Image

പ്രവാസി പെന്‍ഷന്‍ പദ്ധതി: ഗള്‍ഫിലെ ആദ്യ എന്‍റോള്‍മെന്‍റ്‌ സെന്‍റര്‍ ദുബായില്‍

Published on 26 July, 2012
പ്രവാസി പെന്‍ഷന്‍ പദ്ധതി: ഗള്‍ഫിലെ ആദ്യ എന്‍റോള്‍മെന്‍റ്‌ സെന്‍റര്‍ ദുബായില്‍
അബൂദബി: ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ നടപടി തുടങ്ങി. ഇതിനുവേണ്ടി ഗള്‍ഫിലെ ആദ്യ എന്‍റോള്‍മെന്‍റ്‌ സെന്‍റര്‍ ദുബൈയില്‍ സ്ഥാപിക്കും. ഇതുസംബന്ധിച്ച ഔദ്യാഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.

ഗള്‍ഫിലെ ആദ്യ എന്‍റോള്‍മെന്‍റ്‌ സെന്‍റര്‍ യു.എ.ഇയില്‍ ആരംഭിക്കാനാണ്‌ ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയം തീരുമാനിച്ചത്‌. യു.എ.ഇയിലെ ഇന്ത്യക്കാരില്‍ 75 ശതമാനം ദുബൈ, വടക്കന്‍ എമിറേറ്റുകളിലായതിനാലാണ്‌ ദുബൈയില്‍ സെന്‍റര്‍ സ്ഥാപിക്കുന്നത്‌. അവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വര്‍ക്കേഴ്‌സ്‌ റിസോഴ്‌സ്‌ സെന്‍ററി (ഐ.ഡബ്‌ളിയു.ആര്‍.സി)ന്‍െറ ഭാഗമായി പുതിയ കേന്ദ്രം തുറക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്‌ പറഞ്ഞു. ജൂലൈ 21ന്‌ കൊച്ചിയിലും തിരുവനന്തപുരത്തും എന്‍റോള്‍മെന്‍റ്‌ സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്‌.
ഈ വര്‍ഷം ജനുവരിയില്‍ ജയ്‌പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിലാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ ശ്രമഫലമായി വിദേശത്തെ ഇന്ത്യക്കാര്‍ക്ക്‌ ആവിഷ്‌കരിച്ച പദ്ധതിയുടെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക ഗള്‍ഫിലുള്ളവര്‍ക്കാണ്‌. മറ്റു വിദേശ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഗള്‍ഫിലുള്ളവരില്‍ ഭൂരിഭാഗവും വരുമാനം കുറഞ്ഞവരാണ്‌ എന്നതാണ്‌ ഇതിന്‌ കാരണം. പ്രത്യേകിച്ച്‌ വീട്ടുവേലക്കാരികള്‍, ഹൗസ്‌ െ്രെഡവര്‍മാര്‍, തോട്ടത്തിലും മറ്റും ജോലി ചെയ്യുന്നവര്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക്‌ സഹായമാകും.

ഇന്ത്യയില്‍നിന്ന്‌ വിദേശത്ത്‌ ജോലിക്ക്‌ പോകാന്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സ്‌ ആവശ്യമുള്ള (ഇ.സി.ആര്‍) വിഭാഗങ്ങളിലുള്ളവരെയാണ്‌ മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന പേരിലുള്ള പെന്‍ഷന്‍ ആന്‍ഡ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഫണ്ട്‌ (പി.എല്‍.ഐ.എഫ്‌) പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. അവിദഗ്‌ധര്‍ക്കും വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കുമാണ്‌ ഇ.സി.ആര്‍ പാസ്‌പോര്‍ട്ട്‌ നല്‍കുന്നത്‌. പദ്ധതിയില്‍ വനിതകള്‍ക്ക്‌ പ്രത്യേക പരിഗണനയുണ്ട്‌.

പെന്‍ഷന്‍, ഭാവിയിലേക്കുള്ള നിക്ഷേപം, ലൈഫ്‌ ഇന്‍ഷുറന്‍സ്‌ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുള്ളതാണ്‌ പദ്ധതി. വാര്‍ധക്യ കാലത്ത്‌ പെന്‍ഷന്‍, പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയാല്‍ പുനരധിവാസ സഹായം, മരണമുണ്ടായാല്‍ ആശ്രിതര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ സംഖ്യ എന്നിങ്ങനെയാണിത്‌. നിശ്ചിത കാലപരിധിയില്‍ ഇന്ത്യക്ക്‌ പുറത്തെ സ്വാഭാവിക മരണത്തിന്‌ ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുണ്ടെന്നതാണ്‌ പദ്ധതിയുടെ പ്രധാന നേട്ടം.

പദ്ധതിയില്‍ ചേരുന്നവര്‍ക്ക്‌ പെന്‍ഷന്‍ വിഹിതമായി വര്‍ഷത്തില്‍ 1,000 രൂപ മുതല്‍ 12,000 രൂപ വരെ അടക്കാം. പുനരധിവാസ ഇനത്തില്‍ പ്രതിവര്‍ഷം 4,000 രൂപയാണ്‌ അടക്കേണ്ടത്‌. ഇതില്‍ കൂടുതലും അടക്കാവുന്നതാണ്‌.

കേന്ദ്ര സര്‍ക്കാറിന്‍െറ പെന്‍ഷന്‍ വിഹിതമായി പുരുഷന്‍മാരുടെ പേരില്‍ വര്‍ഷത്തില്‍ 1,000 രൂപയും വനിതകളുടെ പേരില്‍ വര്‍ഷത്തില്‍ 2,000 രൂപയും നിക്ഷേപിക്കും. പുനരധിവാസ ഇനത്തിലെ വ്യക്തിഗത നിക്ഷേപത്തിന്‍െറ 25 ശതമാനം സര്‍ക്കാറിന്‍െറ വാര്‍ഷിക വിഹിതമുണ്ടാകും. എങ്കിലും പ്രതിവര്‍ഷം പരമാവധി 1,000 രൂപയാണ്‌ സര്‍ക്കാറിന്‍െറ വാര്‍ഷിക വിഹിതം.

18 മുതല്‍ 50 വരെ വയസ്സുള്ളവരെയാണ്‌ പദ്ധതിയില്‍ ചേര്‍ക്കുക. അംഗങ്ങളായവര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുക, അല്ലെങ്കില്‍ പദ്ധതിയില്‍ അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാക്കുക, ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത്‌ അതുവരെയാണ്‌ പെന്‍ഷന്‍, പുനരധിവാസ ഫണ്ട്‌ എന്നിവയിലേക്ക്‌ സര്‍ക്കാറിന്‍െറ വിഹിതം അടക്കുക.
പ്രവാസി പെന്‍ഷന്‍ പദ്ധതി: ഗള്‍ഫിലെ ആദ്യ എന്‍റോള്‍മെന്‍റ്‌ സെന്‍റര്‍ ദുബായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക