Image

സ്‌ത്രീകളുടെ സ്ഥാനം പുളിയിഞ്ചി പോലെ: മാനസി; ഫോമാ/ജനനി സാഹിത്യ ശില്‍പ്പശാല

Published on 22 July, 2012
സ്‌ത്രീകളുടെ സ്ഥാനം പുളിയിഞ്ചി പോലെ: മാനസി; ഫോമാ/ജനനി സാഹിത്യ ശില്‍പ്പശാല
ന്യൂയോര്‍ക്ക്‌: സംഘടനയിലും സമൂഹത്തിലുമൊക്കെ ഇപ്പോഴും സ്‌ത്രീകളുടെ സ്ഥാനം പുളിയിഞ്ചിപോലെയാണെന്ന്‌ കഥാകാരി മാനസി. ടൈസന്‍ സെന്ററില്‍ ഫോമയും ജനനി മാസികയും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ ശില്‍പ്പശാലയ്‌ക്കുശേഷം ഫോമാ വിമന്‍സ്‌ഫോറം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടായിരുന്നു സ്‌ത്രീകളുടെ പിന്നോക്കാവസ്ഥ അവര്‍ എടുത്തുകാട്ടിയത്‌.

നാക്കിലയില്‍ അവസാനമായി വെയ്‌ക്കുന്ന വിഭവമാണ്‌ പുളിയിഞ്ചി. അത്‌ ഇല്ലെങ്കിലും ഭക്ഷണത്തിന്‌ കുറവൊന്നും വരില്ല. എങ്കിലും അതൊരു കീഴ്‌വഴക്കമായി വയ്‌ക്കുന്നു. സ്‌ത്രീകളുടെ സ്ഥിതിയും ഇതുതന്നെ.

പുരുഷ-സ്‌ത്രീ സമത്വം നിലനില്‍ക്കുന്ന അമേരിക്കയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രത്യേക ഫോറം വേണോ എന്നും അവര്‍ ചോദിച്ചു. സ്‌ത്രീകള്‍ പുരുഷന്മാരില്‍ നിന്ന്‌ വ്യത്യസ്ഥരാകേണ്ടതില്ല. സംഘടനകളിലും മറ്റും സ്‌ത്രീകള്‍ക്ക്‌ കിട്ടുന്ന ചുമതല കുട്ടികളെ സംഘടിപ്പിക്കലും മറ്റും ആയിരിക്കും.

സാമ്പത്തിക സ്വാതന്ത്ര്യം കിട്ടിയാല്‍ സ്‌ത്രീ സ്വതന്ത്രയാകുമെന്ന്‌ പറയാറുണ്ട്‌. എന്നാല്‍ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടെങ്കിലും പുരുഷ ആധിപത്യത്തില്‍ തന്നെ കഴിയാന്‍ മിക്ക സ്‌ത്രീകളും ഇഷ്‌ടപ്പെടുന്നു. പാരമ്പര്യത്തെ ചോദ്യം ചെയ്യാനോ, മറികടക്കാനോ മിക്കവരും ഇഷ്‌ടപ്പെടുന്നില്ല. ആരെങ്കിലും നഷ്‌ടപ്പെടുന്ന സ്വാതന്ത്ര്യത്തെപ്പറ്റിയും ലോകത്തെപ്പറ്റിയുമൊക്കെ പറഞ്ഞാല്‍ പല സ്‌ത്രീകളും പ്രതികരിക്കുന്നത്‌ `നിങ്ങള്‍ ലോകം നന്നാക്കിക്കോ', ഞങ്ങള്‍ അടങ്ങി ഒതുങ്ങി കഴിയാം എന്നായിരിക്കും. പക്ഷെ പുരുഷന്മാരില്ലാത്തപ്പോള്‍ സ്‌ത്രീകള്‍ മനസു തുറക്കുന്നത്‌ പലപ്പോഴും പരുഷതയും അമര്‍ഷവും നിറയുന്ന ഭാഷയിലാണ്‌.

സ്‌ത്രീകളുടെ കാര്യത്തില്‍ മാത്രം മതങ്ങളും രാഷ്‌ട്രീയവുമൊക്കെ മുഖംതിരിഞ്ഞു നില്‍ക്കുന്നു. സ്‌ത്രീകളുടെ കൂടെ ഭര്‍ത്താവിന്റെ പേര്‌ ചേര്‍ക്കുന്നു. ആ ഭര്‍ത്താവ്‌ മരിക്കുകയോ, വിവാഹമോചനം നേടുകയോ ചെയ്‌താല്‍ പുതിയ ഭര്‍ത്താവിന്റെ പേര്‌ ചേര്‍ക്കും. അപ്പോള്‍ ആ സ്‌ത്രീയുടെ വ്യക്തിത്വം എന്താണ്‌? പുരുഷന്റെ ഒപ്പം നടക്കേണ്ടവരാണ്‌ സ്‌ത്രീകള്‍. അത്‌ ഒരു ഔദാര്യമല്ല; അവകാശമാണ്‌.

ഇക്കാര്യത്തിലൊക്കെ മാറ്റം വരേണ്ടത്‌ പുരുഷന്റെ മനസിലാണ്‌. സ്‌ത്രീയെ ശരീരം മാത്രമായാണ്‌ പലരും കാണുന്നത്‌. സ്‌ത്രീയുടെ മനസ്‌ കാണാന്‍ പലരും മടിക്കുന്നു. സ്വാതന്ത്ര്യമാണ്‌ ജീവിതത്തില്‍ വലിയ കാര്യം. അതേസമയം ചിലര്‍ ചോദിക്കും. വീട്ടില്‍ ഭരണം നടത്തുന്ന ഈ താടകമാര്‍ പൊതുകാര്യങ്ങളിലും ഇടപെടണോ എന്ന്‌. എന്തായാലും സ്‌ത്രീ ശാക്തീകരണം പ്രധാനം തന്നെയാണ്‌. സ്‌ത്രീയെന്ന നിലയില്‍ കഥാകാരിയാകാന്‍ പോലും എതിര്‍പ്പുകള്‍ നേരിട്ട അവര്‍ പറഞ്ഞു.

ജനനി എഡിറ്റര്‍ ഡോ. സാറാ ഈശോയും ഫോമാ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ സണ്ണി പൗലോസുമാണ്‌ സമ്മേളനത്തിന്‌ തുടക്കംകുറിച്ചത്‌. തുടര്‍ന്ന്‌ സംസാരിച്ച ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ വനിതകളെ മുന്‍നിരയിലേക്ക്‌ കൊണ്ടുവരാന്‍ തീരുമാനിച്ചതിന്റെ നാള്‍വഴികള്‍ വിവരിച്ചു. ഗ്രേസി ജയിംസ്‌, ലോണാ ഏബ്രഹാം, കുസുമം ടൈറ്റസ്‌ തുടങ്ങി പ്രഗത്ഭരായ വനിതളാണ്‌ സ്‌ത്രീ ശാക്തീകരണത്തിന്‌ തുടക്കംകുറിച്ചത്‌.

ഓഗസ്റ്റ്‌ ഒന്നിന്‌ തുടങ്ങുന്ന ഫോമാ കപ്പല്‍ കണ്‍വെന്‍ഷനു മുമ്പ്‌ ഇത്തരമൊരു ഏകദിന ശില്‍പ്പശാല നടത്തിയതില്‍ അഭിമാനമുണ്ട്‌. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഒന്നു മാത്രമാണ്‌ കണ്‍വെന്‍ഷന്‍ എന്നാണ്‌ തങ്ങള്‍ കരുതുന്നത്‌. അതിനാല്‍ തന്നെ കണ്‍വെന്‍ഷനെപ്പറ്റി വേവലാതിയോ വെപ്രാളമോ ഇല്ല. മയൂരസന്ദേശത്തിലെ ഒരു ഭാഗം ചൊല്ലി സാഹിത്യകാരനല്ലെങ്കിലും സാഹിത്യത്തിലെ തന്റെ കഴിവ്‌ എടുത്തുകാട്ടാനും ബേബി ഊരാളില്‍ മറന്നില്ല. സദസ്യരത്‌ നന്നേ ആസ്വദിക്കുകയും ചെയ്‌തു.

വിമന്‍സ്‌ ഫോറം നാഷണല്‍ ചെയര്‍ ഗ്രേസി ജയിംസ്‌, പൊതുവില്‍ സ്‌ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ വിവരിച്ചു. അവരെ സ്വതന്ത്രരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സ്ഥിതിയുണ്ട്‌. എന്തായാലും വനിതാ ഫോറം പുതിയ കര്‍മ്മപദ്ധതികള്‍ കൊണ്ടുവരുമെന്നവര്‍ പറഞ്ഞു.

സ്‌ത്രീകള്‍ക്ക്‌ ആത്മാവേയില്ല എന്ന്‌ വിശ്വസിച്ചിരുന്ന പുരുഷന്മാര്‍ ഉണ്ടായിരുന്നെന്ന കാര്യം എഴുത്തുകാരിയായ ത്രേസ്യാമ്മ നടാവള്ളില്‍ അനുസ്‌മരിച്ചു.

സമ്മേളനത്തില്‍ ഭൂരിപക്ഷം പേരും സ്‌ത്രീകളാണെന്ന്‌ ചൂണ്ടിക്കാട്ടിയ ജനനി പത്രാധിപര്‍ ജെ. മാത്യൂസ്‌, ചില കാര്യങ്ങളില്‍ സ്‌ത്രീകളുടെ കഴിവിനെ വെല്ലാനാവില്ലെന്ന്‌ ചൂണ്ടിക്കാട്ടി. രാവിലെ ഉദ്‌ഘാടനത്തിന്‌ വിളക്ക്‌ തെളിയിക്കാന്‍ പുരുഷന്മാര്‍ നോക്കിയിട്ട്‌ നടന്നില്ല. സ്‌ത്രീകള്‍ നിഷ്‌പ്രയാസം കൊളുത്തി. പക്ഷെ സ്‌ത്രീകള്‍ അവരുടെ ശക്തി മനസിലാക്കുന്നില്ല എന്ന സ്ഥിതിയുണ്ട്‌. പലപ്പോഴും പുരുഷന്‍ സ്‌ത്രീയെ മുന്നില്‍ നടത്തില്ല. കാരണം വല്ല കുണ്ടോ കുഴിയോ ഉണ്ടെങ്കില്‍ വീണുപോകരുതല്ലോ എന്നുള്ള കരുതലാണതിനു കാരണം- കൂട്ടച്ചിരികള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു.

സ്‌ത്രീകളെ അടിച്ചമര്‍ത്തുന്ന ചിന്താഗതി പുലര്‍ത്തുന്നവരല്ല മലയാളി സമൂഹമെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ പറഞ്ഞു.
സ്‌ത്രീ പുരോഗതി പ്രാപിക്കണമെന്ന്‌ അഭിലഷിക്കുന്നവരാണവര്‍.

ഫോമായുടെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത പല കാര്യങ്ങളും തങ്ങള്‍ ചെയ്‌തു. ഫോമാ ഹെല്‍പ്‌ ലൈന്‍, ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌, ഹൗസിംഗ്‌ പ്രൊജക്‌ട്‌, മെഡിക്കല്‍ പ്രൊജക്‌ട്‌ തുടങ്ങിയവ. പ്രൊഫഷണല്‍ സംഘടനകള്‍ കൂടി ഫോമയില്‍ കടന്നുവന്നാലേ സംഘടന കൂടുതല്‍ ശക്തിപ്പെടുകയുള്ളൂ.

മുമ്പ്‌ ക്രിസ്‌ത്യാനിയും, മുസ്‌ളീമും, ഹിന്ദുവുമായിരുന്ന അമേരിക്കന്‍ മലയാളികളിപ്പോള്‍ സീറോ മലബാറും, മാര്‍ത്തോമയും, യാക്കോബായയും നായരും ഈഴവനുമൊക്കെയായി
ച്ചു. യുവജനതയെ പള്ളിയിലും ക്ഷേത്രത്തിലും തളച്ചിടുന്ന സ്ഥിതി വന്നു. ഇതൊക്കെ മാറേണ്ടതാണെന്ന്‌ ബിനോയി പറഞ്ഞു.

മസൂരിക്കെതിരേയുള്ള ഗോവസൂരി കുത്തിവെയ്‌പിനെ ജനം പേടിച്ചപ്പോള്‍ പരസ്യമായി കുത്തിവെയ്‌പ്‌ എടുത്ത മഹാറാണി പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാടാണ്‌ കേരളമെന്ന്‌ ഡോ. എം.വി. പിള്ള ചൂണ്ടിക്കാട്ടി. ആദ്യ ഐ.എ.എസുകാരിയും വനിതാ ജഡ്‌ജിയുമൊക്കെ കേരളത്തില്‍ നിന്നായിരുന്നു. അങ്ങനെ മുന്നില്‍ നിന്ന വനിതകള്‍ പിന്തള്ളപ്പെട്ടുപോയത്‌ രാഷ്‌ട്രീയത്തിന്റെ അതിപ്രസരം മൂലമാണ്‌. നേതൃനിരയിലേക്ക്‌ വരുന്ന സ്‌ത്രീകളെ സദാചാരത്തിന്റെ കപട ദൃഷ്‌ടികളോടെ വിലയിരുത്തുന്ന സ്ഥിതിവന്നപ്പോള്‍ സ്‌ത്രീകള്‍ പിന്നോട്ടു മാറി. കക്ഷി രാഷ്‌ട്രീയങ്ങള്‍ തങ്ങള്‍ക്ക്‌ പറ്റില്ലെന്ന്‌ പല സ്‌ത്രീകളും കരുതി. എങ്കിലും നേതൃനിരയില്‍ വരുന്ന സ്‌ത്രീകളാണ്‌ ഇന്നും കുറഞ്ഞ അഴിമതി കാട്ടുന്നവര്‍. അമ്മയെ ആരാധിക്കുന്ന സമൂഹമായി തന്നെയാണ്‌ നാം ഇന്നും നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോണ ഏബ്രഹാം വനിതാഫോറം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഫോമാ സാഹിത്യ മത്സരത്തിലെ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്‌തു. അവാര്‍ഡ്‌ സമിതി കോര്‍ഡിനേറ്റര്‍ ബിജോ ചെമ്മാന്തറ ജേതാക്കളെ പരിചയപ്പെടുത്തി. ചെറുകഥയ്‌ക്ക്‌ രാജു ചിറമണ്ണില്‍ ഒന്നാം സ്ഥാനവും, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം രണ്ടാം സ്ഥാനവും നേടി. ലേഖനത്തിന്‌ ഒന്നാം സ്ഥാനം നേടിയ ജോര്‍ജ്‌ നടവയല്‍, രണ്ടാം സ്ഥാനം നേടിയ ഷീബാ ജോസ്‌ എന്നിവരും കവിതയ്‌ക്ക്‌ ഒന്നാം സ്ഥാനം നേടിയ മറിയാമ്മ ജോര്‍ജിനുവേണ്ടി ഷേര്‍ളിയും, രണ്ടാം സ്ഥാനം നേടിയ ജോര്‍ജ്‌ നടവയലും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ഫോമാ/ജനനി സാഹിത്യ ശില്‍പ്പശാലയില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അമ്പതില്‍പ്പരം പേര്‍ പങ്കെടുത്തു. ഡോ. എം.വി. പിള്ളയും മാനസിയുമായിരുന്നു മുഖ്യ പ്രഭാഷകര്‍.

പതിമൂന്നാം വയസില്‍ കവിത എഴുതിയപ്പോള്‍ അമ്മ നിരുത്സാഹപ്പെടുത്തിയത്‌ മീനു എലിസബത്ത്‌ മാത്യു അനുസ്‌മരിച്ചു. പിന്നീട്‌ യു.എസില്‍ വന്നപ്പോള്‍ കവിതകള്‍ ഡാളസിലെ അസോസിയേഷന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതി. അതു കണ്ട്‌ കവിതകളെ മാത്രമല്ല തന്നെയും ഇഷ്‌ടപ്പെട്ടുവെന്നു പറഞ്ഞ ചെറുപ്പക്കാരനെ ഭര്‍ത്താവായി സ്വീകരിച്ചു. അതോടെ
കവിത എഴുത്തു നിന്നു. പതിനേഴ്‌ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സാഹിത്യ രംഗത്തേക്ക്‌ മടങ്ങി വന്നത്‌ മലയാളം പത്രത്തില്‍ കഥ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു.

കേരളത്തിലെ പ്രമുഖ കഥകള്‍ `ഡോട്ടേഴ്‌സ്‌ ഓഫ്‌ കേരള' എന്ന പേരില്‍ വിവര്‍ത്തനം ചെയ്‌ത അച്ചാമ്മ ചന്ദ്രശേഖരന്‍ വിവര്‍ത്തനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞു. പ്രത്യേകിച്ച്‌ അമേരിക്കയിലെ പുതു തലമുറ മലയാളം വായിക്കാത്ത പശ്ചാത്തലത്തില്‍.

കവിതയെഴുതുന്നതു നിര്‍ത്തി ബാര്‍ബര്‍ഷോപ്പ്‌ നടത്താന്‍ പോകാന്‍ കേരളത്തില്‍ പഠിക്കുമ്പോള്‍ വനിതാ സഹപാഠി പരസ്യമായി പറഞ്ഞതിന്റെ വേദന മനോഹര്‍ തോമസ്‌ പങ്കുവെച്ചു.

രാജു തോമസ്‌, എന്‍.പി. ഷീല, ത്രേസ്യാമ്മ നടാവള്ളില്‍, ഡോ. നന്ദകുമാര്‍ ചാണയില്‍, ജയന്‍ കെ.സി, മാമ്മന്‍ സി. മാത്യു, സന്തോഷ്‌ പാലാ, വാസുദേവ്‌ പുളിക്കല്‍, കെ.കെ. ജോണ്‍സണ്‍, വി.സി. പീറ്റര്‍, ജേക്കബ്‌ തോമസ്‌, റീനി മമ്പലം, സി.എം.സി. ബാബു പാറയ്‌ക്കല്‍, നീനാ പനയ്‌ക്കല്‍, മാലിനി,
മീനു എലിസബത്ത്‌ മാത്യു, ജോസ്‌ ചെരിപുറം തുടങ്ങിയവര്‍ കൃതികള്‍ അവതരിപ്പിക്കുകയും, ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്‌തു.

ജോസ്‌ ചെരിപുറത്തിന്റെ `അളിയന്റെ പടവലങ്ങ' എന്ന പുസ്‌തകം ചടങ്ങില്‍ പ്രകാശനം ചെയ്‌തു.

മലിനമാകുന്ന മലയാള മാനസം എന്ന വിഷയത്തെപ്പറ്റി നടന്ന മാധ്യമ സെമിനാറില്‍
പ്രസ് ക്ലബ് ന്യു യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്  ജോസ്‌ കാടാപുറം മോഡറേറ്ററായിരുന്നു. ജോര്‍ജ്‌ ജോസഫ്‌, ജോര്‍ജ്‌ തുമ്പയില്‍, രാജു മൈലപ്ര, സുനില്‍ ട്രൈസ്റ്റാര്‍, ജെ. മാത്യൂസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ് ന്യു യോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി  സജി ഏബ്രഹാം നന്ദി പറഞ്ഞു.
സ്‌ത്രീകളുടെ സ്ഥാനം പുളിയിഞ്ചി പോലെ: മാനസി; ഫോമാ/ജനനി സാഹിത്യ ശില്‍പ്പശാല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക