Image

പേരമരം ഉണങ്ങിയപ്പോള്‍ ... ?(കഥാസ്വാദനം: മണ്ണിക്കരോട്ട്‌ )

Published on 24 July, 2012
പേരമരം ഉണങ്ങിയപ്പോള്‍ ... ?(കഥാസ്വാദനം: മണ്ണിക്കരോട്ട്‌ )
പേരമരമെന്നല്ല ഏതു മരമായാലെന്ത്‌? ഉണങ്ങിക്കഴിഞ്ഞാല്‍ പിന്നെ എന്തിനുകൊള്ളാം? അതില്‍നിന്ന്‌ പിന്നീടൊരിക്കലും ഫലമുണ്ടാകുകയില്ല. ആര്‍ക്കും തണല്‍ അനുഭവപ്പെടുകയുമില്ല. അത്‌ വെറും പാഴ്‌മരം. ഇക്കാലത്ത്‌ വിറകിനുവേണ്ടിപോലും ആര്‍ക്കും വേണ്ടാതായിരിക്കുന്നു. അത്‌ ഫലഭൂയിഷ്ടമായ നിലത്തിന്‌ ഒരു ശാപം മാത്രം. അതുകൊണ്ട്‌ അതിനെ വെട്ടിയെറിയുകയല്ലേ ഭേദം?

ഈ മരം ഒരു മരമല്ല, അനേകം മരങ്ങള്‍. അത്തരം മരങ്ങള്‍പോലെ ജീവിതസായാഹ്നത്തിലെത്തി ജീവിതത്തിന്റെ പച്ചപ്പു നഷ്ടപ്പെട്ട്‌ ഉണങ്ങിവരണ്ട അനേകം ജീവിതങ്ങള്‍ ഓര്‍മ്മയില്‍ ഓടിമറയുന്നില്ലേ? ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍; സമ്പത്തും ആരോഗ്യവും. തങ്ങളെ കാത്തുരക്ഷിയ്‌ക്കേണ്ട മക്കള്‍ സ്വത്തെല്ലാം പങ്കിട്ടെടുത്തു. പങ്കിട്ടെടുത്തു എന്നു പറയുന്നതു ശരിയല്ല. പിടിച്ചുപറിച്ചെടുത്തു. വാര്‍ദ്ധക്യം ഭീഷണിയും ഒരു പക്ഷെ ശാരീരിക പീഡനവും ഏറ്റുവാങ്ങിയിരിക്കാം. ആരോരും ആശ്രയമില്ലാത്ത ഉണങ്ങി വരണ്ട വാര്‍ദ്ധക്യം. ആ വാര്‍ദ്ധക്യത്തിലേക്ക്‌ വെളിച്ചം വീശി കടന്നു ചെല്ലുകയാണ്‌ `പേരമരം' എന്ന കഥയിലൂടെ യുവസാഹിത്യകാരില്‍ ശ്രദ്ധേയനായ സതീഷ്‌ ബാബു പയ്യന്നൂര്‍.

നട്ടുവളര്‍ത്തി 38 വര്‍ഷം ജീവനപ്പോലെ പരിചരിച്ച പേരമരത്തെ തൈവളപ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ മുറിക്കാന്‍ തീരുമാനിക്കുന്നതോടെ കഥ തുടങ്ങുകയായി. `തൈവളപ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അവസാനം ഒരിക്കല്‍ കൂടി ആ പേരമരത്തിന്‍ കൊമ്പത്തേക്കു നോക്കി. ഉഷ്‌ണക്കാറ്റില്‍ ആടിയുലയുന്ന ചില്ലകള്‍. പേരയ്‌ക്ക തീര്‍ന്ന്‌ അകിടുചോര്‍ന്ന മരം. ഇലകളും ഗ്രീഷ്‌മത്തിലേക്ക്‌ പറന്നുകൊഴിഞ്ഞു. അറ്റത്തൊരു ചില്ലയില്‍ തൂവല്‍ കൊഴിഞ്ഞ ഒരു പക്ഷി ചിറകുകളടിച്ചു.'

ഇവിടെ തൈവളപ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ സ്വന്തം ജീവിതത്തിലേക്ക്‌ കണ്ണോടിയ്‌ക്കുകയാണ്‌. എല്ലാം നഷ്ടപ്പെട്ട്‌ ഉണങ്ങിവരണ്ട്‌ ആടിയുലയുന്ന ജീവിതം. അവിടെ ഇനിയും ഒന്നും ബാക്കിയില്ല. ഒരു സമയത്ത്‌ സമ്പത്തും സൗകര്യങ്ങളുംകൊണ്ട്‌ പാലാഴിപോലെ നിറഞ്ഞൊഴുകിയ ആ ജീവിതത്തില്‍നിന്ന്‌ അവസാന തൂള്ളിയും ചോര്‍ത്തിയെടുത്ത മക്കള്‍. ഇന്നത്‌ കേവലം അകിടു ചോര്‍ന്ന ഒരു ഉണക്കമരം. ആ മരത്തില്‍ ഇനിയും ആകെയുള്ളത്‌ അറ്റത്തൊരു ചില്ലയില്‍ തൂവല്‍ കൊഴിഞ്ഞ ഒരു പക്ഷിയുടെ ചിറകനക്കം മാത്രം.

ആ തൂവല്‍ കൊഴിഞ്ഞ ആ പക്ഷി എന്തായിരിക്കാം, ആരായിരിക്കാം? എന്തായിരിക്കും കഥാകൃത്ത്‌ ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്‌? ആരുടേയും ജീവിതസായാഹ്നത്തിലെ വരണ്ട ഹൃദയത്തിലും ഉണങ്ങിയ മനസ്സിലും അപ്പോഴും ചിറകടിക്കുന്ന, തൂവല്‍ കൊഴിഞ്ഞ ആ പക്ഷി ആരായിരിക്കാം? കഥയിലേക്കും സ്വജീവിതത്തിലേക്കും കടന്നു ചെല്ലുക.

`തൈവളപ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക്‌ മുന്നില്‍ പേരമരം ദുശ്ശകുനമായി. ദുരന്ത വേതാളമായി.'

ആ പേരമരം തൈവളപ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെ ജീവനാണ്‌ ജീവിതമാണ്‌. ഇന്ന്‌ അയാള്‍ അയാള്‍ക്കുമാത്രമല്ല, മക്കള്‍ക്കു മാത്രമല്ല, ഈ ലോകത്തിനുതന്നെ ഒരു ദുശ്ശകുനവും ദുരന്തവേതാളവുമായി മാറിയിരിക്കുന്നു. തൈവളപ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്ന ആ പേരമരം ഇനിയും നിന്നിട്ടെന്തു കാര്യം? നിറുത്തിയിട്ടെന്തു കാര്യം? വെട്ടിയെറിയുകതന്നെ.

`ഇത്‌ ഞാന്‍ കൊത്താന്‍ പോണ്‌.'

അതേക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ അയാളുടെ നെഞ്ചകം തകര്‍ന്നിരിക്കാം.

അതു പറയുമ്പോള്‍ അയാള്‍ തന്റെ സഹധര്‍മ്മിണി മീനാക്ഷിയമ്മയുടെ കണ്ണുകളിലേക്ക്‌ നോക്കി. ഉണങ്ങിയ പേശികള്‍ക്കുള്ളിലെ തകര്‍ന്ന ഹൃദയത്തിന്റെ നീരൊഴിഞ്ഞ നോട്ടം. എങ്കിലും ആ നോട്ടത്തില്‍ നീരണിഞ്ഞ കണ്ണുകള്‍.

`മീനാക്ഷിയമ്മ ഒന്നും പറഞ്ഞില്ല.' എല്ലാം അറിയാവുന്ന അവര്‍ക്ക്‌ ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവരും നിസഹായതന്നെ. ആ നിസഹായതയോടെ അവര്‍ ആ പേരമരത്തെ ഒരിക്കല്‍കൂടി നോക്കി. അപ്പോള്‍ നേരത്തെ കുറച്ചെങ്കിലും ചിറകടിച്ച പക്ഷിയും പാറിപ്പോയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ ആശയും നശിച്ച നാലു കണ്ണുകള്‍. ഇനിയും അവിടെ ഒന്നുമില്ല. ശൂന്യമായ ഉണക്കമരം മാത്രം.

എല്ലാം നശിച്ച ജീവിതത്തിന്റെ അന്ത്യനാളുകളെ വളരെ കുറച്ചു വാക്കുകളിലൂടെ അതി വിദഗ്‌ദ്ധമായി കഥാകൃത്ത്‌ ഇവിടെ ചിത്രീകരിച്ചിരിക്കുകയാണ്‌. പേരമരം കേവലം ഒരു ബിംബം മാത്രം.

പേരമരത്തിന്റെ മുകളിലേക്കുനോക്കുന്ന വൃദ്ധയായ മീനാക്ഷയമ്മയുടെ ഓര്‍മ്മകളിലൂടെ കഥയുടെ ഇതള്‍ വിരിയുകയാണ്‌. 38 വര്‍ഷം മുമ്പ്‌ `തെങ്ങിന്‍ തൈകളും മാവിന്‍ തൈകളും മറ്റ്‌ തൈക്കൂട്ടങ്ങളും' വിപണനം ചെയ്യുന്ന നഴ്‌സറിയില്‍ ഒരു `പേരത്തൈ' വാങ്ങിയ്‌ക്കാന്‍ ചെന്നതായിരുന്നു തൈവളപ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍. അവിടെ ജീവനക്കാരിയായിരുന്നു 25 വയസുള്ള മീനാക്ഷിയമ്മ.

പേരത്തൈ ഇല്ലായെന്ന മറുപടി കേട്ടിട്ടും, അവിടെനിന്നു പോകാന്‍ പറഞ്ഞിട്ടും അയാള്‍ക്ക്‌ അവിടം വിട്ടുപോകാന്‍ മനസായില്ല. അവസാനം മീനാക്ഷിയമ്മ തനിയ്‌ക്കുവേണ്ടി കരുതിയിരുന്ന ഒരു പേരമരത്തൈ അയാള്‍ക്ക്‌ കൊടുക്കാമെന്നായി.

`ഒരു കുഞ്ഞ്‌ പേരേണ്ട്‌-അതേള്ളു ബാക്കി-അത്‌ ഞാന്‍ കൊണ്ടോണംന്ന്‌ വിചാരിച്ചിര്‌ന്നേര്‍ന്ന്‌.'

ആദ്യം പേരമരത്തൈ ഇല്ലയെന്ന്‌ കര്‍ക്കശമായി പറഞ്ഞ മീനാക്ഷിയമ്മയുടെ വാക്കുകള്‍ മൃദുലമായി. ആ വാക്കുകളില്‍ ശാന്തതയും നനവും പടര്‍ന്നിരുന്നു.

`എങ്കി വേണ്ട-ഇനി വരുമ്പോ മതി.' എന്നായി കുഞ്ഞിരാമന്‍ നമ്പ്യാര്‍. പങ്കുവയ്‌ക്കലിന്റെ ധ്വനി ഈ വാക്കുള്‍ക്കിടിയില്‍ മുഴങ്ങുന്നുണ്ട്‌.

`വേണ്ട. ഇതുതന്നെ കൊണ്ടച്ചോളു' മീനാക്ഷിയമ്മ.

നഎങ്കി - ?

നഎങ്കി - ?

നഎങ്കി ... നമ്മക്കൊന്നിച്ച്‌ വെക്കാം - (പേരമരത്തൈ) എന്ന ചിലവാക്കുകള്‍കൊണ്ട്‌ അവരുടെ പ്രേമമൊ പ്രണയമൊ എന്തുമാകട്ടെ മൊട്ടിട്ടുവിരിയുകയാണ്‌. കുഞ്ഞിരാമന്‍ നമ്പ്യാര്‍ അവിടം വിട്ടുപോകാതെ ജീവനക്കാരിയുടെ പേരു ചോദിക്കുന്നു.

കുഞ്ഞിരാമന്‍ നമ്പ്യാരുടെ മുഖത്തു നേരെ നോക്കിയപ്പോള്‍ അവള്‍ക്കുതോന്നി. `ഇയാളോട്‌ ചൂടാവണ്ടാര്‍ന്നു'. ഇവിടെ കഥാകൃത്ത്‌ അനാവശ്യമായ വിവരണങ്ങള്‍ക്കൊ, സാധാരണ യുവത്വത്തിലുണ്ടാകാവുന്ന പ്രേമസല്ലാപങ്ങള്‍ക്കൊ, അശ്ലീല ചുവയുള്ള വാക്കുകള്‍ക്കൊ ഇടംകൊടുക്കാതെ അളന്നുകുറിച്ച വാക്കുകളിലൂടെ മീനാക്ഷിയമ്മയുടെയും കുഞ്ഞിരാമന്‍ നമ്പ്യാരുടെയും കൂടിക്കാഴ്‌ച ദാമ്പത്യത്തിലെത്തിക്കുകയാണ്‌.

അവര്‍ ഒരുമിച്ച്‌ പേരത്തൈ നട്ടു. അവരും തങ്ങളുടെ ദാമ്പത്യത്തില്‍ സ്വപ്‌നങ്ങള്‍ നെയ്‌തു. ആ പേരമരം വളരാന്‍ തുടങ്ങി. കൃഷ്‌ണന്‍കുട്ടി പിറന്നു. പിന്നെ കൗസല്യയും ദാമോദരനും. പേരമരം തളിര്‍ത്തു; വളര്‍ന്ന്‌ വലിയ ശിഖരങ്ങളുണ്ടായി. വേണ്ടുവോളം സമ്പത്തുണ്ടായി. സന്തുഷ്ട കുടുംബം.

എത്ര പെട്ടെന്നാണ്‌ കാലം കടന്നുപോയത്‌. ശിഖരങ്ങള്‍ക്ക്‌ കനംവച്ചു. താലോലിച്ചു നെഞ്ചിലേറ്റി വളര്‍ത്തിയ മക്കള്‍ സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്താന്‍ തിരക്കിട്ടു. സ്വത്തുക്കള്‍ക്കുവേണ്ടി കടിപിടിയായി. കള്ളക്കടത്തും കഞ്ചാവുമായി ദാമോദരന്‍ നിയമത്തിന്റെ നീണ്ടകരങ്ങളിലമര്‍ന്നു. അവനെ ജയിലില്‍ നിന്നിറക്കാനും തൈവളപ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെ സ്വത്തുക്കള്‍ കീറിമുറിച്ചു. മക്കളുടെ മത്സരത്തിലും കടുംപിടിത്തത്തിലും കുഞ്ഞിരാമന്‍ നമ്പ്യാര്‍ കേവലം ഒരു ഉണങ്ങിയ മരമായി മാറുകയായിരുന്നു. അവസാനം അതില്‍ അവശേഷിച്ച ചിറകടിയും പാറിപ്പോയിരിക്കുന്നു.

അയാള്‍ ഓര്‍ത്തു.

`പേരമരത്തിന്റെ സംവത്സരങ്ങളിലൂടെ ഈ മുറ്റം വരെ കനത്ത നിഴല്‍ കൈവന്നിരുന്നു. ഈ തണലിന്‌ ജന്മാന്തരങ്ങളിലേക്ക്‌ നീളുന്ന പുണ്യമുണ്ടായിരുന്നു. ഭസ്‌മത്തിന്റെ വിശുദ്ധിയുണ്ടായിരുന്നു. ഗംഗ ഇതിനരികിലൂടെയായിരുന്നു ഒഴുകിയെത്തിയിരുന്നത്‌. ...'

അവിടെ കുഞ്ഞുവറീതിന്റെ മഴുവിനറ്റം തിളങ്ങി. കുഞ്ഞുവറീത്‌ ചോദിച്ചു.

`ഈ തടി തീപ്പെട്ടിക്കമ്പനിക്കാര്‍ക്കുപോലും പറ്റത്തില്ല. എന്തനാ പിന്നെ കൊത്തണേ?'

`വെലേല്ലാത്ത മരാ - അതോണ്ടെന്നെ.'

കുഞ്ഞിരാമന്‍ നമ്പ്യാര്‍ സ്വയം ആശ്വസിച്ചു. അയാളുടെ കണ്ണുകളും ഹൃദയവും പിടഞ്ഞു. കണ്ണുകള്‍ ചുവന്ന്‌ നിറഞ്ഞൊഴുകി. അയാള്‍ക്ക്‌ കൂടുതല്‍ ശബ്‌ദിക്കാന്‍ കഴിഞ്ഞില്ല.

അയാളുടെ വിങ്ങിപ്പൊട്ടുന്ന നെഞ്ചിലേക്ക്‌ മീനാക്ഷിയമ്മ തലചായിച്ചു. 38 വര്‍ഷം മുമ്പ്‌ നട്ടുവളര്‍ത്തിയ ജീവിതം. അവര്‍ ഓര്‍ത്തു. `നമ്മുടെ പ്രാണന്‍, നമ്മുടെ ജീവിതം, നമ്മുടെ മോഹങ്ങള്‍ ...'

ഉണങ്ങിച്ചൊക്കിച്ച ആ വൃക്ഷം നിലംപതിച്ചു.

ലോകമെങ്ങും അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്‌ വൃദ്ധജനങ്ങള്‍. സമ്പത്തും ആരോഗ്യവും നഷ്ടപ്പെട്ടവര്‍. അങ്ങനെ എത്രയൊ ജീവന്‍, എത്രയൊ പേരമരങ്ങള്‍ ഉണങ്ങി ചൊക്കിച്ച്‌ ആര്‍ക്കും വേണ്ടാതെ ആരും നോക്കാന്‍പോലുമില്ലാതെ തകര്‍ന്നടിയുന്നു? തെരുവില്‍ വലിച്ചെറിയപ്പെടുന്നു? അനാഥാലയങ്ങളില്‍ അന്ത്യം കൊള്ളുന്നു? താനും അതിലൊന്നായിത്തീരുമെന്ന്‌ മറ്റുള്ളവരെപ്പോലെ കുഞ്ഞിരാമന്‍ നമ്പ്യാരും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല.

വളരെ മിതമായ, അളന്നുകുറിച്ച വാക്കുകളിലൂടെ ഒരു ജീവിത യാഥാര്‍ത്ഥ്യത്തെ ഇവിടെ പച്ചയായി അനാവരണം ചെയ്‌തിരിക്കുകയാണ്‌ കഥാകൃത്ത്‌. ലോകമെങ്ങും ജീവിതത്തിന്റെ ചിറകടി നശിച്ച്‌ ഉണങ്ങിവരണ്ട അനേകം വൃദ്ധജനങ്ങള്‍ക്കു നേരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്‌ ഈ പേരമരം എന്ന ചെറുകഥ.

സതീഷ്‌ ബാബുവിന്റെ ഈ കഥവായിച്ചപ്പോള്‍ മഹാകവി കുമാരനാശാന്റെ വീണപൂവ്‌ എങ്ങനെയൊ എന്റെ ഓര്‍മ്മയില്‍ ഇടംതേടി. സാധാരണ രീതിയില്‍ ചിന്തിച്ചാല്‍ നിസാരമായ ഒരു ഇതിവൃത്തം. രാവിലെ വിടര്‍ന്നു വികസിച്ച്‌ മണം വിതറി ആരേയും ആകര്‍ഷിക്കുന്ന പൂവ്‌. അത്‌ വൈകീട്ട്‌ വാടുന്നു. രാവിലെ നിലംപതിഞ്ഞേക്കാം. അത്‌ പ്രകൃതിയുടെ രീതി. പിന്നെന്താണ്‌ വീണപൂവിനൊരു പ്രത്യേകത? അത്‌ കുമാരനാശാന്‍ എന്ന മഹാകവിയുടെ ചിന്താധാരയില്‍ പുനര്‍ജ്ജനിച്ച്‌ എക്കാലത്തേയും മഹത്തായ ഒരു മഹാകാവ്യമായി മാറുകയായിരുന്നു.

ഇവിടെ പ്രതിപാദിക്കുന്ന, സതീഷ്‌ ബാബു പയ്യന്നൂര്‍ എന്ന പ്രസിദ്ധ സാഹിത്യകാരന്‍ എഴുതിയ `പേരമരം' എന്ന ചെറുകഥയും, പേരമരം എന്ന ബിംബത്തിലൂടെ ജീവിതാന്ത്യത്തിന്റെ മുള്‍പ്പടര്‍പ്പില്‍ ചെകുത്താനും കടലിനും മധ്യേ ഹോമിക്കപ്പെട്ട ജീവിതങ്ങളുടെ കരിനിഴലിലേക്ക്‌ കടന്നു ചെല്ലുകയാണ്‌. പേരമരത്തിലൂടെ സാധാരണ ജീവിതത്തിന്റെ നാനാമുഖങ്ങളില്‍ തുടങ്ങി, അവസാന ആശയും അര്‍ത്ഥവും നശിച്ച്‌, ഉണങ്ങി വരണ്ട്‌ കടപുഴകി വീഴുന്ന ഒരു പേരമരത്തെപ്പോലെ ജീവതങ്ങള്‍ നിലം പൊത്തുന്ന കാഴ്‌ച, കരവിരുതുള്ള ഒരു കലാകാരനെപ്പോലെ കഥയുടെ ക്യാന്‍വാസില്‍, കദനത്തില്‍ ചാലിച്ച നിറക്കൂട്ടുകൊണ്ട്‌ കോറിയിട്ടിരിക്കുകയാണ്‌. ഈ കഥയുടെ ഉള്‍ക്കാമ്പ്‌ ഒരു നാട്ടിലൊ ഒരു ദേശത്തൊ ഒതുങ്ങുന്നില്ല. ലോകത്തെങ്ങും എന്നും എക്കാലത്തും വൃദ്ധജീവിതങ്ങളെ കാര്‍ന്നുതിന്ന ഒരു മഹാവ്യാധിയുടെ മര്‍മ്മത്തില്‍ ഒരിത്തിരിവെട്ടം കടത്തി വിടുകയാണ്‌.

കഥയിലൂടെ കടന്നുപോകു. നമ്മുടെ പൂര്‍വ്വീകരായ പലരുടെയും അന്ത്യനാളുകള്‍ ഒരു ചിത്രത്തിലെന്നപോലെ ദര്‍ശിക്കാം. ഇനിയും വീണടിയാനായി അന്ത്യത്തിന്റെ മുറവിളിയും പേറി നീങ്ങിക്കൊണ്ടിരിക്കുന്നരേയും സങ്കല്‍പ്പിക്കാം. അങ്ങനെ ഒരു അന്ത്യം സംഭവിക്കുന്നതിനു മുമ്പേ വേണ്ട മുന്‍കരുതിലന്റെ മുന്നറിയിപ്പും ഈ കഥയില്‍ ധ്വനിക്കുന്നുണ്ട്‌.

അതുകൊണ്ട്‌ ഈ കഥയിലൂടെ ശ്രദ്ധയോടു വായിക്കുക. ഒരു പുരുഷായുസിന്റെ അന്ത്യത്തിന്‌ സാക്ഷിയാകു.

പേരമരം: ഇരുപതു കഥകളുടെ സമാഹാരം.

പ്രസിദ്ധീകരണം: പൂര്‍ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌

മണ്ണിക്കരോട്ട്‌ (www.mannickarottu.net)
പേരമരം ഉണങ്ങിയപ്പോള്‍ ... ?(കഥാസ്വാദനം: മണ്ണിക്കരോട്ട്‌ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക