Image

ഫോണ്‍വിവരം ചോര്‍ത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയായി

Published on 24 July, 2012
ഫോണ്‍വിവരം ചോര്‍ത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയായി
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ അന്വേഷണ സംഘം ഡിവൈ.എസ്.പിമാരായ ജോസി ചെറിയാന്‍, ടി.പി ഷൗക്കത്തലി എന്നിവരുടെ ഔദ്യാഗിക ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. കോള്‍ ഡീറ്റേല്‍സ് റെക്കോര്‍ഡ് (സി.ഡി.ആര്‍) ചോര്‍ത്തി നല്‍കിയ ബി.എസ്.എന്‍.എല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഓഫിസിലെ കസ്റ്റമര്‍ കെയര്‍ സെന്റര്‍ ജൂനിയര്‍ അക്കൗണ്ടന്റ് ആര്‍.എസ്. സനല്‍കുമാറിനെ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്ത് വടകരയില്‍ എത്തിക്കും. വടകര െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പിയും കമ്പ്യൂട്ടര്‍ വിദഗ്ധനുമായ പി.പി. സദാനന്ദനാണ് തെളിവുകള്‍ ശേഖരിച്ചത്.
എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ബി.എസ്.എന്‍.എല്‍ ഓഫിസര്‍ക്ക് ഇമെയില്‍ മുഖേന അപേക്ഷ നല്‍കിയാലെ ഫോണ്‍ വിവരങ്ങള്‍ നല്‍കാവൂവെന്നാണ് നിയമം. ഈ സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. സി.ഡി.ആര്‍ സെര്‍വറിലേക്കുള്ള പ്രവേശം നിശ്ചിത ഇന്റര്‍നെറ്റ് പ്രോട്ടോകോളുള്ള കമ്പ്യൂട്ടറിലൂടെ മാത്രമേ സാധിക്കൂ. ബി.എസ്.എന്‍.എല്‍ കേരളത്തില്‍ 35 ഓഫിസര്‍മാര്‍ക്ക് സി.ഡി.ആര്‍ സെര്‍വറുള്ള കമ്പ്യൂട്ടറും ഐ.പി അഡ്രസും, യൂസര്‍ ഐഡിയും നല്‍കിയിട്ടുണ്ട്. ബി.എസ്.എന്‍.എല്‍ അനുവദിച്ച ഐ.പി അഡ്രസിലെ കമ്പ്യൂട്ടറില്‍നിന്ന് ഇന്റര്‍നെറ്റ് മുഖേന വേണം സി.ഡി.ആര്‍ സെര്‍വറിലേക്ക് കടക്കാന്‍.

35 കമ്പ്യൂട്ടറുകളുടെ സി.ഡി.ആര്‍ സര്‍വര്‍ സോഫ്‌റ്റ്വെയര്‍ പരിശോധിച്ചതില്‍ 35ല്‍ ആരുടെ ഐ.പി അഡ്രസും പാസ്വേഡും ഉപയോഗിച്ചാണ് സര്‍വറില്‍ പ്രവേശിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാനാകും. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെ 35 സി.ഡി.ആര്‍ സര്‍വറും പരിശോധിച്ചാണ് വിവരം ചോര്‍ത്തിയത് സനല്‍കുമാറാണെന്ന് കണ്ടെത്തിയത്. മറ്റൊരാളുടെ ഫോണ്‍ വിവരം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍പോലും നല്‍കേണ്ടതില്ല. ലാന്‍ഡ് ഫോണ്‍ വിളികളുടെ ചുമതലയുള്ള സനല്‍കുമാര്‍ മൊബൈല്‍ ഫോണ്‍ വിവരംചോര്‍ത്തിയത് ഗുരുതര ക്രിമിനല്‍ കുറ്റമായാണ് പൊലീസ് കാണുന്നത്. കാലങ്ങളായി ഇയാള്‍ വി.ഐ.പികളുടേതടക്കം ഫോണ്‍വിളി വിവരങ്ങള്‍ ചോര്‍ത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതി ഹൈകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാലുടന്‍ അറസ്റ്റുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക