Image

ഒബാമ സംഘത്തില്‍ വീണ്ടുമൊരു ഇന്ത്യന്‍ വംശജ; ഒബാമയെ വെട്ടിലാക്കി റോംനി ഇസ്രയേലിലേക്ക്

Published on 25 July, 2012
ഒബാമ സംഘത്തില്‍ വീണ്ടുമൊരു ഇന്ത്യന്‍ വംശജ; ഒബാമയെ വെട്ടിലാക്കി റോംനി ഇസ്രയേലിലേക്ക്
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബറാക് ഒബാമയുടെ സംഘത്തിലേയ്ക്ക് വീണ്ടുമൊരു ഇന്ത്യന്‍ വംശജ കൂടി എത്തുന്നു. ഇന്ത്യന്‍ വംശജയായ റാണി രാമസ്വാമിയെയാണ് നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ദ് ആര്‍ട്‌സ് അംഗമായി ഒബാമ നാമനിര്‍ദേശം ചെയ്തത്. ഭരതനാട്യം നര്‍ത്തകിയും നൃത്താധ്യാപകയുമായ റാണി രാഗമാല ഡാന്‍സ് കമ്പനിയുടെ സ്ഥാപകയും കോ-ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമാണ്. കെന്നഡി സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ്, അമേരിക്കന്‍ ഡാന്‍സ് ഫെസ്റ്റിവല്‍, ഇന്ത്യയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് എന്നിവിടങ്ങളില്‍ റാണി പതിവായി നൃത്തപരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. 14 മക്‌നൈറ്റ് ഫെലോഷിപ്പുകള്‍, ബുഷ് ഫൗണ്‌ടേഷന്‍ കോറിയോഗ്രാഫി ഫെലോഷിപ്പ് എന്നിവയും റാണിയ്ക്ക് ലഭിച്ചിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള 2011ലെ മക്‌നൈറ്റ് ആര്‍ട്ടിസ്റ്റ് ആവാര്‍ഡ്, 2011ല്‍ മിനെപോളിസ് സ്റ്റാര്‍ ട്രൈബ്യൂണിലെ ആര്‍ട്ടിസ്റ്റ് ഓഫ് ദ് ഇയര്‍ അവാര്‍ഡ് എന്നിവയും റാണിയെ തേടിയെത്തിയിട്ടുണ്ട്.

ഒബാമയെ വെട്ടിലാക്കി റോംനി ഇസ്രയേലിലേക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മൂന്നര മാസം മാത്രം ശേഷിക്കെ പ്രസിഡന്റ് ബറാക് ഒബാമയെ വെട്ടിലാക്കി റിപ്പബ്ലിക്കന്‍ പ്രതിയോഗി മിറ്റ് റോംനി ഇസ്രയേലിലേക്ക്. പ്രസിഡന്റ് സ്ഥാനത്ത് നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഒബാമ ഇക്കാലയളവില്‍ ഒരിക്കല്‍പ്പോലും അമേരിക്കയുടെ ഏറ്റവും പ്രധാന സഖ്യരാഷ്ട്രമായ ഇസ്രയേല്‍ സന്ദര്‍ശിച്ചില്ലെന്ന വിമര്‍ശനത്തോടെയാണ് റിപ്പബ്ലിക്കന്‍ കേന്ദ്രങ്ങള്‍ റോംനി അടുത്ത ആഴ്ച അവിടേക്ക് പോവുന്നത് പ്രഖ്യാപിച്ചത്. എന്നാല്‍ വീണ്ടും പ്രസിഡന്റായാല്‍ ഒബാമ ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പബ്ലിക്കന്‍ പ്രചാരണത്തെ നേരിടാന്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ പ്രഖ്യാപനം. കഴിഞ്ഞതവണ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കെ ഒബാമ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അതുപോലെ മാത്രമാണ് ഇത്തവണ റോംനിയുടെ സന്ദര്‍ശനമെന്നും ഒബാമയുടെ പ്രചാരണ സഹായി കോളിന്‍ കാള്‍ പറഞ്ഞു. പ്രതിരോധ വകുപ്പില്‍ മധ്യപൗരസ്ത്യ ദേശകാര്യ അസിസ്റ്റ് സെക്രട്ടറിയായിരുന്നു കാള്‍. ക്രിസ്ത്യന്‍ യാഥാസ്ഥിതികര്‍ കഴിഞ്ഞാല്‍ അമേരിക്കയിലെ ഏറ്റവും പ്രബല വോട്ട്ബാങ്കായ ജൂതസമൂഹത്തെ പ്രീണിപ്പിക്കുന്നതിന് ഇരുപാര്‍ടികളും നടത്തുന്ന ശ്രമമാണ് ഇതിലൂടെ പുറത്തുവരുന്നത്.

കൊളറാഡോ വെടിവെയ്പ്പ്: യുഎസില്‍ തോക്കുവില്‍പന കുതിക്കുന്നു

വാഷിംഗ്ടണ്‍: കൊളറാഡോ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ തോക്കുവില്‍പനയില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കൊളറാഡോ വെടിവെയ്പ്പിനുശേഷം തോക്കു വാങ്ങുന്നവരുടെ എണ്ണത്തില്‍ 41 ശതമാനം വര്‍ധനവുണ്ടായെന്ന് ഡെന്‍വര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. കൊളറാഡോ വെടിവെയ്പ്പിനെത്തുടര്‍ന്ന് തോക്കു നിര്‍മാതാക്കളായ സ്മിത് ആന്‍ഡ് വെസണ്‍ ഹോള്‍ഡിംഗ് കോര്‍പിനെ റഗര്‍ ആന്‍ കോ, സ്റ്റേം കമ്പനികള്‍ ഓഹരി വിപണിയില്‍ കടത്തിവെട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെസണ്‍ കമ്പനിയുടെ തോക്ക് ഉപയോഗിച്ചാണ് കൊളറാഡോയില്‍ ജെയിംസ് ഹോംസ് വെടിയുതിര്‍ത്തതെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കമ്പനിയുടെ ഓഹരി കൂപ്പുകുത്തിയത്.

ഇന്റര്‍നെറ്റില്‍ ആദ്യചിത്രം അപ്‌ലോഡ് ചെയ്തിട്ട് ഇരുപത് വര്‍ഷം


വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റില്‍ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ട ചിത്രം എതാണ്? വെബ് ലോകത്ത് ദിനംപ്രതി കോടികണക്കിന് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യപ്പെടുന്ന സമയത്താണ് ഈ ചോദ്യം. 1992ല്‍ ജനീവയിലെ സേണ്‍ പരീക്ഷണശാലയില്‍ നടന്ന സംഗീത നിശയില്‍ പരിപാടി അവതരിപ്പിച്ച ലെസ് ഹോറിബിള്‍ സെര്‍നെറ്റ്‌സ് എന്ന ഗേള്‍സ് മ്യൂസിക്ക് ബാന്റിന്റെ ചിത്രമായിരുന്നു അത്. ഈ ജൂലൈയില്‍ ഇന്റര്‍നെറ്റില്‍ ആദ്യം പോസ്റ്റ് ചെയ്ത ഫോട്ടോ എടുത്തിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആദ്യചിത്രം വീണ്ടും ലോകശ്രദ്ധയില്‍ വരുന്നത്. സേണ്‍ ലാബിലെ ഐടി ഡെവലപ്പറായിരുന്ന സില്‍വാനോ ഡി ജെനീറോ എന്നയാളാണ് ഈ ചിത്രം കാനോണ്‍ ക്യാമറയില്‍ പകര്‍ത്തിയത്. ചിത്രം പകര്‍ത്തിയ ശേഷം ഇയാള്‍ ഫോട്ടോഷോപ്പിന്റെ ആദ്യ വേഴ്‌സന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ജിഐഎഫ് ഫയലില്‍ സേവ് ചെയ്തു. പിന്നീട് ഡി ജെനീറോയുടെ സഹപ്രവര്‍ത്തകനും വേള്‍ഡ് വൈഡ് വെബ്ബിന്റെ നിര്‍മ്മാതാവുമായ ടിം ബര്‍ണേസ് ലീ ഇത് വെബ്ബില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ചിത്രം ഏത് ദിനത്തിലാണ് വെബ്ബില്‍ അപലോഡ് ചെയ്തതെന്ന വിവരം ലഭ്യമല്ല.

രണ്ടാം ഊഴത്തില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്ന് ഒബാമ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ബരാക് ഒബാമ ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്നു അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍. ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന കോളിന്‍ കാളാണു ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്‍റായശേഷം ഒരിക്കല്‍പ്പോലും ഇസ്രയേല്‍ സന്ദര്‍ശിക്കാത്ത ഒബാമയുടെ നടപടിയെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോമ്‌നി വിമര്‍ശിച്ചിരുന്നു. പ്രചാരണത്തിനിടെ റോമ്‌നി ഇസ്രേല്‍ സന്ദര്‍ശിക്കുന്നുണ്ട്. പ്രസിഡന്‍റായാല്‍ ആദ്യംപോവുക ഇസ്രയേലില്‍ ആയിരിക്കുമെന്നും റോമ്‌നി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് കോളിന്‍റെ വിശദീകരണം. സ്ഥാനാര്‍ഥിയെന്ന നിലയില്‍ 2008ല്‍ ഒബാമ ഇസ്രയേലില്‍ പോയിരുന്നു. റോംനിയും അതേ ചെയ്യുന്നുള്ളു.

ക്രിക്കറ്റ് അറിയില്ല;
പക്ഷെ ഇന്ത്യാ-പാക് ക്രിക്കറ്റ് നയതന്ത്രമറിയാമെന്ന് യുഎസ്

വാഷിംഗ്ടണ്‍: അമേരിക്കക്കാര്‍ക്ക് ക്രിക്കറ്റ് കളിയറിയില്ലെങ്കിലും ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് നയതന്ത്രത്തിന് അമേരിക്കയുടെ പൂര്‍ണ പിന്തുണ. 'ക്രിക്കറ്റിനോടൊപ്പം ഞങ്ങളുണ്ട്. പക്ഷേ, ക്രിക്കറ്റ് കളി ഞങ്ങള്‍ക്കറിയില്ല, എങ്കിലും ഞങ്ങള്‍ അത് ഇഷ്ടപ്പെടുന്നു', യു.എസ്. വിദേശകാര്യ വക്താവ് വിക്ടോറിയ നൂലണ്ട് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം പുനരാരംഭിക്കാന്‍ പോകുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു നൂലണ്ട്. നയതന്ത്രബന്ധം പുരോഗമിക്കുന്നതിന് ഇന്ത്യ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും അമേരിക്ക പിന്തുണ നല്‍കി വരുന്നുണ്ട്. തീവ്രവാദവിരുദ്ധ പോരാട്ടത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയ വിഷയങ്ങളില്‍ നല്ലതു ചെയ്യാന്‍ ഇരു രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എല്ലാ മേഖലകളിലുമുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കും പിന്തുണ നല്‍കും. പക്ഷേ, ഇതില്‍ മുന്നേറണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയും പാകിസ്താനുമാണ്. മുംബൈ ഭീകരാക്രമണക്കേസില്‍ നീതി ലഭ്യമാക്കാന്‍ അമേരിക്ക പോരാട്ടം തുടരും നൂലണ്ട് പറഞ്ഞു.
ഒബാമ സംഘത്തില്‍ വീണ്ടുമൊരു ഇന്ത്യന്‍ വംശജ; ഒബാമയെ വെട്ടിലാക്കി റോംനി ഇസ്രയേലിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക