Image

ഘാന പ്രസിഡന്റ് ജോണ്‍ അറ്റാ മില്‍സ് അന്തരിച്ചു

Published on 24 July, 2012
ഘാന പ്രസിഡന്റ് ജോണ്‍ അറ്റാ മില്‍സ് അന്തരിച്ചു
അക്കാറ: ഘാന പ്രസിഡന്റ് ജോണ്‍ അറ്റാ മില്‍സ് അന്തരിച്ചു. 68 വയസായിരുന്നു. തലസ്ഥാനമായ അക്കാറയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വൈസ് പ്രസിഡന്റായും മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം റിപ്പബ്‌ളിക്ക് ഘാനയുടെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു. 2009 ജനുവരിയിലാണ് മില്‍സ് ഘാനയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. 

1944 ജൂലൈ 21 ന് ഘാനയിലെ ടര്‍ക്വായില്‍ ജനിച്ച മില്‍സ് അറുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ച് രണ്ടു ദിവസം പിന്നിടുന്നതിനിടെയാണ് മരണത്തിനു കീഴടങ്ങിയത്. മരണകാരണത്തേക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. വൈസ് പ്രസിഡന്റ് ജോണ്‍ ഡ്രമാനി മഹാമ രാജ്യത്തിന്റെ പ്രസിഡന്റിന്റെ ചുമതലയേറ്റെടുത്തതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. 

തൊണ്ടയില്‍ അര്‍ബുദരോഗം ബാധിച്ച മില്‍സ്, തിങ്കളാഴ്ച വൈകീട്ടോടെ കടുത്ത വേദന അനുഭവപ്പെടുന്നതായി ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. യുഎസില്‍ ചികിത്സ തേടിയ ശേഷം അടുത്തിടെയാണ് അദ്ദേഹം ഘാനയില്‍ തിരിച്ചെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മരണം സംഭവിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. മുന്‍ പ്രസിഡന്റ് ജോണ്‍ കഫറിനോടു 2000ലും 2004ലും മത്സരിച്ച തോറ്റ ശേഷം മൂന്നാം വട്ടം നടന്ന തെരഞ്ഞെടുപ്പിലാണ് മില്‍സ് അധികാരത്തില്‍ വരുന്നത്. ഡിസംബറില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു രണ്ടാം വട്ടം മത്സരിക്കാനിരിക്കെയാണ് അന്ത്യം. 

ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദവും നിയമത്തില്‍ പിഎച്ച്ഡിയുമെടുത്ത മില്‍സ് അധ്യാപകനായാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി.1997 ജനുവരിയിലാണ് അദ്ദേഹം ഘാനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

ഘാന പ്രസിഡന്റ് ജോണ്‍ അറ്റാ മില്‍സ് അന്തരിച്ചുഘാന പ്രസിഡന്റ് ജോണ്‍ അറ്റാ മില്‍സ് അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക