Image

ലാല്‍ജോസ് ചിത്രം തുടങ്ങി

Published on 26 July, 2012
ലാല്‍ജോസ് ചിത്രം തുടങ്ങി
അയാളും ഞാനും തമ്മില്‍....ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരാണിത്. പ്രകാശ് മൂവിടോണിന്റെ ബാനറില്‍ പ്രേം പ്രകാശ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒറ്റപ്പാലത്തിനടുത്തുള്ള വാണിയംകുളത്തെ പ്രശസ്തമായ പി.കെ. ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഇവിടെനടന്ന ലളിതമായ ചടങ്ങില്‍വച്ച് മിസിസ് ഡെയ്‌സി പ്രേം പ്രകാശ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. പ്രേം പ്രകാശ് ഫസ്റ്റ് ക്ലാപ്പടിച്ചു. റിമ കല്ലുങ്കല്‍ ആദ്യഷോട്ടില്‍ അഭിനയിച്ചു. മെഡിക്കല്‍ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടെ കഥ പറയുകയാണ് ലാല്‍ ജോസ് ഈ ചിത്രത്തിലൂടെ. മെഡിക്കല്‍ രംഗം വെറും പശ്ചാത്തലം മാത്രമേ ആകുന്നുള്ളുവെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ ബോബി പറഞ്ഞു. സഹോദരങ്ങള്‍കൂടിയായ ബോബി സഞ്ജയ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നരേന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികാനിരയില്‍ മൂന്നുപേരുണ്ട്. റിമാ കല്ലുങ്കല്‍, രമ്യാ നമ്പീശന്‍, സവൃതാ സുനില്‍ എന്നിവര്‍.

പ്രതാപ് പോത്തന്‍ ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ ഡോ. സാമുവല്‍ എന്ന കഥാപാത്രത്തെയാണ് പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്നത്. ഒരു ജൂനിയര്‍ ഡോക്ടറും സീനിയര്‍ ഡോക്ടറും തമ്മില്‍ ആത്മബന്ധത്തിലുണ്ടാകുന്ന വിള്ളലുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇതിലെ മറ്റു കഥാപാത്രങ്ങള്‍കൂടി ഇറങ്ങിത്തിരിക്കേണ്ടിവരുന്നു. രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ കഥ അവതരിപ്പിക്കുന്നത്. ഇതിലെ ജൂനിയര്‍ ഡോക്ടറായ രവി തരകനെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു.

കലാഭവന്‍ മണി, സലിംകുമാര്‍, മാണി സി. കാപ്പന്‍, അനില്‍ മുരളി, സുരഭി, രാമു, പ്രേം പ്രകാശ്, മാസ്റ്റര്‍ ആകാശ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- ഗോകുല്‍ ദാസ്. മോഹന്‍ദാസ് മേക്കപ് നിര്‍വഹിക്കുന്നു. ശ്രീജിത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം- ഷീബാ രോഹന്‍, അസോസിയേറ്റ് ഡയറക്ടര്‍- രഘുരാമവര്‍മ്മ, സിബി ജോസ് ചാലിശേരി.കൊച്ചി, കോട്ടയം, തിരുവല്ല, മൂന്നാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ഈ ചിത്രം സെഞ്ചുറി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.



ലാല്‍ജോസ് ചിത്രം തുടങ്ങി
Rima Kallingkal
ലാല്‍ജോസ് ചിത്രം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക