Image

മറ്റെങ്ങുമില്ലാത്ത അവകാശങ്ങള്‍ ഇന്ത്യയില്‍: മാര്‍ ആലഞ്ചേരി

Published on 25 July, 2012
മറ്റെങ്ങുമില്ലാത്ത അവകാശങ്ങള്‍ ഇന്ത്യയില്‍: മാര്‍ ആലഞ്ചേരി
പിസ്‌കാറ്റ്‌ വേ, ന്യൂജേഴ്‌സി: ജാതിമത ഭേദമെന്യേ 30 സംഘടനകള്‍ സംയുക്തമായി ഒരുക്കിയ സ്വീകരണത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഒരു വാഗ്‌ദാനവും നല്‍കി. `ഇതുപോലെ ഐക്യത്തോടെയുള്ള സമ്മേളനം നടത്തിയാല്‍ എല്ലാവര്‍ഷവും താന്‍ വരാം. മറ്റു മതവിഭാഗങ്ങളുടെ നേതാക്കളേയും കൊണ്ടുവരാം.'

കര്‍ദ്ദിനാള്‍ പദവി ലഭിച്ച മാര്‍ അലഞ്ചേരിയെ അനുമോദിക്കാന്‍ എസ്‌.ബി കോളജ്‌, അസംപ്‌ഷന്‍ കോളജ്‌ പുര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മുന്‍കൈ എടുത്ത്‌ നടത്തിയതായിരുന്നു സ്വീകരണം. ട്രൈസ്റ്റേറ്റ്‌ മേഖലയിലെ എല്ലാ സംഘടനകളേയും സമ്മേളനത്തിന്റെ സംഘാടകരാക്കിയപ്പോള്‍ അതൊരു പുത്തന്‍തുടക്കം കുറിക്കുകയും ചെയ്‌തു.

സീറോ മലബാര്‍ സഭയുടെ അധ്യക്ഷനെങ്കിലും എസ്‌.ബി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി മാത്രമായി ആളുകളുമായി അടുത്തിടപഴകുകയും ആശയഗംഭീരമായ പ്രസംഗത്തിലൂടെ അദ്ദേഹം പങ്കെടുത്തവരുടെ മനംകവരുകയും ചെയ്‌തു.

ലോകത്തെ ഒന്നിപ്പിക്കുക എന്ന ദൗത്യത്തിലേക്ക്‌ ക്ഷണിക്കപ്പെട്ട രാജ്യമാണ്‌ ഇന്ത്യ എന്നദ്ദേഹം പറഞ്ഞു. ലോകത്ത്‌ മറ്റൊരു രാജ്യത്തും ഇല്ലാത്ത അവകാശങ്ങളാണ്‌ നമുക്ക്‌ ഇന്ത്യയില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത്‌. എല്ലാ മതങ്ങളും സംഗമിക്കുന്ന ഭാരതത്തില്‍ മതാത്മകമായ അന്തരീക്ഷത്തിലേക്കാണ്‌ നാം ജനിക്കുന്നതുതന്നെ. അറിഞ്ഞോ അറിയാതെയോ മറ്റു മതങ്ങളും നമ്മെ സ്വാധീനിക്കുന്നു. അവയിലെ നല്ല വശങ്ങള്‍ നാം സ്വാംശീകരിക്കുന്നു ലോകത്തെവിടെ ജീവിച്ചാലും നമ്മുടെ രാജ്യത്തെ വിശിഷ്‌ടമായ പാരമ്പര്യം നാം ഉള്‍ക്കൊള്ളണം.

യഹൂദര്‍ക്കെതിരേ ഭീകരാക്രമണമുണ്ടായപ്പോള്‍ സഹായവുമായി ഓടിയെത്തിയ കര്‍ദിനാളിന്റെ കാര്യം അദ്ദേഹം അനുസ്‌മരിച്ചു. എന്തുകൊണ്ടാണ്‌ ഇതിന്‌ തയാറായതെന്ന്‌ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ജന്മംകൊണ്ട്‌ താനും യഹൂദനായിരുന്നുവെന്നയാരുന്നു അദ്ദേഹത്തിന്റെ മറുപടി. വിശ്വാസംകൊണ്ട്‌ കത്തോലിക്കനും.

വിശ്വാസംകൊണ്ടും ജന്മംകൊണ്ടും നാം വ്യത്യസ്‌തരായിരിക്കാം. എന്നാല്‍ ദൈവത്തിന്റെ കാരുണ്യത്തിലും പ്രഭയിലും നാം ഒന്നാണ്‌. അതാണ്‌ നമ്മെ നയിക്കുന്നത്‌.

താന്‍ തക്കലയില്‍ ബിഷപ്പായി പോകുമ്പോള്‍ എന്‍.എസ്‌.എസ്‌ പ്രസിഡന്റായിരുന്ന പി.കെ. നാരായണ പണിക്കരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുകയുണ്ടായി. ഒരു ലക്ഷം രൂപ സമ്മാനമായും നല്‍കി. പണിക്കര്‍ മരിക്കുംവരെ അദ്ദേഹത്തെ ചെന്നു കാണുമായിരുന്നു.

എസ്‌.എന്‍.ഡി.പി അവരുടെ ഗുരുമന്ദിരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ഗുരുവിന്റെ പ്രതിമയ്‌ക്കു സമീപം തനിക്കുവേണ്ടി കസേരയിട്ടു. രണ്ടുവര്‍ഷം ഹിന്ദുമതം പഠിച്ച താന്‍ ഭഗവത്‌ഗീത ഇംഗ്ലീഷിലേക്ക്‌ തര്‍ജമ ചെയ്‌തു. പത്തില്‍ 9.8 മാര്‍ക്കും പ്രൊഫസര്‍ തനിക്ക്‌ നല്‍കി. തിയോളജി മാസ്റ്റേഴ്‌സിന്‌ തന്റെ ഗവേഷണം ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെപ്പറ്റിയായിരുന്നു. ഗുരുവിന്റെ സന്ദേശം ഒരുവിഭാഗം ജനതയെ ഒന്നിപ്പിക്കുകയും പുരോഗതിയിലേക്ക്‌ നയിക്കുകയും ചെയ്‌തു.

നാം തമ്മില്‍ ഭിന്നതകളുണ്ടെന്ന്‌ തോന്നാം. എന്നാല്‍ നാമെല്ലാം ദൈവത്തിന്റെ സന്താനങ്ങളാണ്‌. അതിനാല്‍ തന്നെ നാം മതാന്തരമായ കൂട്ടായ്‌മയും സംവാദവും പിന്തുടരണം.

മനുഷ്യരാശി ഒന്നാണ്‌. ദൈവീകമായ കണ്ണുകളിലൂടെ നോക്കുമ്പോള്‍ നാം എല്ലാറ്റിലും ഐക്യം കാണും. ദൈവമാണ്‌ അടിസ്ഥാനപരമായ ഉണ്‍മ. അവിടുത്തെ മക്കളാണ്‌ നമ്മള്‍. നമ്മെ ഒന്നിപ്പിക്കുന്നതും ഇതാണ്‌.

ക്രൈസ്‌തവ വിഭാഗങ്ങള്‍ തമ്മില്‍ ഐക്യത്തിനുവേണ്ടി ആത്മീയദാഹം നിലനില്‍ക്കുന്നുണ്ട്‌. ചരിത്രം നമ്മെ ഭിന്നിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഒന്നിക്കാന്‍ ആഗ്രഹിക്കുന്നു. ഒരിക്കല്‍ അത്‌ സംഭവിക്കും. കാരണം നമ്മള്‍ കൂടുതല്‍ വിനയാന്വിതരായി. മനുഷ്യര്‍ തമ്മിലും മതങ്ങള്‍ തമ്മിലും രാഷ്‌ട്രങ്ങള്‍ തമ്മിലും ഐക്യം ഉണ്ടാകട്ടെ.

സമ്മേളനത്തില്‍ പ്രസംഗിച്ചവരൊക്കെ തന്നെപ്പറ്റി വലിയ കാര്യങ്ങള്‍ പറഞ്ഞതുകേട്ടപ്പോള്‍ സന്തോഷം തോന്നി. പക്ഷെ അത്‌ അതിശയോക്തിയായിപ്പോയി എന്നതാണ്‌ സത്യം. മരിച്ചുകിടന്നയാളുടെ അപദാനങ്ങള്‍ വൈദീകന്‍ പറയുന്നതു കേട്ട്‌ സംശയിച്ച ഭാര്യയുടെ അവസ്ഥയാണ്‌ തനിക്ക്‌. വൈദീകന്‍ മരിച്ചയാളെപ്പറ്റി നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ മകളോട്‌ പറഞ്ഞു `മരിച്ചത്‌ അങ്ങേര്‌ തന്നെയാണോ?' എന്ന്‌ നോക്കാന്‍.

എങ്കിലും നല്ല സ്വീകരണത്തിനും അതിനു പിന്നിലെ ഐക്യബോധത്തിലും സന്തോഷമുണ്ട്‌. ബെര്‍ക്ക്‌മാന്‍സ്‌ സ്‌കൂളിന്റേയും കോളജിന്റേയും സന്താനമായ തനിക്ക്‌ അവിടെ പഠിച്ചതില്‍ ഏറെ സന്തോഷമുണ്ട്‌. എസ്‌.ബിയില്‍ പഠിച്ച്‌ അമേരിക്കയില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചതിന്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ആദരിച്ച ഡോ. ടോജോ തച്ചങ്കരി, ഡോ. വിന്‍സെന്റ്‌ കുട്ടമ്പേരൂര്‍, ഡോ. തോമസ്‌ ചക്കുപുരയ്‌ക്കല്‍ എന്നിവരെ അദ്ദേഹം അനുമോദിച്ചു.

ഇത്തരമൊരു സമ്മേളനത്തെപ്പറ്റി ചിന്തിക്കുകയും സാരഥ്യം നല്‍കുകയും ചെയ്‌ത റവ.ഡോ. കെ.കെ. കുര്യാക്കോസ്‌, ജയിന്‍ ജേക്കബ്‌ സി.പി.എ, അനിയന്‍ ജോര്‍ജ്‌ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ചെണ്ടേമേളം, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെയാണ്‌ കര്‍ദ്ദിനാളിനേയും മറ്റു വിശിഷ്‌ടാതിഥികളായ ഓര്‍ത്തഡോക്‌സ്‌ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കളാവോസ്‌, സീറോ മലബാര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഓര്‍ത്തഡോക്‌സ്‌ സഭാ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ന്യൂജേഴ്‌സി അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള, റോക്ക്‌ലാന്റ്‌ കൗണ്ടി ലജിസ്ലേറ്റര്‍ ആനി പോള്‍ തുടങ്ങിയവരെ വേദിയിലേക്കാനയിച്ചത്‌. റവ.ഡോ. കുര്യാക്കോസ്‌ ആമുഖ പ്രസംഗം നടത്തി.

വിവിധ സംഘടനകളെ ഒന്നിച്ചണിനിരത്തിയ ഈ ചടങ്ങ്‌ ചരിത്രം കുറിക്കുന്നതാണെന്ന്‌ സ്വാഗത പ്രസംഗം നടത്തിയ ജയിന്‍ ജേക്കബ്‌ പറഞ്ഞു. ഇത്തരമൊരു സ്വീകരണത്തെപ്പറ്റി താന്‍ ആദ്യം പറഞ്ഞപ്പോള്‍ പലരും നെറ്റിചുളിക്കുകയായിരുന്നു. എന്നാല്‍ 1964-ല്‍ എസ്‌.ബിയില്‍ നിന്ന്‌ ബി.എ ഇക്കണോമിക്‌സില്‍ ഒന്നാം റാങ്ക്‌ നേടിയ കര്‍ദ്ദിനാളിനെ അനുമോദിക്കാന്‍ ഇപ്പോള്‍ എല്ലാവരും ഒത്തുകൂടിയിരിക്കുന്നു.

അനിയന്‍ ജോര്‍ജ്‌, ഡോ. അശോക്‌ കുമാര്‍ എന്നിവരായിരുന്നു ചടങ്ങിലെ എം.സിമാര്‍. സീറോ മലബാര്‍ സഭയില്‍ മാര്‍ ആലഞ്ചേരി ഒഴിച്ചുള്ള മെത്രാന്മാരെ നേരത്തെ പരിചയമുണ്ടാരുന്നുവെന്നും അവരിലാരെങ്കിലും മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ആകുമെന്നുമാണ്‌ കരുതിയത്‌,
മാര്‍ കൂറിലോസ് പറഞ്ഞു.. മാര്‍ ആലഞ്ചേരി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന്‌ താന്‍ ചോദിച്ചപ്പോള്‍ ഇങ്ങനെയെ സംഭവിക്കുമായിരുന്നുള്ളു എന്നാണ്‌ മറ്റുള്ളവര്‍ പറഞ്ഞത്‌. ആഗോള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലേക്ക്‌ ഇന്ത്യ ഉയരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ദൈവസ്‌നേഹത്തിന്റേയും മനുഷ്യസ്‌നേഹത്തിന്റേയും പ്രതീകമാണ്‌ കര്‍ദ്ദിനാളെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പറഞ്ഞു. ഫോമാ പ്രസിഡന്റ്‌ എന്ന നിലയില്‍ വിവിധ വിഭാഗങ്ങളുമായി താന്‍ ഇടപഴകുന്നു. എന്നാല്‍ ഇവിടെ ഇപ്പോള്‍ മലയാളികളെ മാത്രമേ താന്‍ കാണുന്നുള്ളൂ. ഒരു മഹാ വ്യക്തിക്കു മാത്രമേ ഇത്തരമൊരു സ്വീകരണം ലഭിക്കൂ-ഊരാളില്‍ ചൂണ്ടിക്കാട്ടി.

സമ്മേളനത്തിനു മുമ്പ്‌ കര്‍ദിനാള്‍ തനിക്കായി ഒരുക്കിയിരുന്ന കസേര മാറ്റുകയും പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തത്‌ കണ്ടപ്പോള്‍ വിനയാന്വിതനായ ഇടയശ്രേഷ്‌ഠനെയാണ്‌ താന്‍ കണ്ടതെന്ന്‌ മാര്‍ നിക്കളാവോസ്‌ പറഞ്ഞു. സീറോ മലബാര്‍ സഭ, കത്തോലിക്കാ സഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്വതന്ത്ര സഭയാണ്‌. അത്‌ സുശക്തമായ കരങ്ങളിലാണെന്നതില്‍ തനിക്ക്‌ സംശയമില്ല. അദ്ദേഹത്തിന്റെ സന്ദര്‍ശനം 30 സംഘടനകളെ ഒന്നിച്ചുകൊണ്ടുവന്നു. സ്ഥിരമായി സന്ദര്‍ശിച്ചാല്‍ ഭിന്നതയേ ഇല്ലാതാകും- മാര്‍ നിക്കളാവോസ്‌ പറഞ്ഞു.

ഇത്തരമൊരു സ്വീകരണമൊരുക്കിയതിനെ മാര്‍ അങ്ങാടിയത്ത്‌ അഭിനന്ദിച്ചു.

ഏറ്റവും ആദ്യം ക്രൈസ്‌തവ സഭ ഉണ്ടായ പ്രദേശങ്ങളിലൊന്നാണ്‌ കേരളമെന്നും, കേരള സഭയ്‌ക്ക്‌ ലഭിച്ച അംഗീകാരമാണ്‌ മാര്‍ ആലഞ്ചേരിക്ക്‌ ലഭിച്ച കര്‍ദ്ദിനാള്‍ പദവിയെന്നും ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ ജോയി എണ്ണച്ചേരില്‍ പറഞ്ഞു. കത്തോലിക്കരുടെ മാത്രമല്ല കേരളത്തിലെ ക്രൈസ്‌തവരുടെയൊക്കെ കര്‍ദ്ദിനാളായ മാര്‍ ആലഞ്ചേരി സഭയുടെ ആഗോള അധ്യക്ഷപദവി തന്നെ നേടട്ടെ എന്ന്‌ പലരും ആശംസിച്ചു.

ഉപേന്ദ്ര ചിവുക്കുള, ആനി പോള്‍, ലീല മാരേട്ട്‌, ടെറന്‍സണ്‍ തോമസ്‌, അലക്‌സ്‌ വിളനിലം, അലക്‌സ്‌ മാത്യു, ടി.എസ്‌. ചാക്കോ, സജി പോള്‍, മാധവന്‍ നായര്‍ (നാമം), ജോസുകുട്ടി തോമസ്‌, ജോര്‍ജ്‌ ജോസഫ്‌, അലക്‌സ്‌ തോമസ്‌, ജോര്‍ജ്‌ മാത്യു, ജയിംസ്‌ ഇളംപുരയിടം, എല്‍ദോ പോള്‍, ജോജോ തോമസ്‌, വെരി റവ. പി.പി. സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ, തോമസ്‌ തോമസ്‌ തുടങ്ങി ഒട്ടേറെപ്പേര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അലുംനൈ അസോസിയേഷനുവേണ്ടി
ജോണ്‍ ചാക്കോ കര്‍ദ്ദിനാളിന്‌ സമ്മാനം നല്‍കി. കലാശ്രീ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ സാരഥി ബീനാ മേനോന്‍ കോറിയോഗ്രാഫ്‌ ചെയ്‌ത ക്രൈസ്‌തവ ഭക്തിനൃത്തം, ജീവധാരാ സ്‌കൂളിനുവേണ്ടി ജീവനും ജ്യോതിയും അവതരിപ്പിച്ച നൃത്തം, ജെ.എം. രാജു-ലത ദമ്പതികളുടെ ഗാനങ്ങള്‍ എന്നിവ സമ്മേളനത്തെ ഹൃദ്യമാക്കി.

പൂര്‍വ്വ വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ്‌ സ്വീകരിച്ച ഗ്രന്ഥകാരനായ ഡോ. ടോജോ തച്ചങ്കരി, ഇന്ത്യക്കാര്‍ ഏറ്റവും സമര്‍ത്ഥരാണെങ്കിലും സ്ഥാപനങ്ങളുടെ സി.ഇ.ഒമാര്‍ ആകുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി. അതിനു പ്രധാന കാരണം നിശബ്‌ദമായ പ്രവര്‍ത്തനശൈലിയാണ്‌ നമ്മുടേത്‌. നാം ഇവിടെയുള്ളവരെപ്പോലെ അഗ്രസീവും വിസിബിളുമായ പ്രവര്‍ത്തനരീതി പിന്തുടരാന്‍ മടിക്കുന്നു. അദ്ദേഹത്തെ ജോളി ജേക്കബ്‌ പരിചയപ്പെടുത്തി.

ശാസ്‌ത്രജ്ഞനായ ഡോ. തോമസ്‌ ചക്കുപുരയ്‌ക്കലിനെ സിജി ജോര്‍ജ്‌ പരിചയപ്പെടുത്തി. വിസ്‌കോണ്‍സിനില്‍ വന്‍കിട കണ്‍സ്‌ട്രക്ഷന്‍ കമ്പനി ഉടമയായ ഡോ. വിന്‍സെന്റ്‌ കുട്ടമ്പേരൂര്‍, ന്യൂക്ലിയര്‍
സയന്റിസ്റ്റായ താന്‍ ഈ രംഗത്തേക്ക്‌ വന്ന കഥ വിവരിച്ചു. നമ്മുടെ വിശ്വാസവും പ്രതീക്ഷയും അനുസരിച്ചാണ്‌ നാം വിജയങ്ങള്‍ നേടുന്നത്‌. ദൈവാനുഗ്രഹവും അര്‍പ്പണബോധവും കൂടിയായപ്പോള്‍ തനിക്ക്‌ നേട്ടങ്ങള്‍ കൈവരിക്കാനായി. ജയിംസ്‌ മുക്കാടന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി. ഡോ. ആനി കോശി നന്ദി പറഞ്ഞു.
മറ്റെങ്ങുമില്ലാത്ത അവകാശങ്ങള്‍ ഇന്ത്യയില്‍: മാര്‍ ആലഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക