Image

പുതുക്കിപ്പണിത ലോസ്‌ ആഞ്ചലസ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയം കൂദാശ ചെയ്യപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 25 July, 2012
പുതുക്കിപ്പണിത ലോസ്‌ ആഞ്ചലസ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയം കൂദാശ ചെയ്യപ്പെട്ടു
ലോസ്‌ ആഞ്ചലസ്‌: മലങ്കര അതിഭദ്രാസനത്തിലെ പ്രസിദ്ധമായ കാലിഫോര്‍ണിയായിലെ പുതുക്കിപ്പണിത ലോസ്‌ ആഞ്‌ജലസ്സ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ പുന:പ്രതിഷ്‌ഠയും കൂദാശയും 2012 ജൂലൈ 14 ശനിയാഴ്‌ച ആര്‍ച്ചുബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയാല്‍ നിര്‍വ്വഹിക്കപ്പെട്ടു. ഇതോടനുബന്ധിച്ച്‌ ആര്‍ച്ചുബിഷപ്പ്‌ മോര്‍ തീത്തോസിന്റെ പ്രധാനകാര്‍മ്മികത്വത്തില്‍ അനുഷ്‌ഠിച്ച വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്‌ക്ക്‌ റവ.ഫാ. കുര്യന്‍ പുതുക്കയില്‍, റവ.ഫാ.തോമസ്‌ കോര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വെസ്റ്റേണ്‍ ആര്‍ച്ചുഡയോസീസിന്റെ ആര്‍ച്ചുബിഷപ്പ്‌ അഭി. മോര്‍ ക്ലീമീസ്‌ കാപ്ലന്‍ തിരുമേനിയും സന്നിഹിതനായിരുന്നു.

സുറിയാനി സഭയ്‌ക്കും അതിന്റെ അതിഭദ്രാസനത്തിനും അഭിമാനമായി അമേരിക്കന്‍ ഐക്യനാടുകളുടെ പശ്ചിമ തീരദേശത്ത്‌ (Situated at 10034 Laurel Ave., Whittier, CA. 90605) നിലകൊള്ളുന്ന ദേവാലയമായ ലോസ്‌ ആഞ്ചലസ്‌ സെന്റ്‌ മേരീസ്‌ സുറിയാനിപ്പള്ളി. 1994 ല്‍ ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരി.പാത്രിയര്‍ക്കീസ്‌ ബാവായാല്‍?വി.ദൈവമാതാവിന്റെയും ,വി.ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ (മഞ്ഞിനിക്കര) ബാവായുടേയും , മലങ്കരയുടെ പ്രഥമ വിശുദ്ധനായ?പരുമലയില്‍ കബറടങ്ങിയിരിക്കുന്ന ചാത്തുരുത്തില്‍ ഗ്രീഗോറിയോസ്‌ ബാവായുടെയും നാമങ്ങളില്‍ വി.മൂറോന്‍ കൂദാശ ചെയ്‌ത്‌ വിശുദ്ധീകരിക്കപ്പെട്ട ത്രോണോസ്സുകള്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം പുതുക്കിപ്പണിത്‌ വിസ്‌തൃതപ്പെടുത്തുവാന്‍ വികാരി റവ.ഫാ.സാബു തോമസിന്റെയും ബില്‍ഡിങ്ങ്‌ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഇടവകക്കാര്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷമായി അതിപരിശ്രമത്തിലായിരുന്നു. ഏറ്റവും കലാവിരുതോടെ രൂപപ്പെടുത്തിയ വിശുദ്ധ ത്രോണോസ്സുകളുടെയും പള്ളിയുടെ ഉള്‍ഭാഗത്തിന്റേയും പണികള്‍ക്കു വേണ്ടിയുള്ള സാധനസാമിഗ്രികള്‍ മലങ്കരയില്‍ നിന്നും കാലേക്കൂട്ടി കൊണ്ടുവരികയായിരുന്നു. സ്ഥലപരിമിതിയുടെ കുറവുകള്‍ പരിഹരിക്കുവാന്‍ വിസ്‌തൃതപ്പെടുത്തിയ സെന്റ്‌ മേരീസ്‌ ദേവാലയം ഇപ്പോള്‍ രണ്ടു നിലകളായി സഭാമക്കള്‍ക്ക്‌ അഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു.

1982 ഡിസംബര്‍ 12-ന്‌ ആദ്യ വി.കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു സ്ഥാപിതമായ ദേവാലയത്തില്‍ ആദ്യം ബഹു.പരത്തുവയലില്‍ ജോര്‍ജ്ജ്‌ കശീശ്ശയും, പിന്നീട്‌ റവ.മാണി രാജന്‍ അച്ചനും (ഇപ്പോള്‍ വെരി.റവ.ഡോ. മാണി രാജന്‍ കോറെപ്പിസ്‌ക്കോപ്പാ) വികാരിമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്‌. സഭയുടെ ആരാധനാക്രമങ്ങളുടെ പുഷ്ടിക്കുവേണ്ടി പല പ്രസിദ്ധീകരണങ്ങളും സമര്‍പ്പിക്കുവാന്‍ ഇടവകയ്‌ക്കു സാധിച്ചിട്ടുള്ളത്‌ ഏവര്‍ക്കും അറിവുള്ളതാണ്‌. അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ യേശു മോര്‍ അത്താനാസ്യോസ്‌ തിരുമേനിയുടെയും, വെസ്റ്റേണ്‍ ആര്‍ച്ചുഡയോസീസിന്റെ ഇപ്പോഴത്തെ അര്‍ച്ചുബിഷപ്പ്‌ മോര്‍ ക്ലീമീസ്‌ കാപ്ലന്‍ തിരുമേനിയുടെയും സ്‌നേഹവാത്സല്യങ്ങള്‍ ഈ ഇടവകയുടെ ബാല്യദശയില്‍ ലഭ്യമായതും , ഇപ്പോള്‍ അഭി.ആര്‍ച്ചുബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ സ്‌തുത്യര്‍ഹമായ നേതൃത്വത്താലും ബഹു.വികാരി സാബു തോമസ്‌ ചോരാറ്റില്‍ അച്ചന്റെ സമര്‍പ്പണ സേവനത്താലും ഉത്തരോത്തരം വളരുന്നതും , ദൈവത്തിന്റെ മഹാകരുണയെന്ന്‌ ഏവരും ഉറച്ച്‌ വിശ്വസിക്കുന്നു.
Please visit : http://www.stmarysla.org/Index.html, To view photos of the consecration click here or http://malankara.com/church/node/1310

മലങ്കര ആര്‍ച്ചുഡയോസീസിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസില്‍ നിന്നും ഷെവ.ബാബു ജേക്കബ്‌ നടയില്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
പുതുക്കിപ്പണിത ലോസ്‌ ആഞ്ചലസ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയം കൂദാശ ചെയ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക