Image

മലയാളിക്കിതെന്തു പറ്റി! - രാജശ്രീ പിന്റോ

ജശ്രീ പിന്റോ Published on 25 July, 2012
മലയാളിക്കിതെന്തു പറ്റി! - രാജശ്രീ പിന്റോ
ലൗകീക സുഖത്തിന്റെയും സമ്പന്നതയുടെയും നെറുകയില്‍ എത്തിനില്‍ക്കുന്ന ഒരു മഹാരാജ്യത്തിലേക്കുള്ള മലയാളിയുടെ പ്രയാണം മഹത്തായ ഒരു ചരിത്രത്തേയും പാരമ്പര്യത്തേയും തച്ചുടച്ചുള്ള മുന്നേറ്റമായിരുന്നു എന്ന് നാം വിസ്മരിച്ചുപോയി. അമേരിക്കന്‍ നാം സമ്പാദിക്കുന്ന ഓരോ സെന്റും നമ്മിലെ ധാര്‍മ്മികത പണയപ്പെടുത്തുന്നതിന്റെ കൂലിയാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.

ഒരു ഊണുമേശയ്ക്കു ചുറ്റുമിരുന്ന് നാം പങ്കിടുന്ന അപ്രസക്ത പകല്‍ വിശേഷങ്ങള്‍ പോലും കുടുംബബന്ധങ്ങളില്‍ ഉളവാകുന്ന കെട്ടുറപ്പ് ഇന്നു നമുക്ക് കൈമോശം വന്നിരിക്കുന്നു. മൂല്യച്യൂതിയെക്കുറിച്ച് മുറവിളി കൂട്ടുന്ന മലയാളി വെറും പ്രസംഗസദസ്സുകളില്‍ കൈയ്യടി വാങ്ങാന്‍ അല്ലാതെ അടിസ്ഥാനപരമായി അതിന്റ ഉത്ഥാനത്തിനായി എന്തുചെയ്യുന്നു?

നമ്മുടെ പുരോഹിതന്മാര്‍ മൂല്യത്തെക്കുറിച്ച് പ്രഘോഷിക്കുമ്പോള്‍, ഇതെന്റെ അനുഭവമല്ലേ എന്നു നാം ചിന്തിക്കാറുണ്ട്? ഈ തന്മയിഭാവം നമ്മെ മാറ്റങ്ങളിലേക്ക് നയിക്കുന്നു എങ്കില്‍ നല്ലത്, മറിച്ചതാണെങ്കില്‍ വെറും വനരോദനമായി അത് തലമുറകളിലേക്ക് പ്രകമ്പനം കൊള്ളുക മാത്രമേയുള്ളൂ.

എന്റെ അമേരിക്കന്‍ ജീവിതത്തില്‍ എന്നെ വിസ്മയിപ്പിക്കുന്ന ഒരു തിരിച്ചറിവുണ്ട്. ഇവിടെ എത്തുമ്പോള്‍ നമ്മുടെ സ്ത്രീ സമൂഹത്തിന് എന്താണ് സംഭവിക്കുന്നത്? അനുകരണത്തിന്റെ കാണാക്കയങ്ങളിലേക്ക് മുങ്ങിത്താഴുകയാണ് നമ്മുടെ സ്ത്രീകള്‍. നമ്മിലെ വ്യക്തിത്വത്തെ, പാരമ്പര്യത്തെ, മാതൃത്വത്തെ അടിയറവു വച്ച് നാം മദാമ്മയാകാന്‍ ശ്രമിക്കുമ്പോള്‍ തലമുറകള്‍ നമ്മില്‍ നിന്ന് അകന്നുപോകുന്നു എന്ന നഗ്നസത്യം തിരിച്ചറിയാതെ പോവുകയാണ്. കാക്ക കുളിച്ചാല്‍ കൊക്കാവുകയില്ല എന്ന പഴമൊഴിക്ക് അടിവരയിട്ടു ഞാന്‍ പറയട്ടെ വേഷവിധാനത്തിലോ ഭക്ഷണശീലങ്ങളിലോ മാറ്റംവരുത്തിയാല്‍ മലയാളിക്ക് ഒരിക്കലും അമേരിക്കന്‍ ആകാന്‍ കഴിയില്ല.

അമേരിക്കന്‍ മലയാളിസമൂഹത്തെ അലോസരപ്പെടുത്തുന്ന മൂല്യച്യൂതി നമ്മുടെ തലമുറകളെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ അമേരിക്കന്‍ സമൂഹത്തോട് ഇടപഴകുന്നതുകൊണ്ടോ അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗം ആകുന്നതുകൊണ്ടോ അല്ല അത്, മറിച്ച് കുടംബംത്തില്‍ തന്നെ അവന്റെ വ്യക്തിവികാസം താറുമാറാക്കുകയാണ്. രാവും പകലുമായി ജോലി ഷിഫ്റ്റുകള്‍ ചേര്‍ത്തുവെയ്ക്കുന്ന മാതാപിതാക്കള്‍ വിസ്മരിക്കുന്ന ഒരുകാര്യമുണ്ട്. പണത്തിനൊപ്പം അവരുടെ ജീവിതത്തിന്റെ വാത്സല്യംകൊണ്ടും സാമീപ്യംകൊണ്ടും പകര്‍ന്നുകൊടുക്കേണ്ട മൂല്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് അന്യം നിന്ന് പോകുകയാണെന്ന്.

മാതൃത്വമാണ് ജീവിതമൂല്യങ്ങള്‍ക്ക് അടിത്തറയിടുന്ന പ്രധാന ഘടകം. ഇവിടെ ആടി ഉലയുന്നതും മാതൃത്വമെന്ന പരിപാവനമായ സങ്കല്പമാണ്. കുഞ്ഞിന്റെ പിറവി മുതല്‍ നാം തിരനോട്ടം നടത്തിയാല്‍ അക്കമിട്ടു നിരത്താന്‍ കാരണങ്ങള്‍ ഏറെയാണ്. അമ്മയുടെ ചൂടും ചൂരും ഏറ്റ് ഹൃദയത്തോട് ചേര്‍ന്നിരുന്ന് അമ്മയുടെ പരിചയപ്പെടുത്തലുകളിലൂടെ ലോകത്തെ അറിയേണ്ട പ്രായമാകുമ്പോള്‍ നാം അവനെ സ്‌ട്രോളറില്‍ ഇരുത്തി ബന്ധനസ്ഥനാക്കും. അമ്മയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമ്പോള്‍ അവന്‍ സ്വന്തമായ കാഴ്ചകളെ അവനില്‍ രൂപപ്പെടുത്തി സ്വത്വചിന്തകളിലേക്ക് മാറിത്തുടങ്ങുകയാവും. പാലിനുവേണ്ടി മുറവിളികൂട്ടി അവന്റെ ആവശ്യം അമ്മ തിരച്ചറിഞ്ഞെന്ന അവകാശത്തെ ആസ്വദിക്കുന്ന പ്രായത്തില്‍ നാം അവന്റെ ചുണ്ടിലേക്ക് നുണയാന്‍ പാസിഫര്‍ വെച്ചുകൊടുക്കും. നുണഞ്ഞാലും വിശപ്പുമാറാത്ത ആ കപടതയില്‍ അവനില്‍നിന്നും അകന്നുപോകുന്നത് മാതൃവാത്സല്യത്തിന്റെ ആര്‍ദ്രതയാണ്. ഉറക്കെ പ്രതികരിക്കാന്‍ കഴിയാത്ത അവന്‍ തന്റെ ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിനായി ഭാവിയില്‍ സ്വന്തം മാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ അത്ഭുതപ്പെടാനില്ല. മുത്തശ്ശി കഥകള്‍കേട്ട് അവനിലെ ഭാവനകള്‍ വളരേണ്ട പ്രായത്തില്‍ മുത്തശ്ശിയും മുത്തച്ഛനുമൊക്കെ വന്‍കരകള്‍ക്ക് അപ്പുറത്തെ നിശബ്ദ സാന്നിധ്യ സങ്കല്പങ്ങളാവുകയാണ്. മാതാപിതാക്കളുടെ ജോലിതിരക്കിനിടയില്‍ അവനായി ഒരുക്കിയ ക്രിബിള്‍ ഏതെങ്കിലും ചൈനീസ് കവരവിരുതിന്റെ ആകെ തുകയായി റ്റെഡി ബിയറിനെ മാറോടുചേര്‍ത്ത് അവനുറങ്ങും. ഇതുകൊണ്ടൊന്നും നമ്മിലെ തെറ്റുകള്‍ തീരുന്നില്ല. അവന്‍ കാണുന്നതും അനുഭവിക്കുന്നതും ഭക്ഷിക്കുന്നതും അമേരിക്കനാവുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ സ്വത്വസങ്കേതിങ്ങളില്‍ കാതലായ മാറ്റംവരുന്നതില്‍ വിസ്മയിക്കാനില്ല. നമ്മുടെ ഭക്ഷണശീലങ്ങല്‍ നമ്മുടെ സംസ്‌കാരത്തിലേക്കുള്ള ഒന്നാമത്തെ വാതായനമാണ്. ഉറക്കചുവടില്‍ വീട്ടിലെത്തുന്ന അമ്മ അവനിലേക്ക് കൊടുക്കുന്ന സീറിയലും ഡോനട്ടും സാന്‍വിച്ചിലും നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ സംസ്‌ക്കാരത്തെയാണെന്ന് ഓര്‍ക്കാന്‍ മലയാളിക്ക് സമയം കിട്ടാറുണ്ടാകില്ല. ഇവിടുത്തെ കാലാവസ്ഥയുടെ കാഠിന്യത്തെ ബഹുമാനിച്ചുകൊണ്ട് ഞാന്‍ പറയട്ടെ ആറുമാസത്തെ വേനലിലെങ്കിലും നമ്മുടെ വസ്ത്രധാരണത്തിലേക്ക് ഇറങ്ങിചെല്ലാന്‍ നമ്മുക്ക് കഴിയാത്തത് മുമ്പുപറഞ്ഞ ആ അനുകരണവാസകൊണ്ടല്ലേ? നമ്മുടെ വസ്ത്രധാരണരീതിയില്‍ അമേരിക്കന്‍ സമൂഹത്തിലേക്ക് ഇറങ്ങിയാല്‍ അവര്‍ നമ്മെ സ്വീകരിക്കില്ല എന്ന നെഞ്ചിടിപ്പു ഞാന്‍ ഇങ്ങനെയാണെന്ന് കാണിക്കാന്‍ കഴിയാത്ത തന്റേടമില്ലായ്മയുമാണ് നമ്മെ നയിക്കുന്നത്. ഇവിടെ എന്റെ ഒരു അനുഭവം ഞാന്‍ പങ്കുവയ്ക്കുകയാണ്. ഏതൊരു മലയാളിയേയും പോലെ തന്നെ ഞാനും ഇവിടെ കാലുകുത്തിയ നാള്‍ മുതല്‍ എനിക്കുമുമ്പേ പറന്നെത്തിയവരുടെ ഉപദേശങ്ങള്‍ എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ഇവിടുത്തെ ഓഫീസുകളില്‍ പാശ്ചാത്യവേഷങ്ങള്‍ അണിഞ്ഞ് പോകണമെന്നു തുടങ്ങി അണിയേണ്ട ആഭരണങ്ങളേയും പാദുകങ്ങളേയും പറ്റിവരെ എന്റെ ഭര്‍ത്താവ് എനിക്കു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ട് ഈ വേനല്‍കാലത്തെ പൂര്‍ണ്ണമായും ഇന്ത്യന്‍ വസ്ത്രങ്ങള്‍കൊണ്ട് നേരിടാന്‍ ഞാന്‍ തീരുമാനിച്ചു. എല്ലാവരേയും പോലെ ഇവിടെ നിലയുറപ്പിക്കാന്‍ ഉള്ള ആദ്യപടിയായി ഞാന്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിച്ചു. റോഡ് ടെസ്‌ററ് തീയതി കിട്ടിയദിവസം ഞാന്‍ ഭാരതീയതയുടെ ഒരു കൊച്ചുരൂപമായി അവതരിച്ചു. എന്റെ വേഷവിധാനത്തില്‍ കൂടി. ലൈസന്‍സ് ലഭിക്കാനുള്ള നീണ്ട ക്യൂവില്‍ എന്റെ അവസരമെത്തി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന മൂന്നു വെള്ളക്കാരികള്‍ എന്റെ പക്കലെത്തി. ഞാന്‍ ക്യാബിനു വെളിയിലും അവര്‍ അകത്തും. ഹാഫ് ഡോര്‍ തള്ളിമാറ്റി അവരെന്നെ അടിമുടി നോക്കി. തെല്ല് സംശയത്തില്‍ നിന്ന എന്നെ വിസ്മയിപ്പിച്ചുകൊണ്ട് അവരുടെ പ്രതികരണം വന്നു. " യുവര്‍ ഡ്രസ് ലുക്‌സ് വെരി നൈസ്". "വി റഷ്ഡ് ടു സീ ദാറ്റ്". കര്‍ത്തവ്യനിരതരായിരുന്ന വെള്ളക്കാരികളെ പോലും ഇളക്കിമറിക്കാന്‍ കഴിവുള്ളതാണ് നമ്മുടെ വേഷമെങ്കില്‍ എന്തുകൊണ്ട് നമുക്കതിനെ, അത് പ്രതിനിധീകരിക്കുന്ന ആ മഹത്പാരമ്പര്യത്തെ കുട്ടികളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല. എന്റെ വിദ്യാഭ്യാസ സ്ഥാപത്തില്‍ എന്റെ ഇന്ത്യനിസത്തിന് ലഭിക്കുന്ന പ്രതികരണവും തികച്ചും സ്വാഗതാര്‍ഹം തന്നെ.

ഇവിടെ നാം കണ്ടെത്തുന്ന പോരായ്മ മലയാളി പൊയ്മുഖത്തില്‍ മതി മയങ്ങി, സാംസ്‌കാരിക നപുംസകങ്ങളാകുന്നു എന്നുള്ളതാണ്. മലയാളം പഠിക്കാന്‍ നമ്മുടെ കുട്ടികളെ ക്ലാസ്സില്‍ വിട്ടിട്ട് അവരോട് ആംഗലേയം സംസാരിക്കുന്ന വൈപരീത്യമാണ് നമ്മെ നയിക്കുന്നത്.

നാം ഇനിയും ഉണരേണ്ടിയിരിക്കുന്നു. തമിഴനും, ഉത്തരേന്ത്യനും അന്യനാട്ടില്‍ അവരുടെ തനിമ സൂക്ഷിക്കാമെങ്കില്‍ എന്തുകൊണ്ട് നമുക്കും അതായിക്കൂടാ?

ചൈനീസും, സ്പാനിഷും, ഇംഗ്ലീഷിനൊപ്പം അമേരിക്കന്‍ ഔദ്യോഗികഭാഷയിലും, ആശയവിനിമയമേഖലയിലും ആധിപത്യം ഉറപ്പിച്ചിട്ടുണ്ടെങ്കില്‍; അത് ആ ജനതയുടെ സാംസ്‌കാരിക ഔന്നത്യമാണ് വെളിവാക്കുന്നത്. നാം ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു, എഴുത്തുച്ഛന്റെ കിളികൊഞ്ചല്‍ എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളുടെ നാവിന് അലങ്കാരമാവാത്തതെന്ന്? നിങ്ങളുടെ ചിന്താസരണിയിലേക്ക് മഹാനായ ടാഗോറിന്റെ ഒരു പദ്യശകലം ബാക്കി നിര്‍ത്തുകയാണ്:

“എങ്ങുമെങ്ങും നിറയും വെളിച്ചമേ…
എന്‍ മനസ്സില്‍ കുടിയിരിക്കേണമേ…
നല്ല ചിന്തയായ് എന്റെ മനസ്സിലും…
നല്ല ഭാഷയായി നാവിന്റെ തുമ്പിലും
നല്ല ചെയ്തിയായി എന്റെ കരത്തിലും
നന്മയായി നീ കടന്നിരിക്കേണമേ!
നന്മ തന്റെയാ തീരത്തിലേക്ക്
എന്റെ ജനം ഒന്നുണരണേ ദൈവമേ!...”
മലയാളിക്കിതെന്തു പറ്റി! - രാജശ്രീ പിന്റോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക