Image

ഖത്തറില്‍ സൗജന്യ നോമ്പുതുറകള്‍ സജീവം

അഹമ്മദ് പാതിരിപ്പറ്റ Published on 27 July, 2012
ഖത്തറില്‍ സൗജന്യ നോമ്പുതുറകള്‍ സജീവം
ദോഹ: ഖത്തറില്‍ സൗജന്യ നോമ്പുതുറകള്‍ സജീവം. റംസാനില്‍ ഒരാളും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടരുതെന്ന ലക്ഷ്യത്തോടെയാണ് വിവിധ ജീവകാരുണ്യ പ്രസ്ഥാനങ്ങളും ഉദാരമനസ്‌കരായ ഖത്തര്‍ പൗരന്മാരും ചില പ്രമുഖ സ്ഥാപനങ്ങളും സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നത്.വരുമാനം കുറഞ്ഞ ലക്ഷക്കണക്കിനാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഖത്തര്‍ ചാരിറ്റി, ശൈഖ്ഈദ്ബിന്‍ മുഹമ്മദ് ചാരിറ്റി, റാഫ് എന്ന പേരിലറിയപ്പെടുന്ന ശൈഖ് താനിബിന്‍ അബ്ദുല്ലാ ഫൗണ്ടേഷന്‍, ഖത്തര്‍ റെഡ് ക്രസന്റ്, ടെലികോം കമ്പനികളായ ഖത്തര്‍ ടെലികോം (ക്യൂട്ടല്‍), വൊഡാഫോണ്‍, ദഖാത്ത്ഫണ്ട്, ഇസ്‌ലാമിക മന്ത്ര കാര്യാലയം തുടങ്ങി നിരവധി സംഘടനകളും സ്ഥാപനങ്ങളുമാണ് ആയിരക്കണക്കിനാളുകള്‍ക്ക് നോമ്പുതുറ സൗകര്യമൊരുക്കുന്നത്.

ഖത്തറിന്റെ പരമ്പരാഗതമായ (ഖൈമ) തമ്പുകള്‍ സ്ഥാപിച്ച് അകത്ത് ശീതീകരണ സൗകര്യമൊരുക്കിയാണ് നോമ്പുതുറക്കാനെത്തുന്നവരെ സ്വീകരിച്ചിരുത്തി മെച്ചപ്പെട്ട രീതിയിലുള്ള വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്.നാലുപേരെ വീതം ഒരു സുപ്രയ്ക്ക് ചുറ്റുമിരുത്തിയാണ് ഖത്തരി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. ചില സ്ഥലങ്ങളില്‍ പൊതികള്‍ ഓരോരുത്തര്‍ക്കായും വിതരണം ചെയ്തുവരുന്നുണ്ട്. ഭക്ഷണ വിഭവങ്ങളുടെ ദുര്‍വ്യയം ഒഴിവാക്കാന്‍ പൊതി സമ്പ്രദായം നടപ്പാക്കണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.

പള്ളികള്‍ കേന്ദ്രീകരിച്ചും ചില വ്യക്തികളുടെ വക സൗജന്യ നോമ്പുതുറകള്‍ നടക്കുന്നുണ്ട്. കോര്‍ണിഷിലുള്ള റെഡ് ക്രസന്റ് സൊസൈറ്റിയുടെ തമ്പില്‍, പ്രതിദിനം മൂവായിരത്തിലധികമാളുകളാണ് നോമ്പു തുറക്കാനെത്തുന്നത്.ആഭ്യന്തര മന്ത്രാലയം യാത്രക്കാര്‍ക്ക് റോഡില്‍ നിന്ന് നോമ്പുതുറക്കാനുള്ള ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തുവരുന്നു. ഖത്തര്‍ ടെലികോം, വൊഡാഫോണ്‍ തുടങ്ങി നിരവധി കമ്പനികളുടെ വകയായും നോമ്പുതുറ വേളയില്‍ വീട്ടിലെത്താന്‍ കഴിയാത്ത യാത്രക്കാര്‍ക്ക് വാഹനങ്ങളില്‍ നിന്ന് നോമ്പുതുറക്കാനുള്ള കിറ്റുകള്‍ വിതരണം ചെയ്യുന്നുമുണ്ട്. കാരയ്ക്കകളും വെള്ളവുമടങ്ങുന്നതാണ് കിറ്റുകള്‍.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം റംസാനില്‍ തമ്പുകളുടെ എണ്ണം കൂടുതലാണ്. ഖത്തറിലെ വിവിധ കേന്ദ്രങ്ങളില്‍, വിശിഷ്യാ ഉള്‍പ്രദേശങ്ങളില്‍ പോലും ഇഫ്താര്‍ തമ്പുകളുണ്ട്.വിവിധ രാജ്യക്കാര്‍ ഒന്നിച്ചിരുന്ന് നോമ്പുതുറന്ന് മഹത്തായ മാനവിക ഐക്യത്തിന്റെ സന്ദേശം കൈമാറുന്നു.

ഖത്തറില്‍ സൗജന്യ നോമ്പുതുറകള്‍ സജീവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക