Image

അന്നാ ഹസാരെയുടെ നിരാഹാര സമരത്തിന് ആള്‍ക്ഷാമം

Published on 25 July, 2012
അന്നാ ഹസാരെയുടെ നിരാഹാര സമരത്തിന് ആള്‍ക്ഷാമം
ന്യൂഡല്‍ഹി: അഴിമതി വിഷയമാക്കി തുടങ്ങിയ സമരം യുപിഎ മന്ത്രിമാരെ ലക്ഷ്യമാക്കാന്‍ തുടങ്ങിയതോടെ അന്നാ ഹസാരെയും സംഘവും ആരംഭിച്ച നിരാഹാര സമരത്തിന് ആള്‍ക്ഷാമം. രാഷ്്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അടക്കമുള്ള യുപിഎ മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹസാരെസംഘം ജന്തര്‍ മന്തറില്‍ ഉപവാസം ആരംഭിച്ചത്. അതിനിടെ, അന്നാ ഹസാരെയ്ക്കും അരവിന്ദ് കേജരിവാളിനുമെതിരേ മുദ്രാവാക്യവുമായി എത്തിയ ഒരു സംഘം ആളുകള്‍ വേദിയിലേക്കു കടക്കാന്‍ ശ്രമിച്ചതു സംഘര്‍ഷത്തില്‍ കലാശിച്ചു. 

കേന്ദ്രമന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ സുപ്രീംകോടതി ജഡ്ജിമാരടങ്ങിയ സ്വതന്ത്രസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുക, ലോക്പാല്‍ ബില്‍ പാസാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ഹസാരെസംഘത്തിലെ അരവിന്ദ് കേജരിവാള്‍, മനീഷ് സിസോഡിയ, ഗോപാല്‍ റായ് എന്നിവര്‍ നിരാഹാരം ആരംഭിച്ചിരിക്കുന്നത്. സമരവേദിയിലെത്തിയ അന്നാ ഹസാരെ, ഞായറാഴ്ചയ്ക്കകം തങ്ങളുടെ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ താന്‍ നിരാഹാരം തുടങ്ങുമെന്നു മുന്നറിയിപ്പു നല്‍കി. 

അതിനിടെ, ഹസാരെയ്‌ക്കെതിരേ മുദ്രാവാക്യങ്ങളുമായാണ് എന്‍എസ്‌യു പ്രവര്‍ത്തകര്‍ എന്ന പേരില്‍ കുറച്ചാളുകള്‍ ജന്തര്‍മന്തറിലെത്തിയത്. അമ്പതോളം പേരടങ്ങുന്ന സംഘം ഹസാരെ ഇരിക്കുന്ന വേദിയിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചു. എന്നാല്‍, ഹസാരെ സംഘത്തിലെ വോളന്റിയര്‍മാര്‍ അവരെ തടഞ്ഞു. തുടര്‍ന്ന് ഇവരെ വേദിയില്‍നിന്നു പുറത്താക്കുന്നതിനിടെ കൈയേറ്റം ചെയ്തതോടെയാണു സംഘര്‍ഷം സൃഷ്ടിച്ചത്. 15 മിനിറ്റോളം സംഘര്‍ഷം നീണ്ടുനിന്നു. പോലീസെത്തിയാണു സംഘര്‍ഷം അവസാനിപ്പിച്ചത്. എന്നാല്‍, ഹസാരെയ്‌ക്കെതിരേ മുദ്രാവാക്യവുമായി എത്തിയ സംഘവുമായി എന്‍എസ്‌യുവുമായി ഒരു ബന്ധവുമില്ലെന്നും ഹസാരെയ്‌ക്കെതിരേ സമരം നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എന്‍എസ്‌യു ദേശീയ വൈസ് പ്രസിഡന്റ് റോജി വര്‍ഗീസ് അറിയിച്ചു. 

അഴിമതിക്കെതിരേ സമരം നട ത്തുന്ന അന്നാ ഹസാരെയുടെ സംഘത്തിനുള്ള ജനപിന്തുണ ഇല്ലാതായതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രകടമായത്. അഞ്ഞൂറോളം ആളുകള്‍ ജന്തര്‍ മന്തറില്‍ എത്തിയെങ്കിലും അവരെല്ലാം ഏതെങ്കിലും സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു. ഹസാരെ സമരത്തില്‍ തള്ളിക്കയറിക്കൊണ്ടിരുന്ന വിദ്യാര്‍ഥികളെയും ഇത്തവണ കണ്ടില്ല. കഴിഞ്ഞ തവണ ജന്തര്‍ മന്തറില്‍ നടത്തിയ സമര ത്തി ലും അതിനു മുമ്പ് മുംബൈയിലും രാംലീലാ മൈതാനിലും നടത്തിയ സമരത്തിലും ഉണ്ടായിരുന്ന ജനപങ്കാളിത്തം പോലുമില്ലാത്ത അവസ്ഥയായിരുന്നു.

അന്നാ ഹസാരെയുടെ നിരാഹാര സമരത്തിന് ആള്‍ക്ഷാമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക