Image

ലാനാ ത്രൈമാസ കൃതികള്‍ തെരഞ്ഞെടുത്തു

ജോയിച്ചന്‍ പുതുക്കുളം Published on 24 July, 2012
ലാനാ ത്രൈമാസ കൃതികള്‍ തെരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ വളര്‍ന്നുവരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സാഹിത്യശാഖകളില്‍ ഈ വര്‍ഷത്തെ രണ്ടാം ത്രൈമാസ കാലയളവില്‍ (ഏപ്രില്‍, മെയ്‌, ജൂണ്‍) പ്രസിദ്ധീകരിക്കപ്പെട്ട മികച്ച കൃതികള്‍ ലാന തെരഞ്ഞെടുത്തു.

റീനി മമ്പലം (ചെറുകഥ), ജോണ്‍ വേറ്റം (ലേഖനം), ഗീതാ രാജന്‍ (കവിത) എന്നിവരുടെ കൃതികളാണ്‌ കഴിഞ്ഞ മൂന്നുമാസക്കാലയളവിലെ മികച്ചവയായി തെരഞ്ഞെടുക്കപ്പെട്ടത്‌.

`ഇ-മലയാളി', `വാരാദ്യമാധ്യമം' എന്നിവയില്‍ പ്രസിദ്ധീകരിച്ച `ഫെയ്‌സ്‌ ബുക്ക്‌' എന്ന ചെറുകഥയാണ്‌ റീനി മമ്പലത്തിന്‌ അവാര്‍ഡ്‌ നേടിക്കൊടുത്തത്‌. വിവിധ മാധ്യമങ്ങളില്‍ സാഹിത്യസപര്യ നടത്തുന്ന റീനി മനോഹരമായ കഥകള്‍ക്കുപുറമെ ലേഖനങ്ങളും യാത്രാവിവരണങ്ങളും രചിച്ചിട്ടുണ്ട്‌. `റിട്ടേണ്‍ ഫ്‌ളൈറ്റ്‌' പ്രസിദ്ധീകരിക്കപ്പെട്ട കഥാസമാഹാരമാണ്‌.

`ഏകോപനം ശരണമന്ത്രം' എന്ന ശീര്‍ഷകത്തില്‍ `ഇ-മലയാളി'യില്‍ പ്രസിദ്ധീകരിച്ച ലേഖനം ജോണ്‍ വേറ്റത്തിന്റെ ഈടുറ്റ ലേഖനങ്ങളില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നതാണ്‌. സമകാലിക വിഷയങ്ങളെ അധികരിച്ച്‌ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ മിക്കവയും തന്റെ സമൂഹ്യ പ്രതിബദ്ധതയുടെ ശ്രേഷ്‌ഠമായ ആവിഷ്‌കാരമായി വേറിട്ട്‌ നില്‍ക്കുന്നു. ശ്രദ്ധേയമായ ലേഖനങ്ങള്‍ക്ക്‌ പുറമെ ചെറുകഥ, കവിത, വിവര്‍ത്തനം എന്നീ സാഹിത്യമേഖലകളിലും അദ്ദേഹം മികവ്‌ തെളിയിച്ചിട്ടുണ്ട്‌.

`ജനനി', `ഇ-മലയാളി' എന്നിവയില്‍ പ്രസിദ്ധീകരിച്ച ഗീതാ രാജന്റെ `എന്നിട്ടും' ആസ്വാദ്യകരമായൊരു കാവ്യശില്‍പമായി ലാന വിലയിരുത്തുന്നു. അമേരിക്കയിലും കേരളത്തിലും നിന്ന്‌ പ്രസിദ്ധീകരിക്കുന്ന വിവിധ മാധ്യമങ്ങളില്‍ കൂടി സാഹിത്യ സപര്യ നടത്തുന്ന ഗീതാ രാജന്‍ പ്രവാസി എഴുത്തുകാരിലെ വലിയൊരു വാഗ്‌ദാനമാണ്‌. 2012-ലെ രണ്ടാം ത്രൈമാസ കാലയളവിലെ വിജയികളെ ലാന അനുമോദിക്കുന്നു.
ലാനാ ത്രൈമാസ കൃതികള്‍ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക