Image

മുക്കത്ത് ഗൃഹനാഥനെ കെട്ടിയിട്ട് ആഭരണവും പണവും കവര്‍ന്നു

Published on 25 July, 2012
മുക്കത്ത് ഗൃഹനാഥനെ കെട്ടിയിട്ട് ആഭരണവും പണവും കവര്‍ന്നു

മുക്കം: ഗൃഹനാഥനെ കെട്ടിയിട്ടശേഷം അമ്മയേയും ഭാര്യയേയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൂന്നംഗ കവര്‍ച്ചസംഘം പണവും ആഭരണവും കവര്‍ന്നു. മുക്കത്തിനടുത്ത് പാറത്തോട് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അക്രമികളുടെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് വീട്ടുടമ കൊല്ലം പറമ്പില്‍ ജസ്റ്റിന്‍ (33) , ഭാര്യ അര്‍ച്ചന (27), അമ്മ റോസമ്മ എന്നിവര്‍ക്ക് പരിക്കേറ്റു. ജസ്റ്റിന്റെ കൈയിലെ മോതിരവും അലമാരയില്‍ നിന്ന് 17,000 രൂപയും സംഘം മോഷ്ടിച്ചു.


ചൊവ്വാഴ്ചരാത്രി 10.30ഓടേ വീട്ടുകാര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാക്കള്‍ അകത്തുകടന്നത്. ജസ്റ്റിനെയും ഭാര്യയേയും മോഷ്ടാക്കള്‍ കഴുത്തിനുപിടിച്ച് കണ്ണില്‍ മുളകുപൊടി വിതരി. ഇരുവരും ചെറുത്തുനില്‍പ്പിനു ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയ ഇരുമ്പുവടിയും കത്തിയും ഉപയോഗിച്ച് ഇരുവരെയും ഇവര്‍ ആക്രമിച്ചു. ജസ്റ്റിനെ ആക്രമിക്കുമ്പോള്‍ അര്‍ച്ചനയും റോസമ്മയും എട്ട്മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് മുറിയില്‍ക്കയറി കതകടച്ചിരുന്നു. ഓടുന്നതിനിടെ കഴുത്തിലെ സ്വര്‍ണമാലയും വളകളും ഊരിയെടുത്ത് അര്‍ച്ചന പറമ്പിലേക്കെറിഞ്ഞു.


അക്രമികള്‍ ജസ്റ്റിന്റെ മുണ്ടഴിച്ചെടുത്ത് കൈകാലുകള്‍ ബന്ധിച്ച് വരാന്തയിലെ സോഫയില്‍ കിടത്തി. തുടര്‍ന്ന് അര്‍ച്ചനയും റോസമ്മയും കയറിയ മുറിയുടെ ജനല്‍ച്ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. അലമാരയിരിക്കുന്ന മുറിയുടെ താക്കോലും മൊബൈല്‍ ഫോണും തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കി. തുടര്‍ന്ന് അര്‍ച്ചന താക്കോല്‍ കൂട്ടവും മൊബൈല്‍ പോണും മോഷ്ടാക്കള്‍ക്ക് നല്‍കി. തുടര്‍ന്ന് അലമാരതുറന്ന് അതില്‍ സൂക്ഷിച്ച 17,000 രൂപയെടുത്ത് വീട്ടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജസ്റ്റിന്റെ ബൈക്കില്‍ കടന്നു.


മോഷ്ടാക്കള്‍ സ്ഥലം വിട്ടയുടനെ ശരീരത്തിലെ കെട്ടുകളഴിച്ച ജസ്റ്റിന്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തലയ്ക്കും കാലിനും മുറിവേറ്റ അര്‍ച്ചനയേയും ജസ്റ്റിനേയും കെ.എം. സി.ടി. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബൈക്കും താക്കോല്‍ കൂട്ടവും മൊബൈല്‍ ഫോണും വീടിനു സമീപത്തെ റോഡില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. സംഭവദിവസം ഒരു വെള്ളമാരുതികാര്‍ റോഡില്‍ സംശയാസ്പദമായി കണ്ടതായി ജസ്റ്റിന്റെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.വീടിനു സമീപത്തുനിന്ന് കിട്ടിയ കത്തിയും കണ്ണടയും പോലീസ് കസ്റ്റഡിയിലെടുത്തു. 


മുക്കത്ത് ഗൃഹനാഥനെ കെട്ടിയിട്ട് ആഭരണവും പണവും കവര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക