Image

കഥയും കവിതയും അലയടിച്ച മലയാള ഭാഷാസ്‌നേഹികളുടെ കൂട്ടായ്‌മ

Published on 24 July, 2012
കഥയും കവിതയും അലയടിച്ച മലയാള ഭാഷാസ്‌നേഹികളുടെ കൂട്ടായ്‌മ
ന്യൂയോര്‍ക്ക്‌: ഫോമായും ജനനി മാസികയും സംയുക്തമായി നടത്തിയ ഏകദിനസാഹിത്യസെമിനാര്‍ അമേരിക്കയിലെ മലയാളസാഹിത്യകാരന്മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാംസ്‌കാരികനേതാക്കന്മാരുടെയും ഒരു അപൂര്‍വ്വസംഗമവേദിയായി.

ജൂലൈ 21 ന്‌ ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന ഈ സമ്മേളനത്തില്‍ വിവിധനഗരങ്ങളില്‍നിന്നായി അമ്പതോളം സാഹിത്യകാരന്മാര്‍ പങ്കെടുത്തു. പ്രശസ്‌ത ഭാഷാപണ്ഡിതനും വാഗ്‌മിയുമായ ഡോ. എം.വി പിള്ള, സാഹിത്യഅക്കാഡമി അവാര്‍ഡ്‌ ജേതാവായ സാഹിത്യകാരി മാനസി എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം വഹിച്ചു. അവതരണമികവുകൊണ്ടും ആശയങ്ങളുടെ പുതുമ കൊണ്ടും ഏറെ ശ്രദ്ധേയമായി ഫോമയും ജനനിയും നേതൃത്വം നല്‍കിയ ഈ സമ്മേളനം.

രാവിലെ മുഖ്യാതിഥികളും ഫോമായുടെയും ജനനിയുടെയും ഭാരവാഹികളും ചേര്‍ന്ന്‌ ഭദ്രദീപം തെളിയിച്ചുകൊണ്ടാണ്‌ സമ്മേളനത്തിന്‌ തുടക്കം കുറിച്ചത്‌. തുടര്‍ന്ന്‌ നടന്ന കവിയരങ്ങില്‍ സാഹിത്യകാരനായ മനോഹര്‍ തോമസ്‌ മോഡറേറ്ററായിരുന്നു. ജയന്‍ കെ.സി, സന്തോഷ്‌ പാലാ, വാസുദേവ്‌ പുളിയ്‌ക്കല്‍, ത്രേസ്യാമ്മ നാടാവള്ളില്‍, രാജു തോമസ്‌, മാമ്മന്‍ സി മാത്യു, വി.ജെ മാത്യൂസ്‌, ജേക്കബ്‌ തോമസ്‌, മനോഹര്‍ തോമസ്‌ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. കവിതകളെ അവലോകനം ചെയ്‌തുകൊണ്ട്‌ ഡോ. എന്‍.പി ഷീല, നന്ദകുമാര്‍ ചാണയില്‍, ഡോ. എം വി പിള്ള, മാമ്മന്‍ സി മാത്യു, ജെ മാത്യൂസ്‌, ജേക്കബ്‌ തോമസ്‌, കെ.കെ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

പിന്നീട്‌ `ചെറുകഥ എന്ന മാധ്യമം' എന്നവിഷയത്തെ ആസ്‌പദമാക്കി മാനസി പ്രബന്ധം അവതരിപ്പിച്ചു. സാഹിത്യകാരനായ സി.എം.സി ആയിരുന്നു മോഡറേറ്റര്‍. റീനി മമ്പലം മാനസിയെ സദസ്യര്‍ക്ക്‌ പരിചയപ്പെടുത്തി. പതിനെട്ടാം വയസ്സില്‍ ഒരു ചെറുകഥയെഴുതി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ വീട്ടുകാരുടെ എതിര്‍പ്പ്‌ നേരിടേണ്ടിവന്നുവെങ്കിലും, വീണ്ടും അതിശക്തമായി എഴുതാന്‍ അത്‌ പ്രേരകമായിത്തീരുകയാണുണ്ടായതെന്ന്‌ മാനസിയെ പരിചയപ്പെടുത്തിക്കൊണ്ട്‌ റീനി പറഞ്ഞു.

ഒരു ചെറുകഥ ഉരുവാകുന്നതെങ്ങനെ എന്നും വായനക്കാര്‍ക്ക്‌ ആസ്വാദ്യകരമായ രീതിയില്‍ ഒരു കഥാതന്തുവിനെ അവതരിപ്പിക്കുന്നതെങ്ങനെ എന്നും മാനസി തന്റെ പ്രൗഢഗംഭീരമായ പ്രബന്ധത്തില്‍ വിശദീകരിച്ചു. കഥയെഴുത്തിനുള്ള സിദ്ധി ഒരു പരിധി വരെ ജന്മസിദ്ധമാണെങ്കിലും, സാഹിത്യസൃഷ്ടിയില്‍ വായനയുടെ സ്ഥാനം ഏറെ വലുതാണെന്നും മാനസി ചൂണ്ടിക്കാട്ടി.

`കഥ വന്ന വഴി' എന്ന പരിപാടിയില്‍ അമേരിക്കയിലെ പ്രശസ്‌തസാഹിത്യകാരന്മാര്‍ തങ്ങളുടെ കഥാരചനയുടെ ഉറവിടവും ശൈലിയും സദസ്യരുമായി പങ്കുവച്ചു. ബാബു പാറയ്‌ക്കല്‍, ഡോ. എന്‍.പി ഷീല, റീനി മമ്പലം, മാലിനി, നീനാ പനയ്‌ക്കല്‍, മനോഹര്‍ തോമസ്‌, മീനു എലിസബത്ത്‌, സി. എം.സി, അബ്ദുള്‍ പുന്നയൂര്‍ക്കുളം മുതലായവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജോസ്‌ ചേരിപുറം എഴുതിയ `അളിയന്റെ പടവലങ്ങ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം, പുസ്‌തകത്തിന്റെ ഒരു കോപ്പി മാനസിക്ക്‌ നല്‍കിക്കൊണ്ട്‌ ഡോ. എം.വി പിള്ള നിര്‍വഹിച്ചു.

ഉച്ചയ്‌ക്കുശേഷം നടന്ന ?The new breed of ?Daughters of Kerala? എന്ന സെഷന്‌ ഡോ. എം. വി പിള്ള നേതൃത്വം നല്‍കി. മലയാളസാഹിത്യകൃതികള്‍ വരുംതലമുറയ്‌ക്ക്‌ അന്യമാകാതിരിക്കുവാന്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഡോ. എം.വി പിള്ള തന്റെ ആമുഖപ്രസംഗത്തില്‍ പ്രസ്‌താവിച്ചു. വിവിധകാലഘട്ടത്തിലുള്ള മലയാളി സ്‌ത്രീകളെ പ്രതിനിധാനം ചെയ്യുന്ന പ്രശസ്‌തമായ 25 മലയാളചെറുകഥകള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത ശ്രീമതി അച്ചാമ്മ ചന്ദ്രശേഖര്‍, പുതിയ മലയാളരചനകള്‍ തര്‍ജ്ജിമ ചെയ്യുവാന്‍ ശ്രമം നടത്തണമെന്ന്‌ സാഹിത്യകാരുടെ സദസ്സിനോട്‌ ആവശ്യപ്പെട്ടു.

അമേരിക്കയിലെ അഞ്ച്‌ കഥാകാരികളെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു പിന്നീട്‌. ഡോ. എന്‍.പി ഷീല, നീനാ പനയ്‌ക്കല്‍, റീനി മമ്പലം, മാലിനി(നിര്‍മ്മല ജോസഫ്‌), മീനു എലിസബത്ത്‌ എന്ന്‌ അഞ്ച്‌ കഥാകാരികളെ ജനനി ലിറ്റററി എഡിറ്ററായ ഡോ. സാറാ ഈശോ സദസ്സിന്‌ പരിചയപ്പെടുത്തി. ഇവരുടെ ഓരോരുത്തുടെയും ചെറുകഥകളെക്കുറിച്ച്‌ ഡോ. എം.വി പിള്ള ആഴമേറിയ ഒരു അവലോകനം നടത്തി. കഥാകാരികള്‍ തന്നെ അവരുടെ ചെറുകഥകള്‍ വായിച്ചത്‌ വളരെ ഹൃദ്യവും മനോഹരവുമായ ഒരു അനുഭവമായിരുന്നു.

മലയാളസാഹിത്യത്തിലെ മുഖ്യധാരാകൃതികളോട്‌ കിടപിടിക്കുന്ന ഇതുപോലെയുള്ള അമൂല്യമായ രചനകള്‍, അനശ്വരമാക്കുവാനും, വരുംതലമുറയ്‌ക്ക്‌ കൂടി ആസ്വദിക്കുവാനുമുള്ള ശ്രമങ്ങള്‍ക്ക്‌ ഒരു തുടക്കമാകട്ടെ ഈ സെമിനാര്‍ എന്ന്‌ ഡോ. എം.വി പിള്ള ആശംസിച്ചു. ഫോമാ റീജണല്‍ വൈസ്‌ പ്രസിഡണ്ട്‌ എം.എ മാത്യു കൃതജ്ഞതയര്‍പ്പിച്ചു.

`മലീമസമായ മലയാളമാനസം: കേരളീയരുടെ സാംസ്‌കാരിക അധഃപതനത്തില്‍ മാധ്യമങ്ങള്‍ക്കും സാഹിത്യകാരന്മാര്‍ക്കുമുള്ള പങ്ക്‌/ഉത്തരവാദിത്വം' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള മീഡിയ സെമിനാറായിരുന്നു അടുത്തയിനം. ജോസ്‌ കാടാപുറം മോഡറേറ്ററായിരുന്ന ഈ സെഷനില്‍ ജോര്‍ജ്‌ ജോസഫ്‌, ജോര്‍ജ്‌ തുമ്പയില്‍, സുനില്‍ ട്രൈസ്റ്റാര്‍, രാജു മൈലപ്രാ, ജെ. മാത്യൂസ്‌ മുതലായ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഡോ. എം.വി പിള്ള, മാനസി എന്നിവരും പങ്കെടുത്തു. സജി ഏബ്രഹാം നന്ദി പ്രകാശിപ്പിച്ചു.

വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ സാഹിത്യകാരന്മാര്‍ക്കൊപ്പം ഫോമയുടെ നേതൃത്വവും പങ്കെടുത്തു. ഫോമാ പ്രസിഡണ്ട്‌ ബേബി ഊരാളില്‍ അദ്ധ്യക്ഷം വഹിച്ചു. ജനനി മാനേജിംഗ്‌ എഡിറ്ററും ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ സണ്ണി പൗലോസ്‌ സ്വാഗതമാശംസിച്ചു.

ഫോമാ വിമന്‍സ്‌ ഫോമത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം മാനസി നിര്‍വഹിച്ചു. വിമന്‍സ്‌ ഫോറത്തെ പ്രതിനിധീകരിച്ച്‌ ഗ്രേസി ജയിംസ്‌, ലോണ ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. ഡോ. എം.വി പിള്ള, ജനനി ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌, ഫോമാ ജനറല്‍ സെക്രട്ടറി ബിനോയ്‌ തോമസ്‌, ഡോ. എ.കെ.ബി പിള്ള, വാസുദേവ്‌ പുളിയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോമാ സാഹിത്യമത്സരങ്ങളില്‍ അവാര്‍ഡ്‌ നേടിയ രാജു ചിറമണ്ണില്‍, ജോര്‍ജ്‌ നടവയല്‍, മറിയാമ്മ ജോര്‍ജ്‌, ഷീബാ ജോസ്‌, അബ്ദുള്‍ പുന്നയൂര്‍ക്കളം എന്നിവര്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡും ഫലകങ്ങളും ഈ സമ്മേളനത്തില്‍വച്ച്‌ വിതരണം ചെയ്‌തു. ഫോമ ജോയിന്റ്‌ ട്രഷറര്‍ ഐപ്‌ മാരേട്ട്‌ കൃതജ്ഞത പ്രകാശിപ്പിച്ചു.

സാഹിത്യസമ്മേളനത്തിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായ ഡോ. സാറാ ഈശോ ആയിരുന്നു എം.സി.

ഫോമാ ദേശീയകണ്‍വന്‍ഷന്‌ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്‌ ഇത്ര വിപുലമായ ഒരു സാഹിത്യസെമിനാര്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച ഫോമാ ഭാരവാഹികളെയും അത്‌ സാധ്യമാക്കിയ ജനനി മാസികയുടെ സാരഥികളെയും സദസ്‌ മുക്തകണ്‌ഠം പ്രശംസിച്ചു.
കഥയും കവിതയും അലയടിച്ച മലയാള ഭാഷാസ്‌നേഹികളുടെ കൂട്ടായ്‌മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക