Image

നയപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വി.എസ്.

Published on 24 July, 2012
നയപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വി.എസ്.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി നേരത്തെ ചര്‍ച്ച ചെയ്തു തീര്‍പ്പാക്കിയവയെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി പ്രമേയം. തനിക്കുപറ്റിയ വീഴ്ചകള്‍ വി.എസ്. ജനങ്ങളോടു പറയുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എന്നാല്‍ നയപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വി.എസ്. നയപരമായ കാര്യങ്ങളിലെ വീഴ്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ തുറന്നുകാട്ടേണ്ടത് പാര്‍ട്ടി അംഗത്തിന്റെ അവകാശമാണെന്നും വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയിലെ സംഘടനാപ്രശ്‌നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിച്ചതിനു തൊട്ടുപിന്നാലെ നടന്ന സംസ്ഥാനസമിതി യോഗത്തിലും ഭിന്നത പ്രകടമായി.

കേന്ദ്ര കമ്മിറ്റിക്കു നല്‍കിയ പരാതിയില്‍ വി.എസ്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുഴുവനായും തള്ളിക്കളയുന്നതാണ് സംസ്ഥാന സമിതിയില്‍ കേന്ദ്രനേതൃത്വം അവതരിപ്പിച്ച പ്രമേയം. വി.എസ്. ഉന്നയിച്ച നയപരമായ പ്രശ്‌നങ്ങളെല്ലാം മുമ്പ് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തു തീര്‍പ്പാക്കിയവയാണ്. എന്നാല്‍ നിരന്തരം പ്രസ്താവനകളിറക്കി വി.എസ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയായിരുന്നു. പൊളിറ്റ് ബ്യൂറോയുടെ തീരുമാനങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായി നടപ്പാക്കുന്ന പാര്‍ട്ടി നേതൃത്വമാണ് കേരളത്തിലേതെന്നും വിശദീകരിക്കുന്ന പ്രമേയം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നേതൃത്വത്തിനും എതിരെ വി.എസ്. ഉന്നയിച്ച പരാതികള്‍ തള്ളിക്കളയുകയും ചെയ്യുന്നുണ്ട്.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സി.പി.എമ്മിന് കേരളത്തിലുണ്ടായ അനുകൂലാവസ്ഥ ഇല്ലാതാക്കി. ഇതേതുടര്‍ന്നുള്ള വി.എസിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയെന്നും പ്രമേയം വിലയിരുത്തുന്നു. എം.എം.മണിക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്നും പ്രമേയം നിര്‍ദേശിക്കുന്നില്ല. എന്നാല്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാന സമിതിയോഗത്തില്‍ സംസാരിച്ച വി. എസ്. അച്യുതാനന്ദന്‍ തനിക്ക് രണ്ട് വീഴ്ചകള്‍ സംഭവിച്ചതായി സമ്മതിച്ചു. ഉപതിരഞ്ഞെടുപ്പുദിവസം ടി. പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് ഒഴിവാക്കാമായിരുന്നു. ആ സന്ദര്‍ശനം മറ്റൊരു ദിവസമാക്കുന്നതായിരുന്നു ഉചിതം. അതുപോലെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ഡാങ്കേയോട് ഉപമിച്ചതും ശരിയായില്ല. കുലംകുത്തികള്‍, കുലംകുത്തികള്‍ എന്ന് ആവര്‍ത്തിച്ച് പ്രകോപനം സൃഷ്ടിച്ചപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞത്. എന്നാല്‍ താന്‍ ഉന്നയിച്ച നയപരമായ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ല. അത്തരം വീഴ്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ തുടര്‍ന്നും ചൂണ്ടിക്കാട്ടുമെന്നും വി. എസ്. പറഞ്ഞു. നയവ്യതിയാനം ഇല്ലെന്ന കേന്ദ്രകമ്മിറ്റി പ്രമേയത്തിലെ നിരീക്ഷണം ശരിയല്ലെന്നും വി. എസ്. പറഞ്ഞു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഔദ്യോഗിക പക്ഷക്കാരായ അംഗങ്ങള്‍ വി. എസിനെതിരെ വിമര്‍ശനം നടത്തി. എന്നാല്‍ മുന്‍കാലങ്ങളിലെപോലെ വി. എസിനെതിരെ അച്ചടക്കനടപടിക്കായി കടുത്ത മുറവിളി ഉണ്ടായില്ല. പകരം പാര്‍ട്ടിയോട് സഹകരിക്കാന്‍ തയാറാകണമെന്ന അഭ്യര്‍ഥനകള്‍ക്കായിരുന്നു ചര്‍ച്ചയില്‍ മുന്‍തൂക്കം.

വി. എസിനെതിരെ പരസ്യ ശാസനമാത്രം മതിയെന്ന കേന്ദ്രകമ്മിറ്റി തീരുമാനം അപര്യാപ്തമാണെന്ന് ആദ്യം കരുതിയെങ്കിലും കേന്ദ്രകമ്മിറ്റി പ്രമേയം പാര്‍ട്ടി കേന്ദ്രനേതൃത്വത്തോടുള്ള ബഹുമാനം വര്‍ധിപ്പിച്ചെന്നും ചില അംഗങ്ങള്‍ പറഞ്ഞു.

വി. എസിന്റെ മുന്‍ െ്രെപവറ്റ് സെക്രട്ടറിയായ എസ്. രാജേന്ദ്രന്‍ വി. എസിനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. സംസ്ഥാന സമിതിയില്‍ വി. എസ്. നടത്തിയ പ്രസംഗത്തില്‍ അത്മവിമര്‍ശനത്തിന്റെ അംശം പോലും ഇല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.കേന്ദ്രകമ്മിറ്റിയുടെ പ്രമേയം പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക