Image

വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് വിദ്യാഭ്യാസനിലവാരം തകര്‍ക്കും: മാര്‍ പവ്വത്തില്‍

Published on 25 July, 2012
വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് വിദ്യാഭ്യാസനിലവാരം തകര്‍ക്കും: മാര്‍ പവ്വത്തില്‍
ചങ്ങനാശേരി: വിദ്യാഭ്യാസരംഗത്തു നിലവാരത്തകര്‍ച്ചയെന്നു വിലപിക്കുമ്പോള്‍തന്നെ ബോധപൂര്‍വം വിദ്യാഭ്യാസനിലവാരം തകര്‍ക്കാന്‍ ഉത്തരവിറക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്ന നിലപാടാണു വിദ്യാഭ്യാസ വകുപ്പിന്റേതെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. 

പ്രഫഷണല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചക്കെതിരായ സര്‍ക്കാര്‍ നിലപാട് ശ്ലാഘനീയമാണ്. എന്നാല്‍ അതേ സര്‍ക്കാര്‍തന്നെ നിര്‍ബന്ധപൂര്‍വം ഹയര്‍ സെക്കന്‍ഡറികളില്‍ 20 % കൂടി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിറക്കിയിരിക്കുന്നു. മൂന്നര ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ബോധപൂര്‍വം തകര്‍ക്കുന്ന നിലപാടാണിത്. ഈ വിദ്യാര്‍ഥികള്‍ ആവശ്യത്തിനു കംപ്യൂട്ടറും, ലാബും, ക്ലാസ്മുറികളുമില്ലാതെ പഠിക്കണമെന്നു നിര്‍ബന്ധിക്കുന്നത് അനീതിയാണ്. വിദ്യാര്‍ഥികളുടെ അവകാശം നിഷേധിക്കലാണ്: മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.

25000 ത്തോളം ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍, പ്രധാനമായും സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ വിദ്യാര്‍ഥികളില്ലാതെ ഒഴിഞ്ഞുകിടക്കുമ്പോഴാണ് 20 % കൂടി സീറ്റ് വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ബന്ധപ്പെട്ടവരോട് യാതൊരു ആലോചനയുമില്ലാതെയുള്ള ഈ നടപടി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്ന് എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കിനു മാത്രമേ ഇടയാക്കൂ. 

അതിന്റെ ഫലം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളില്ലാതെയും, എയ്ഡഡ് വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളുടെ ആധിക്യം മൂലവും വേണ്ടത്ര സൗകര്യങ്ങളില്ലാതെയും പൊതുവില്‍ വിദ്യാഭ്യാസം തകരാറിലാകുമെന്നതുതന്നെ.മാര്‍ പവ്വത്തില്‍ ചൂണ്ടി ക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക