Image

വി.എസ് പി.ബിയെ സമീപിച്ചേക്കും

Published on 25 July, 2012
വി.എസ് പി.ബിയെ സമീപിച്ചേക്കും
തിരുവനന്തപുരം: ഒരാഴ്ച നീണ്ട കേന്ദ്രസംസ്ഥാന നേതൃയോഗങ്ങള്‍ക്കുശേഷവും സി.പി.എമ്മില്‍ വിഭാഗീയതയുടെ കനലുകള്‍ ജ്വലിക്കുന്നു. പാര്‍ട്ടിയിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കേന്ദ്ര നേതൃത്വം സംസ്ഥാനസമിതിയില്‍ അവതരിപ്പിച്ച പ്രമേയം തന്നെയാണ് പുതിയ തര്‍ക്കബിന്ദു. 

പ്രമേയത്തിലെ നിരീക്ഷണങ്ങളോട് സംസ്ഥാന സമിതിയില്‍ത്തന്നെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നേതൃത്വത്തിന്റെ സമീപനങ്ങളില്‍ മാറ്റമില്ലെങ്കില്‍ താനും വിട്ടുവീഴ്ചയ്ക്കില്ലെന്ന ശക്തമായ സൂചന നല്‍കിക്കഴിഞ്ഞു. അതേസമയം വി.എസ്സിനെതിരെ അച്ചടക്ക നടപടിക്കായുള്ള നീക്കം കേന്ദ്രകമ്മിറ്റിയില്‍ പാളിയെങ്കിലും വി.എസ്സിന്റെ നിലപാടുകള്‍ പൂര്‍ണമായും തള്ളുന്ന പ്രമേയം സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സംസ്ഥാന നേതൃത്വം ആശ്വാസത്തിലാണ്. കേന്ദ്രകമ്മിറ്റിയില്‍ തങ്ങള്‍ക്കേറ്റ തിരിച്ചടിയുടെ ആഘാതം ഒരളവുവരെ ഇതുവഴി മറികടക്കാനായെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.കേന്ദ്രകമ്മിറ്റിയുടേതായി സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരെ വി.എസ്. അച്യുതാനന്ദന്‍ പൊളിറ്റ്ബ്യൂറോയെ സമീപിക്കുമെന്നും സൂചനകളുണ്ട്. പാര്‍ട്ടിയില്‍ ഐക്യം ഉറപ്പിക്കുന്നതിനുവേണ്ട നിര്‍ദേശങ്ങളാണ് കേന്ദ്രകമ്മിറ്റിയില്‍ ഉയര്‍ന്നത്. അതിനുവേണ്ട വസ്തുതകളും നിര്‍ദേശങ്ങളുമാണ് കേന്ദ്രകമ്മിറ്റി തയാറാക്കി ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ടിന് നല്‍കിയത്. എന്നാല്‍ സംസ്ഥാനസമിതിയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തില്‍ കേന്ദ്രകമ്മിറ്റി നിര്‍ദേശങ്ങള്‍ വളച്ചൊടിച്ചുവെന്നാണ് വി.എസ്സിന്റെ പരാതി. സംസ്ഥാനസമിതിയില്‍ തന്നെ ഈ കാര്യം ഉന്നയിച്ച വി.എസ്. പ്രമേയത്തിലെ കണ്ടെത്തലുകളെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. പി.ഡി.പി. ബന്ധം, ഡി.ഐ.സി. സഖ്യം എന്നിവ നയവ്യതിയാനങ്ങളല്ലെങ്കില്‍ പിന്നെ മറ്റെന്താണെന്നായിരുന്നു വി.എസ്സിന്റെ ചോദ്യം.

കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാനസമിതിയിലും തനിക്ക് രണ്ടു വീഴ്ചകള്‍ സംഭവിച്ചതായി വി.എസ്. സമ്മതിച്ചിരുന്നു.

ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നതിന് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുദിവസത്തിനു പകരം മറ്റൊരു ദിവസം തിരഞ്ഞെടുക്കാമായിരുന്നു. ഉപ തിരഞ്ഞെടുപ്പുദിവസം അവിടെ പോയതും പാര്‍ട്ടി സെക്രട്ടറിയെ എസ്.എ. ഡാങ്കേയോട് ഉപമിച്ചതും വീഴ്ചയാണെന്നും വി.എസ്. സമ്മതിച്ചിരുന്നു. എന്നാല്‍ അതോടൊപ്പം പി.ഡി.പി. ബന്ധം, ഡി.ഐ.സി. ബന്ധം, എസ്.എന്‍.സി. ലാവലിന്‍ തുടങ്ങിയവയിലെ തന്റെ മുന്‍ നിലപാടുകളും വി.എസ്. ആവര്‍ത്തിച്ചിരുന്നു. സംസ്ഥാന സമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടാണ് കേന്ദ്ര കമ്മിറ്റി പ്രമേയം തയ്യാറാക്കിയതെന്നും തന്റെ വീഴ്ചകള്‍ യോഗത്തില്‍ വി.എസ്. സമ്മതിച്ചിട്ടുണ്ടെന്നും ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് വിശദീകരിച്ചിരുന്നു. വി.എസ്സിന്റെ പരസ്യ പ്രസ്താവനകള്‍ ജനങ്ങളിലുണ്ടാക്കിയ ആശയക്കുഴപ്പം വി.എസ്. തന്നെ നീക്കുമെന്നും തന്റെ വീഴ്ചകള്‍ അദ്ദേഹം ജനങ്ങളോട് തുറന്നു പറയുമെന്നും കാരാട്ട് സംസ്ഥാനസമിതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കാരാട്ടിന്റെ നിര്‍ദേശം അനുസരിക്കാന്‍ വി.എസ്. തയാറാകുമോയെന്ന് കണ്ടറിയണം.

വി.എസ് പി.ബിയെ സമീപിച്ചേക്കും
വി.എസ് പി.ബിയെ സമീപിച്ചേക്കും
വി.എസ് പി.ബിയെ സമീപിച്ചേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക