Image

ജയചന്ദ്രന്‍ എംഎല്‍എയെ ചോദ്യം ചെയ്യും

Published on 25 July, 2012
ജയചന്ദ്രന്‍ എംഎല്‍എയെ ചോദ്യം ചെയ്യും
കൊച്ചി: സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി മണക്കാട്ടു നടത്തിയ വിവാദ പ്രസംഗത്തില്‍ പരമാര്‍ശിച്ച അഞ്ചേരി ബേബിവധക്കേസുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല എംഎല്‍എ കെ.കെ. ജയചന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. കേസിന്റെ തുടര്‍നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ എറണാകുളം റേഞ്ച് ഐജി കെ. പത്മകുമാറിന്റെ നേതൃത്വത്തില്‍  ചേര്‍ന്ന അന്വേഷണസംഘത്തിന്റെ യോഗത്തിലാണു തീരുമാനം. ഓഗസ്റ്റ് ഒന്നിനു ജയചന്ദ്രന്‍ അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് കത്തു നല്കുമെന്ന് ഐജി പത്മകുമാര്‍ പറഞ്ഞു. 

അഞ്ചേരിബേബി വധക്കേസില്‍ കെ.കെ. ജയചന്ദ്രനു പങ്കുണെ്ടന്നു പ്രതികളെ ചോദ്യംചെയ്തതില്‍നിന്നു പോലീസിനു സൂചന ലഭിച്ചിരുന്നു. ഒന്നാം പ്രതി മോഹന്‍ദാസിന്റെ വെളിപ്പെടുത്തലിലാണു ജയചന്ദ്രന്റെ പങ്കിനെക്കുറിച്ചു സൂചനയുണ്ടായിരുന്നത്. 

അതേസമയം, എം.എം. മണിയെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ തീരുമാനമെടുത്തിട്ടില്ല. ജയചന്ദ്രനെ ചോദ്യം ചെയ്തതിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിലെ തടസങ്ങളെല്ലാം മാറിക്കിട്ടിയെന്നും സ്വാഭാവിക നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മുള്ളന്‍ചിറ മത്തായി, അഞ്ചേരി ബേബി വധക്കേസുകള്‍ വീണ്ടും അന്വേഷിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു മണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണു മണി സുപ്രീം കോടതിയെ സമീപിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക