Image

സൗദിയില്‍ ലഹരി വിമുക്തി ചികില്‍സക്ക്‌ പ്രതിവര്‍ഷം 3.6 കോടി ചെലവഴിക്കുന്നു

Published on 25 July, 2012
സൗദിയില്‍ ലഹരി വിമുക്തി ചികില്‍സക്ക്‌ പ്രതിവര്‍ഷം 3.6 കോടി ചെലവഴിക്കുന്നു
റിയാദ്‌: ഒന്നര ലക്ഷത്തോളം വരുന്ന ലഹരിക്കടിപ്പെട്ടവരുടെ ചികില്‍സക്കായി പ്രതിവര്‍ഷം സൗദി അറേബ്യ ചെലവിടുന്നത്‌ 3.6 കോടി രൂപ. റിയാദ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍റ്‌ ഇന്‍ഡസ്‌ട്രിക്ക്‌ കീഴിലുള്ള പഠന ഗവേഷണ കേന്ദ്രമാണ്‌ ഇതുസംബന്ധിച്ച പുതിയ പഠനം പുറത്തിറക്കിയത്‌. ലഹരിക്കടിപ്പെട്ടവര്‍ മൂലം രാജ്യത്തിന്‍െറ സമ്പദ്‌ ഘടനയിലും ഉല്‍പാദന ക്ഷമതയിലും മനുഷ്യ വിഭവശേഷിയിലും ഉണ്ടാകുന്ന നഷ്ടവും പഠനം വിലയിരുത്തുന്നു.

2000ല്‍ രാജ്യത്തു നിന്ന്‌ 254.8 ടണ്‍ മയക്കുമരുന്ന്‌ വസ്‌തുക്കളാണ്‌ പിടികൂടിയിരുന്നതെങ്കില്‍ ദേശീയ തലത്തില്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച്‌ നടത്തിയ നീക്കങ്ങള്‍ വഴി 2006ല്‍ പിടികൂടിയ മയക്കുമരുന്നിന്‍െറ അളവ്‌ 12.3 ടണ്‍ ആയി കുറക്കാന്‍ കഴിഞ്ഞു. രാജ്യത്തെ ഭാവി വികസനത്തിനും ദേശീയ സമ്പദ്‌ ഘടനയുടെ വളര്‍ച്ചക്കും ഭീഷണിയായി മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ മാറുന്നുണ്ടെന്ന്‌ മയക്കുമരുന്ന്‌ തടയുന്നതില്‍ സാമൂഹിക ഉത്തരവാദിത്വം എന്ന തലക്കെട്ടിലുള്ള പഠനം ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്നിന്‌ അടിപ്പെട്ടവരെ ചികില്‍സിക്കുന്നതിന്‍െറ ഉത്തരവാദിത്വം ആരോഗ്യ രക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണെങ്കില്‍ മയക്കുമരുന്ന്‌ ഉപഭോഗം തടയുന്നത്‌ സംബന്ധിച്ച ബോധവത്‌കരണം വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, മാധ്യമങ്ങള്‍ എന്നിവ വഴിയാണ്‌ നടക്കേണ്ടത്‌.

ലഹരിക്കടിപ്പെട്ടവരെ ചികില്‍സിക്കുക എന്ന അര്‍ഥത്തില്‍ വ്യക്തികളെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അതേ പ്രാധാന്യം ലഹരി വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുണ്ട്‌. ലഹരിക്കടിപ്പെട്ടവരെ ചികില്‍സിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക എന്നത്‌ ചെലവേറിയതാണ്‌. അതിനാല്‍ ലഹരി വ്യാപനം തടയുന്ന പ്രവൃത്തിയാണ്‌ ദേശീയ സമ്പദ്‌ ഘടനയെ സുരക്ഷിതമാക്കാന്‍ ഫലപ്രദം. ലഹരിക്കടിപ്പെട്ടവരില്‍ 18 ശതമാനം മാത്രമാണ്‌ ചികില്‍സ തേടിയെത്തുന്നത്‌. മാത്രമല്ല, ഇവരില്‍ ഭൂരിഭാഗം പേരും തൊഴില്‍ രഹിതരാണെന്നതിനാല്‍ ലഹരി വിമുക്തി ചികില്‍സാ പദ്ധതികളില്‍ നിന്ന്‌ സാമ്പത്തിക നേട്ടവും കുറവാണ്‌. ലഹരി വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ക്കാണ്‌ കൂടുതല്‍ ശ്രദ്ധയൂന്നേണ്ടതെന്ന്‌ മയക്കുമരുന്ന്‌ കേസുകളില്‍ വന്ന കുറവ്‌ ചൂണ്ടിക്കാട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക