യത്തെ എല്ലാ പ്രിവന്‍റീവ്‌ മെഡിസിന്‍സ്‌ക്രീനിങ്‌ സെന്‍ററുകള്‍ക്കും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

ബേബിസിറ്റര്‍മാര്‍, വീട്ടുജോലിക്കാര്‍, നഴ്‌സറികിന്‍റര്‍ഗാര്‍ട്ടന്‍ ജീവനക്കാര്‍, ബാര്‍ബര്‍ ഷോപ്പ്‌ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍, കഫ്‌തീരിയകളിലും റസ്‌റ്റോറന്‍റുകളിലും ഹെല്‍ത്ത്‌ ക്‌ളബുകളിലും ജോലി ചെയ്യുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്കാണ്‌ ഇത്‌ ബാധകം. ഇവര്‍ക്ക്‌ ഹെപ്പറ്റൈറ്റിസ്‌ബി പരിശോധന കര്‍ശനമാക്കും. വീട്ടുജോലിക്കാര്‍ക്ക്‌ ഹെപ്പറ്റൈറ്റിസ്‌ബി പ്രതിരോധ കുത്തിവെപ്പ്‌ നടത്തുന്നതില്‍ അതീവ ജാഗ്രത പാലിക്കണമെന്നും കൃത്യമായ ഇടവേളയില്‍ ഇതിനുള്ള വാക്‌സിന്‍ കുത്തിവെക്കണമെന്നുമാണ്‌ പ്രിവന്‍റീവ്‌ മെഡിസിന്‍സ്‌ക്രീനിങ്‌ സെന്‍ററുകള്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍െറ നിര്‍ദേശം. വീട്ടുജോലിക്കാര്‍ക്ക്‌ മൂന്നു ഡോസാണ്‌ കുത്തിവെക്കേണ്ടത്‌. ആദ്യ ഡോസ്‌ പുതിയ വിസയില്‍ ഇവിടെയെത്തി വൈദ്യ പരിശോധന നടത്തുന്ന സമയത്തും രണ്ടാം ഡോസ്‌ രണ്ടാമത്തെ മാസവും നല്‍കണം. ഇതുകഴിഞ്ഞ്‌ ആറു മാസമായാല്‍ മൂന്നാമത്തെ ഡോസ്‌ നല്‍കണം.

ഹെപ്പറ്റൈറ്റിസ്‌ബി പ്രതിരോധ കുത്തിവെപ്പ്‌ നടത്തിയത്‌ സംബന്ധിച്ച്‌ ഇവര്‍ക്ക്‌ ബന്ധപ്പെട്ട പ്രിവന്‍റീവ്‌ മെഡിസിന്‍സ്‌ക്രീനിങ്‌ സെന്‍ററില്‍നിന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണം. ഇത്‌ സൂക്ഷിച്ച്‌ വെക്കുകയും രണ്ടു വര്‍ഷം കഴിഞ്ഞ്‌ വിസ പുതുക്കുമ്പോള്‍ ഹാജരാക്കുകയും വേണം. ഓരോ തവണ കുത്തിവെപ്പ്‌ നടത്തിയതിന്‍െറയും തിയതിക്ക്‌ പുറമെ ഈ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയോ എന്നും ഇതുമായി ബന്ധപ്പെട്ട പ്രധാന കാര്യമുണ്ടെങ്കില്‍ അതും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം.

കുത്തിവെപ്പെടുക്കുന്നതില്‍ വീഴ്‌ച വരുത്തുന്നവര്‍ക്ക്‌ പിഴ ചുമത്തുമെന്ന്‌ ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ നയങ്ങള്‍ക്ക്‌ വേണ്ടിയുള്ള വിഭാഗം അസിസ്റ്റന്‍റ്‌ അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ്‌ ഫിക്രി മുന്നറിയിപ്പ്‌ നല്‍കി. 2010ല്‍ തീരുമാനം വന്നെങ്കിലും ഈ നടപടി പലപ്പോഴും വേണ്ടത്ര ഫലപ്രദമല്ലാത്ത സാഹചര്യത്തിലാണ്‌ ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയത്‌. ബേബിസിറ്റര്‍മാര്‍, വീട്ടുജോലിക്കാര്‍, നഴ്‌സറികിന്‍റര്‍ഗാര്‍ട്ടന്‍ ജീവനക്കാര്‍, ബാര്‍ബര്‍ ഷോപ്പ്‌ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍, കഫ്‌തീരിയകളിലും റസ്‌റ്റോറന്‍റുകളിലും ഹെല്‍ത്ത്‌ ക്‌ളബുകളിലും ജോലി ചെയ്യുന്നവര്‍, മറ്റു ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക്‌ വിസ പുതുക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ്‌, സിഫിലിസ്‌ പരിശോധനയുണ്ട്‌. ഇവര്‍ക്ക്‌ രോഗമുണ്ടായാല്‍ മറ്റുള്ളവരിലേക്ക്‌, പ്രത്യേകിച്ച്‌ കുഞ്ഞുങ്ങളിലേക്ക്‌ പകരാനുള്ള സാധ്യത കണക്കിലെടുത്താണിത്‌. പരിശോധനയില്‍ പരാജയപ്പെടുന്നവരെ നാട്ടിലേക്ക്‌ തിരിച്ചയക്കും. 2012 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ അബൂദബി എമിറേറ്റിലെ ഒമ്പത്‌ കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ 751 വിദേശികള്‍ പരാജയപ്പെട്ടിരുന്നു. എയ്‌ഡ്‌സ്‌, ഹെപ്പറ്റൈറ്റിസ്‌ബി, ട്യൂബര്‍കുലോസിസ്‌ (ടി.ബി), സിഫിലിസ്‌ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തിയതിനാല്‍ വിസ അനുവദിക്കാതെ മാതൃരാജ്യത്തേക്ക്‌ തിരിച്ചയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക