Image

നികത്തിയ നെല്‍വയല്‍: ചെലവ് ഉടമയില്‍ നിന്ന് ഈടാക്കണം

Published on 25 July, 2012
നികത്തിയ നെല്‍വയല്‍: ചെലവ് ഉടമയില്‍ നിന്ന് ഈടാക്കണം
തിരുവനന്തപുരം: അനധികൃതമായി നിലം നികത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ റവന്യൂ വകുപ്പ് അത് പഴയപടിയാക്കണമെന്നും അതിനു വേണ്ടിവരുന്ന തുക ഉടമയില്‍ നിന്ന് ഈടാക്കണമെന്നും സബോര്‍ഡിനേറ്റ് ലെജിസ്‌ളേഷന്‍ സംബന്ധിച്ച നിയമസഭാസമിതിയുടെ ഏഴാമതു റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നികത്തുന്ന നെല്‍വയല്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ വേണ്ട പണം റവന്യൂ വകുപ്പിന് ലഭ്യമാക്കണമെന്നും സമിതി ചെയര്‍മാന്‍ എം. ഉമ്മര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

നെല്‍വയല്‍ പരിവര്‍ത്തനം ചെയ്യുന്നത് വാഴക്കൃഷി നടത്തിയാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടതിനാല്‍ വാഴക്കൃഷിയെ ഇടക്കാല വിളകളുടെ പട്ടികയില്‍നിന്നൊഴിവാക്കണമെന്നും സമിതി നിര്‍ദേശിച്ചു . കുറ്റമറ്റ ഡാറ്റാബാങ്ക് മൂന്നു മാസത്തിനകം പ്രസിദ്ധീകരിക്കുക, ഡാറ്റാ ബാങ്ക് വൈകുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, നെല്‍വയല്‍ തരിശിടുന്നതിന്റെ മേല്‍നടപടികള്‍ സ്വീകരിക്കുന്ന പ്രാദേശിക തല ഉത്തരവാദിത്വം കൃഷി ഓഫീസറില്‍ നിക്ഷിപ്തമാക്കുക എന്നീ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. 

നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഊര്‍ജിത നടപടി സ്വീകരിക്കുക, നെല്‍ക്കൃഷിക്കും ഉയര്‍ന്ന സബ്‌സിഡി നല്‍കുക, കര്‍ഷകര്‍ക്ക് ട്രില്ലര്‍ , ട്രാക്ടര്‍, കൊയ്ത്തുയന്ത്രം എന്നിവ യഥാസമയം ലഭ്യമാക്കുന്ന ചുമതല ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ ഏല്‍പ്പിക്കുക എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍. ഗ്രൂപ്പു ഫാമിങ് ശക്തിപ്പെടുത്തുകയും തരിശിട്ടിരിക്കുന്ന നെല്‍വയലുകള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യിക്കാനുള്ള ചുമതല പഞ്ചായത്തു മുഖേന നടപ്പാക്കുകയും വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കര്‍ഷകരെ നെല്‍ക്കൃഷിയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ പാക്കേജുകള്‍ തയ്യാറാക്കുക, നീര്‍ത്തടങ്ങള്‍ സംരക്ഷിച്ച് വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തുക എന്നീ ശുപാര്‍ശകളും സമര്‍പ്പിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. 

നികത്തിയ നെല്‍വയല്‍: ചെലവ് ഉടമയില്‍ നിന്ന് ഈടാക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക