Image

പരിയാരത്തെ പി.ജി. സീറ്റ് വീണ്ടും വിവാദത്തില്‍

Published on 24 July, 2012
പരിയാരത്തെ പി.ജി. സീറ്റ് വീണ്ടും വിവാദത്തില്‍
പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ പി.ജി.സീറ്റ് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗത്തിന്റെ ബന്ധുവിന് ലഭിച്ചത് വിവാദമായി. പരിയാരത്ത് നാല് പി.ജി. സീറ്റാണ് മെഡിസിന്‍ വിഭാഗത്തിലുള്ളത്. ഇതില്‍ രണ്ട് സീറ്റ് സര്‍ക്കാര്‍ മെറിറ്റിലും രണ്ടെണ്ണം മാനേജ്‌മെന്റ് ക്വാട്ടയിലുമുള്ളതാണ്. ഇതില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഒഴിവുവന്ന ഒരുസീറ്റ് മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് മാറ്റിയതാണ് വിവാദമായത്. ഈ മാസം ഒമ്പതിന് പി.ജി.സീറ്റിലേക്കുള്ള സര്‍ക്കാര്‍ അലോട്ട്‌മെന്റ് അവസാനിച്ചിരുന്നു. ഒമ്പതിനകം സര്‍ക്കാര്‍ ക്വാട്ടയിലെ രണ്ട് മെഡിസിന്‍ സീറ്റിലും വിദ്യാര്‍ഥികള്‍ ചേര്‍ന്നിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥി സീറ്റ് ഉപേക്ഷിച്ചു പോയതിനാലാണ് മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് ഈ സീറ്റ് മാറ്റിയത്. 

മെറിറ്റ് സീറ്റിലെ ഉപേക്ഷിക്കപ്പെട്ട സീറ്റില്‍ നിശ്ചയിക്കപ്പെട്ട തീയതിക്കകം സര്‍ക്കാര്‍ മറ്റൊരു വിദ്യാര്‍ഥിയെ നിശ്ചയിച്ചില്ലെങ്കില്‍ ആ സീറ്റില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്താന്‍ മാനേജ്‌മെന്റിന് അധികാരം ഉണ്ടെന്ന് കോളേജധികൃതര്‍ പറയുന്നു. ജൂലായ് 15 ആണ് സുപ്രീംകോടതി പി.ജി. പ്രവേശനത്തിന് നല്‍കിയ അവസാനത്തീയതി. ഈ തീയതിക്കകം സര്‍ക്കാര്‍ ഒഴിവുവന്ന സീറ്റ് നികത്തിയിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു.

സര്‍ക്കാര്‍ നടത്തിയ പി.ജി.എന്‍ട്രന്‍സ് പരീക്ഷയില്‍ നേതാവിന്റെ ബന്ധുവിന് 49ാമത്തെ റാങ്കായിരുന്നു. സര്‍ക്കാര്‍ അലോട്ട്‌മെന്റ് ഒമ്പതിന് തീര്‍ന്നപ്പോള്‍ത്തന്നെ നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലെ ഫിസിയോളജി, മൈക്രോബയോളജി, കമ്യൂണിറ്റി മെഡിസിന്‍, ബയോ കെമിസ്ട്രി വിഭാഗങ്ങളില്‍ പരിയാരത്ത് സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. എന്നാല്‍ ജൂലായ് 15ഓടെയാണ് മെറിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥി സീറ്റ് ഉപേക്ഷിച്ചുപോയത്. ഒഴിവുള്ള ക്ലിനിക്കല്‍നോണ്‍ ക്ലിനിക്കല്‍ സീറ്റുകള്‍ നികത്താന്‍ മാനേജ്‌മെന്റ് 15ന് വാക്ഇന്‍ഇന്റര്‍വ്യു നടത്തിയിരുന്നു. ഇതില്‍ നേതാവിന്റെ ബന്ധുവിന് നോണ്‍ ക്ലിനിക്കല്‍ വിഭാഗമായ ബയോ കെമിസ്ട്രിയില്‍ അന്ന് പ്രവേശനം ലഭിച്ചു. ക്ലിനിക്കല്‍ വിഭാഗത്തില്‍ ഒഴിവ് വരികയാണെങ്കില്‍ പരിഗണിക്കണമെന്ന് കാണിച്ച് ഈ വിദ്യാര്‍ഥി അന്നേ ദിവസം ഓപ്ഷന്‍ നല്‍കിയിരുന്നുവെന്നും ഇതിന്റെയടിസ്ഥാനത്തിലാണ് ഒഴിവുവന്ന മെഡിസിന്‍ സീറ്റ് ഈ വിദ്യാര്‍ഥിക്ക് നല്‍കിയതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. മറ്റാരും ഇത്തരത്തില്‍ ഓപ്ഷന്‍ നല്‍കിയിരുന്നില്ലെന്നും പറയുന്നു.

നേതാവിന്റെ ബന്ധുവിന്റെ റാങ്കിനെക്കാള്‍ മുമ്പിലുള്ള വിദ്യാര്‍ഥികളില്‍ ചിലര്‍ മെഡിസിന്‍ പി.ജി.സീറ്റില്‍ അവകാശം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക