Image

സോമാലിയയില്‍ ബന്ദികളായ നാവികരുടെ മോചനത്തിനു ശ്രമം തുടരുന്നതായി കേന്ദ്രസര്‍ക്കാര്‍

Published on 24 July, 2012
സോമാലിയയില്‍ ബന്ദികളായ നാവികരുടെ മോചനത്തിനു ശ്രമം തുടരുന്നതായി കേന്ദ്രസര്‍ക്കാര്‍
കൊച്ചി: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരുടെ മോചനത്തിനായി പരമാവധി ശ്രമം നടത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത അസ്വാള്‍ട്ട് വെഞ്ച്വര്‍ എന്ന എണ്ണക്കപ്പലിലെ സെക്കന്‍ഡ് ഓഫീസറും മലയാളിയുമായ ടി.വി. ഉണ്ണികൃഷ്ണന്റെ ഭാര്യ ശോഭാ കൃഷ്ണന്റെ ഹര്‍ജിയിലാണു കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി പി. ശശികുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

ടാന്‍സാനിയയിലെ ദാറെസ് സലാമിനു സമീപത്തെ കപ്പല്‍ച്ചാലില്‍ വച്ചാണ് 2010 ഒക്ടോബര്‍ ഒന്‍പതിന് സോമാലിയന്‍ കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. കപ്പലില്‍ 17 ഇന്ത്യക്കാരുണ്ടായിരുന്നു. ഇതില്‍ എട്ടു പേരെ 2011 ഏപ്രില്‍ 15-നു വിട്ടയച്ചു. ഏഴ് ഇന്ത്യക്കാരെ കടല്‍ക്കൊള്ളക്കാര്‍ ഇപ്പോഴും തടഞ്ഞുവച്ചിരിക്കയാണ്. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിന്റെ ഉടമസ്ഥന്‍ നോര്‍വേക്കാരനാണ്. വിദേശകപ്പലില്‍ ജോലിക്കാരായ ഇന്ത്യക്കാരെയാണ് ബന്ദികളാക്കിയത് എന്നതിനാല്‍ പരമാവധി സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും ഷിപ്പിംഗ് മന്ത്രാലയവും ബന്ദികളുടെ മോചനത്തിനായി പരമാവധി ശ്രമം നടത്തിവരുകയാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക