Image

സിസ്റ്റര്‍ ലൗസി സാങ്കല്പികകഥാപാത്രം; സി.ബി.ഐ.ക്കെതിരെ കോട്ടയം അതിരൂപത

Published on 24 July, 2012
സിസ്റ്റര്‍ ലൗസി സാങ്കല്പികകഥാപാത്രം; സി.ബി.ഐ.ക്കെതിരെ കോട്ടയം അതിരൂപത
കോട്ടയം:കോട്ടയം അതിരൂപതയുടെ ആദ്യത്തെ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക്, ലൗസി എന്ന കന്യാസ്ത്രീയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന സി.ബി.ഐ.യുടെ വെളിപ്പെടുത്തലിനെതിരെ സഭ രംഗത്തെത്തി. സി.ബി.ഐ.ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് സഭാവക്താവ് പത്രക്കുറിപ്പില്‍ അറിയിച്ചു. 

സിസ്റ്റര്‍ ലൗസി എന്നൊരു കന്യാസ്ത്രീ ഒരുകാലത്തും ബി.സി.എം. കോളേജിലോ പയസ് ടെന്‍ത് കോണ്‍വെന്റിലോ ഉണ്ടായിരുന്നില്ല. ഇല്ലാത്തയാളെ കൃത്രിമമായി ഉണ്ടാക്കുകയാണ് സി.ബി.ഐ. ചെയ്തത് അതിരൂപത വ്യക്തമാക്കി. 

കോട്ടയം അതിരൂപതാ ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് സിസ്റ്റര്‍ ലൗസിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സി.ബി.ഐ. വെളിപ്പെടുത്തിയത്. 

അഭയ കേസിന്റെ ഓരോ കാലഘട്ടത്തിലും തെറ്റായ വാര്‍ത്തകള്‍ നല്‍കി സഭയെയും സഭാധികാരികളെയും കരിതേച്ചുകാണിക്കാന്‍ സി.ബി.ഐ. ശ്രമിച്ചിരുന്നു. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്നാരോപിച്ച് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചതിനെതിരെ സി.ബി.ഐ.ക്കും കേന്ദ്രഗവണ്‍മെന്റിനുമെതിരെ സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. താന്‍ കന്യകാത്വം തെളിയിക്കാന്‍ തയ്യാറാണെന്ന് സിസ്റ്റര്‍ സെഫി സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്. നാര്‍ക്കോ അനാലിസിസിന്റെ സി.ഡി. കൃത്രിമമാണെന്ന് കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിട്ടും മനഃപൂര്‍വം മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച് സഭയെ കരിതേക്കാനാണ് സി.ബി.ഐ. ശ്രമിച്ചത്. അഭയ കേസ് ഒരുതരത്തിലും നിലനില്‍ക്കില്ലെന്നു ബോധ്യംവന്ന സി.ബി.ഐ., ഇല്ലാത്ത കഥകള്‍ ഉന്നയിച്ച് വീണ്ടും സഭയെയും സഭാധികാരികളെയും കരിതേച്ചുകാണിക്കാന്‍ ശ്രമിക്കുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക