Image

അനഘയും അഭയയും സി.ബി.ഐയുടെ കളികളും

Published on 24 July, 2012
അനഘയും അഭയയും സി.ബി.ഐയുടെ കളികളും
`കൊണ്ടു നടന്നതും നീയേ, കൊല്ലിച്ചതും നീയേ ചാപ്പാ..' എന്നു വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെയാണ്‌ കാര്യങ്ങള്‍.

അനഘയെ പിതാവ്‌ പീഡിപ്പിച്ചുവെന്ന്‌ സി.ബി.ഐയുടേതായി ആദ്യം റിപ്പോര്‍ട്ട്‌ വന്നു. ഇപ്പോള്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത പ്രകാരം സി.ബി.ഐ അതില്‍ ഉറച്ചുനില്‍ക്കുന്നു. മറ്റു ചിലതു പ്രകാരം തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്‌ സി.ബി.ഐ. പകരം നന്ദകുമാര്‍ എന്ന ക്രൈം പത്രാധിപര്‍ കേസ്‌ വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും. സി.പി.എം നേതാക്കളുടേയോ മക്കളുടേയോ പേര്‌ അനഘയുടെ പേരുമായി ബന്ധപ്പെടുത്താന്‍ കേസിലെ പ്രതി ലതാ നായര്‍ക്ക്‌ അങ്ങേര്‍ ഒരുകോടി രൂപ വാഗ്‌ദാനം ചെയ്‌തുവത്രേ!

അങ്ങനെ ചെയ്‌തതിന്‌ തെളിവുണ്ടെങ്കില്‍ സി.ബി.ഐയ്‌ക്ക്‌ തന്നെ അയാളെ അറസ്റ്റ്‌ ചെയ്യാന്‍ പാടില്ലേ? ഒരാള്‍ കേസില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്‌ കുറ്റമല്ലേ? അക്കാര്യം കോടതിയില്‍ പറഞ്ഞ്‌ കോടതിയോട്‌ ദീര്‍ഘകാലം കഴിഞ്ഞ്‌ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നതിലെ കേസന്വേഷണ വൈദഗ്‌ധ്യം എവിടെ നിന്നു പഠിച്ചു?

ഇനി നന്ദകുമാര്‍ എന്ന വിദ്വാന്‌ ഈ ഒരു കോടി രൂപ എവിടെ നിന്നു കിട്ടും? കൊടുക്കാന്‍ ആരെങ്കിലും ഉണ്ടാവുമല്ലോ? അവര്‍ ആര്‌? അതു കണ്ടുപിടിക്കാന്‍ സി.ബി.ഐ വല്ലതും ചെയ്‌തോ?

ഇതൊന്നും ചെയ്യാതെ ഉണ്ടയില്ലാത്ത വെടി വെടിവെയ്‌ക്കുന്നതാണോ ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സി നടത്തേണ്ടത്‌? അനഘയെ അച്ഛന്‍ പീഡിപ്പിച്ചെന്ന കള്ളക്കഥ തകര്‍ന്നതിലുള്ള ദേഷ്യം തന്നോട്‌ തീര്‍ക്കുന്നതാണെന്ന്‌ നന്ദകുമാര്‍ പത്ര സമ്മേളനം നടത്തി പറയുന്നു. താന്‍ തുകയൊന്നും ലതാ നായര്‍ എന്ന പ്രതിക്ക്‌ വാഗ്‌ദാനം ചെയ്‌തിട്ടില്ലെന്നും.

ദാരുണമായി സകുടുംബം മരണം ഏറ്റുവാങ്ങിയ ഒരു പാവം നമ്പൂതിരിയെപ്പറ്റി അപവാദം പരത്തുന്നതിനു മുമ്പ്‌ അത്‌ സത്യമാണോ എന്ന്‌ സി.ബി.ഐ ഉറപ്പുവരുത്തിയോ? ഇല്ല. ഒരു ഊഹം പറഞ്ഞുവെന്നുമാത്രം. മൂന്നു ദിവസമായി അനഘ വീടിനു പുറത്തു പോയിട്ടില്ല, വീട്ടില്‍ ആരും വന്നിട്ടുമില്ല. അതുകൊണ്ട്‌ ഇത്തരം ഒരു കാര്യം നടന്നുവെന്ന്‌ ഉറപ്പിക്കാമോ? അത്തരം ഒരു കാര്യം ചെയ്യാന്‍ അറപ്പില്ലാത്ത ആള്‍ ലതാ നായരെ വീട്ടില്‍ ഒളിപ്പിച്ചത്‌ ജനം അറിഞ്ഞാലോ എന്ന കാരണത്താല്‍ കൂട്ട ആത്മഹത്യയ്‌ക്ക്‌ മുതിരുമോ?

സിബി.ഐ ഇങ്ങനെയൊന്നും ചെയ്യരുത്‌. ഇത്തരം നിന്ദ്യമായ കേട്ടുകേള്‍വി പോലുമില്ലാത്ത ഹീനകാര്യങ്ങള്‍ മരിച്ചുപോയ ഒരാളുടെ പേരില്‍ ആരോപിക്കുമ്പോള്‍ വീണ്ടും കൊല്ലുന്നതിനേക്കാള്‍ കഷ്‌ടമാകുന്നു.

കേസും കോടതിയുമായി ബന്ധപ്പെട്ട കാര്യമാണ്‌ ഇതൊക്കെ. വിചാരണയ്‌ക്ക്‌ മുമ്പ്‌ അത്‌ എങ്ങനെ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നുകിട്ടുന്നു? കേരളത്തിലെ മദമിളകിയ മാധ്യമങ്ങളാകട്ടെ കിട്ടിയതെന്തും ഉളുപ്പില്ലാതെ ഏറ്റുപാടുന്നു.

സിബിഐയുടെ അടുത്ത കളിയാണ്‌ അഭയ കേസില്‍. ഇപ്പോഴിതാ ബിഷപ്പിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നു. അത്‌ മാധ്യമങ്ങളിലാണ്‌ ആദ്യം വന്നത്‌. എന്നാല്‍ പിന്നെ കോടതിയും വിചാരണയും ഒന്നും വേണ്ടല്ലോ.

ബിസിഎം കോളജിലെ പ്രൊഫസര്‍ ത്രേസ്യാമ്മ എന്ന പുതിയ കഥാപാത്രത്തിന്റെ വെളിപ്പെടുത്തലിലാണ്‌ `അടുത്ത ബന്ധ'ത്തിന്റെ കഥകള്‍ പുറത്തുവന്നത്‌. സാക്ഷി വെളിപ്പെടുത്തുന്നത്‌ മാധ്യമങ്ങള്‍ എങ്ങനെ അറിഞ്ഞു എന്നതു മറ്റൊരു കാര്യം.

അടുത്ത ബന്ധം എന്നാല്‍ അവിഹിത ബന്ധം ആകണോ? എന്താണ്‌ അടുത്ത ബന്ധം? ഒരു മുറിയില്‍ ഇരുന്ന്‌ സംസാരിച്ചതോ, ഇടയ്‌ക്കിടയ്‌ക്ക്‌ കണ്ടുവെന്നതോ? ഇത്തരമൊരു ആരോപണം ഉന്നയിച്ച വ്യക്തിക്ക്‌ എന്തെങ്കിലും നിക്ഷിപ്‌ത താത്‌പര്യമുണ്ടോ?

ബിഷപ്പുമാരും വൈദീകരുമൊക്കെ പുണ്യവാളന്മാരാണെന്നോ തെറ്റ്‌ ചെയ്യാത്തവരാണെന്നോ ഒന്നും ഇവിടെ അവകാശപ്പെടുന്നില്ല. പക്ഷെ ഒരാള്‍ പറഞ്ഞു എന്ന പേരില്‍ മറ്റൊരാളെ തേജോവധം ചെയ്യാമോ? അതിനു സിബിഐ കൂട്ടുനില്‍ക്കാമോ? പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞതു ശരിയെങ്കില്‍ അതിനു തെളിവു കാണിക്കട്ടെ. അല്ലെങ്കില്‍ വിചാരണയില്‍ തെളിയിക്കട്ടെ. അല്ലാതെ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കി ഒരുകൂട്ടം ദുഷിച്ച മാധ്യമങ്ങളില്‍ക്കൂടി വിഷം ചീറ്റാന്‍ ഇടനല്‍കുന്നതാണോ കുറ്റാന്വേഷണം?

`അടുത്ത ബന്ധം' ഉണ്ടെന്നു പറഞ്ഞ കന്യാസ്‌ത്രീ എന്നൊരു കഥാപാത്രം ഇല്ലായിരുന്നുവെന്ന്‌ രൂപതാ അധികൃതര്‍ പറയുന്നു. അപ്പോള്‍ പിന്നെ അടിസ്ഥാനപരമായ `ഫാക്‌ട്‌ ചെക്കിംഗ്‌' പോലും സിബിഐയ്‌ക്കില്ലേ?

അഭയ കേസില്‍ വൈദീകനെ അറസ്റ്റ്‌ ചെയ്‌ത്‌ നാട്ടിലൂടെ പരേഡ്‌ നടത്തിയപ്പോള്‍ സിബിഐ ഓരോ മിനിറ്റിലും ഏതാനും മാധ്യമങ്ങള്‍ക്ക്‌ വിവരം കൊടുത്തുകൊണ്ടിരുന്നതും, നിന്ദ്യമായ മുഖപ്രസംഗങ്ങളും, റിപ്പോര്‍ട്ടുകളും വന്നതും മറക്കാന്‍ സമയമായിട്ടില്ല.

അടുത്ത ബന്ധമോ അവിഹിതബന്ധമോ കുറ്റമൊന്നും അല്ലെന്ന്‌ സിബിഐ മറക്കുന്നു. പ്രായപൂര്‍ത്തിയായ സ്‌ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തില്‍ ഒളിഞ്ഞു നോക്കേണ്ട കാര്യം ആര്‍ക്കുമില്ല. അതില്‍ ഒരാള്‍ ആദരണീയനായ വ്യക്തിയാണെങ്കില്‍ അവരുടെ നടപടി ചോദ്യംചെയ്യാന്‍ വിശ്വാസികളും സഭാ ചട്ടങ്ങളുമുണ്ട്‌.

വൈദികരോ ബിഷപ്പുമാരോ കുറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ കോടതിയില്‍ കേസ്‌ കൊടുക്കുക. വിചാരണ നടത്തുക. കുറ്റക്കാരെ ശിക്ഷിക്കുക. അതിനു പകരം ഒരു സ്‌ത്രീയുടെ കന്യകാത്വ പരിശോധന നടത്തുകയും അത്‌ മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കുകയും ചെയ്യുന്നത്‌ എത്ര കിരാതമായ നടപടിയാണ്‌? സംസ്‌കാരമുള്ള ഏതെങ്കിലും വ്യക്തികള്‍ കന്യകാത്വ പരിശോധനയ്‌ക്ക്‌ ഉത്തരവിടുമോ? സിബിഐയിലും കാണും ഞരമ്പുരോഗികള്‍ എന്ന്‌ അതില്‍ നിന്ന്‌ ഊഹിക്കാം.

കൊട്ടിഘോഷിച്ച്‌ നാര്‍ക്കോ അനാലിസിസ്‌ പരിശോധന നടത്തി. എന്നിട്ടെന്തുകിട്ടി? അത്‌ ഉളുപ്പില്ലാതെ മാധ്യമങ്ങള്‍ക്കെല്ലാം ചോര്‍ത്തിക്കൊടുത്തു.

എന്തായാലും ഇതൊന്നും സിബിഐയ്‌ക്ക്‌ ഭുഷണമല്ല. കേരള പോലീസ്‌ പോലും ഇത്ര തരംതാഴില്ല. സിബിഐ അവരുടെ ജോലി പ്രൊഫഷണലായി ചെയ്യണം. ആരേയും പേടിക്കാതെ, ആര്‍ക്കും പ്രത്യേക ആനുകൂല്യം നല്‍കാതെ, ആരേയും പ്രത്യേകിച്ച്‌ ദ്രോഹിക്കണമെന്ന താല്‍പര്യമില്ലാതെ.

അതിനുപകരം ഊഹിക്കാനും അപവാദ പ്രചാരണം മാധ്യമങ്ങളിലൂടെ നടത്താനും തുനിഞ്ഞാല്‍ ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകരും.

നിരീക്ഷകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക