Image

ഖത്തറില്‍ അപകട മരണനിരക്ക്‌ 50 ശതമാനം കുറഞ്ഞു

എം.കെ. ആരിഫ്‌ Published on 27 July, 2012
ഖത്തറില്‍ അപകട മരണനിരക്ക്‌ 50 ശതമാനം കുറഞ്ഞു
ദോഹ: അപകടങ്ങളില്‍ അതീവ ഗുരുതരമായി പരുക്കേല്‍ക്കുന്നവരുടെ മരണ നിരക്ക്‌ 50 ശതമാനം കുറച്ചു കൊണ്‌ടു വരുന്നതില്‍ ഹമദ്‌ മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്‌എംസി) ട്രോമ കെയര്‍ സെന്ററിന്‌ നേട്ടം. അത്യധികം ഗുരുതരമായ പരുക്കേല്‍ക്കുന്നവരെ കൈകാര്യം ചെയ്യുന്നതിലും അവര്‍ക്ക്‌ മികച്ച ചികിത്സ്‌ വളരെ വേഗം ലഭ്യമാക്കുന്നതിലും വന്‍ കുതിപ്പാണ്‌ എച്ച്‌എംസി ക്ക്‌ നേടാനായത്‌. അമേരിക്കയ്‌ക്കു പുറത്ത്‌ പൂര്‍ണ്മമായ ട്രോമ കെയര്‍ സേവനം ലഭ്യമാവുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ്‌ ഖത്തര്‍. ട്രോമ കോയര്‍ ഡയറക്ടര്‍ ഡോ. ഹസന്‍ ആല്‍താനിയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ട്രോമ സേവനം തേടുന്ന രോഗികള്‍ ആശുപത്രിയില്‍ കഴിയുന്ന സമയം കുറയ്‌ക്കാനും സെന്ററിന്‌ കഴിഞ്ഞിട്ടുണ്‌ട്‌. 2007 ല്‍ ഇത്തരം രോഗികള്‍ ശരാശരി 12 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സ്ഥാനത്ത്‌ 2011 ല്‍ അത്‌ ശരാശരി എട്ടു ദിവസമായി കുറഞ്ഞിട്ടുണ്‌ട്‌. വിവിധ ട്രോമ രോഗികള്‍ക്ക്‌ ചികിത്സ ലഭ്യമാക്കാനായി വിവിധ വൈദ്യശാസ്‌ത്ര ശാഖകളിലെ വിദഗ്‌ദരായ ഡോക്ടര്‍മാരടങ്ങിയ ടീമാണ്‌ രോഗികള്‍ക്ക്‌ ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നത്‌. ഇതിനായി പ്രത്യേക രീതിതന്നെ സെന്റര്‍ വികസിപ്പിച്ചെടുത്തിട്ടുണ്‌ട്‌.

മേഖലയിലെ ഏറ്റവും മികച്ച ട്രോമ കെയര്‍ സംവിധാനമാണ്‌ ഖത്തറിലുള്ളത്‌. ട്രോമ കെയര്‍ സേവനം, രോഗി ആശുപത്രി വിടുന്നതേടെ അവസാനിക്കുന്നില്ലെന്നും രോഗി സമൂഹത്തിലേക്ക്‌ വീണ്‌ടും ഇഴുകിച്ചേരുന്നതുവരെ ഈ സേവനം തുടരുമെന്നും ഡോ. ഹസന്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം 5,300 രോഗികളേയാണ്‌ ട്രോമ കെയര്‍ സെന്ററിലെത്തുന്നത്‌. ഇതില്‍ 3,000 പേരെ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പ്രവേശിക്കുന്നുണ്‌ട്‌. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ മേഖലയില്‍ വാഹനാപകടങ്ങളില്‍ ജസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത്‌ ഖത്തറിലാണ്‌. ഒരു ലക്ഷം പേര്‍ക്ക്‌ 19 പേരാണ്‌ രാജ്യത്ത്‌ വാഹനാപകടങ്ങളില്‍ മരണമടയുന്നത്‌ ഡോ. ഹസന്‍ ആല്‍താനി വിശദീകരിച്ചു.

ഖത്തറിലെ ട്രോമ കെയര്‍ സെന്റര്‍ അമേരിക്കന്‍ കോളജ്‌ ഓഫ്‌ സര്‍ജന്‍സിന്റെ അന്താരാഷ്ട്ര നിലവാരമുള്ള ലെവല്‍ ഒന്ന്‌ നിലവാരം നേടാനുള്ള പരിശ്രമത്തിലാണ്‌. അമേരിക്കയിലെ അരിസോണ യൂണിവേഴ്‌സിറ്റിയിലെ സര്‍ജറി പ്രഫ. ഡോ. റിഫാത്‌ ലത്തീഫ്‌ 2010 ല്‍ എച്ച്‌എംസിയിലെത്തിയതോടെയാണ്‌ ഈ അംഗീകാരം നേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്‌.

രാജ്യം മുഴുവന്‍ അന്തരാഷ്ട്ര നിലവാരമുള്ള ട്രോമ കെയര്‍ സംവിധാനം ഉറപ്പാക്കാനുള്ള ആശുപത്രികള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും വിദഗ്‌ധ പരിശീലനം നേടിയ മാനവിക വിഭവശേഷി വികസിപ്പിച്ചെടുക്കുകയും പരിശീലനം സിദ്ധിച്ച സര്‍ജന്‍മാരെ രാജ്യത്തിനു പുറത്തേക്ക്‌ കയറ്റുമതി ചെയ്യുകയുമാണ്‌ തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്ന്‌്‌ ഡോ. ലത്തീഫ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക