Image

പ്രവാസികളുടെ സ്വര്‍ണ്ണാഭരണങ്ങളുടെ കണക്ക്‌ വിമാനത്താവളങ്ങളില്‍ രേഖപ്പെടുത്തുന്നത്‌ കര്‍ശനമാക്കി

Published on 26 July, 2012
പ്രവാസികളുടെ സ്വര്‍ണ്ണാഭരണങ്ങളുടെ കണക്ക്‌ വിമാനത്താവളങ്ങളില്‍ രേഖപ്പെടുത്തുന്നത്‌ കര്‍ശനമാക്കി
തിരുവനന്തപുരം: വിദേശത്തേക്ക്‌ പുറപ്പെടും മുമ്പ്‌ യാത്രക്കാര്‍ കൈവശം വെക്കുന്ന ആഭരണങ്ങള്‍ അടക്കമുള്ള സ്വര്‍ണത്തിന്‍െറ അളവ്‌ രേഖപ്പെടുത്തുന്ന നടപടി ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കര്‍ശനമാക്കി.

സ്‌ത്രീ പുരുഷന്മാര്‍ ശരീരത്തില്‍ അണിഞ്ഞതും കൈവശം സൂക്ഷിക്കുന്നതുമായ സ്വര്‍ണം സംബന്ധിച്ചാണ്‌ വിദേശത്തേക്ക്‌ യാത്ര പുറപ്പെടുംമുമ്പ്‌ വിമാനത്താവളങ്ങളില്‍ വിവരം നല്‍കേണ്ടത്‌. എമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ്‌ കസ്റ്റംസ്‌ സറ്റാമ്പിങ്‌ നടത്തുന്ന കൗണ്ടറിലാണ്‌ സ്വര്‍ണം സംബന്ധിച്ചുള്ള പ്രസ്‌താവന രേഖാമൂലം നല്‍കേണ്ടത്‌. കൈവശം എത്ര സ്വര്‍ണമുണ്ടെങ്കിലും അത്‌ രേഖപ്പെടുത്താം. അവിടെനിന്ന്‌ ലഭിക്കുന്ന സ്‌ളിപ്പ്‌ കൈവശം സൂക്ഷിച്ചാല്‍ തിരിച്ചുപോകുമ്പോള്‍ അത്രയും സ്വര്‍ണത്തെ കുറിച്ച പൊല്ലാപ്പില്‍നിന്ന്‌ രക്ഷപ്പെടാം. സ്‌ളിപ്പ്‌ കൈമോശം വന്നാലും രേഖപ്പെടുത്തിയ വിവരങ്ങള്‍ പാസ്‌പോര്‍ട്ടുടമയുടെ പേരില്‍ ഡിജിറ്റല്‍ രേഖയായി കസ്റ്റംസിലുണ്ടായിരിക്കും. ഇങ്ങനെ ഡിക്‌ളയര്‍ ചെയ്‌ത അളവിനോടൊപ്പം നിയമം അനുശാസിക്കുന്ന പരിധിയും കടന്നാലാണ്‌ കസ്റ്റംസ്‌ നികുതി കൊടുക്കേണ്ടിവരുക.

കഴിഞ്ഞയിടെ കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എം.പിമാര്‍ പ്രധാനമന്ത്രിയെ കണ്ട്‌ നിയന്ത്രണം നീക്കുകയോ പരിധി ഉയര്‍ത്തുകയോ ചെയ്യണമെന്ന്‌ ആവശ്യപ്പെടുകയും പ്രധാനമന്ത്രി അനുകൂലമായി പ്രതികരിക്കുകയും ചെയ്‌തിരുന്നു. ഇതിനുശേഷമാണ്‌ വിദേശത്തേക്ക്‌ പോകുന്നവരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ കസ്റ്റംസ്‌ കൗണ്ടറില്‍ രേഖപ്പെടുത്തണമെന്ന നേരത്തെ തന്നെയുള്ള നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയത്‌. ശരീരത്തില്‍ ധരിച്ചിരുന്ന ആഭരണങ്ങളുടെ പേരില്‍ റിയാദില്‍നിന്നുള്ള രണ്ട്‌ മലയാളി വീട്ടമ്മമാരെ മണിക്കൂറുകളോളം നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞുനിറുത്തി ചോദ്യം ചെയ്യുകയും വന്‍തുക കസ്റ്റംസ്‌ തീരുവ ആവശ്യപ്പെടുകയും ചെയ്‌ത സംഭവം വിവാദമായിരുന്നു.
പ്രവാസികളുടെ സ്വര്‍ണ്ണാഭരണങ്ങളുടെ കണക്ക്‌ വിമാനത്താവളങ്ങളില്‍ രേഖപ്പെടുത്തുന്നത്‌ കര്‍ശനമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക