Image

പൊന്മുടിക്കല്ല കുഴപ്പം: ഫൊക്കാന കണ്‍വന്‍ഷന്‍ വിമര്‍ശനത്തിനു മറുപടി: അനില്‍ ആറന്മുള

അനില്‍ ആറന്മുള Published on 23 July, 2012
പൊന്മുടിക്കല്ല കുഴപ്പം: ഫൊക്കാന കണ്‍വന്‍ഷന്‍ വിമര്‍ശനത്തിനു മറുപടി: അനില്‍ ആറന്മുള
ഹൂസ്റ്റനില്‍ നാലുദിവസം നീണ്ടുനിന്ന ഫൊക്കാനാ കണ്‍വന്‍ഷനെകുറിച്ച് ഒറ്റവാക്കുപോലും നല്ലതായി പറയാതില്ലാത്ത “എവിടെയാ പൊന്‍മുടി” എന്ന കുറിപ്പിന് മറുപടി എഴുതുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണെങ്കിലും ഒരു സംഘാടകനെന്ന നിലയില്‍ ഞാന്‍ നിര്‍ബ്ബന്ധിതനാകുകയാണ്.
ഹൂസ്റ്റനിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ അനന്തപുരിയെ പറിച്ചുനടാന്‍ സംഘാടകര്‍ നടത്തിയ ശ്രമങ്ങള്‍ വിചാരിച്ചതിലപ്പുറം വിജയിച്ചു എന്നത് കണ്‍വന്‍ഷന്‍ നാളുകളില്‍ കേരളത്തിലെയും അമേരിക്കയിലെയും പത്രങ്ങളില്‍ അടിച്ചു വന്ന വാര്‍ത്തകള്‍ കണ്ടാല്‍ മതി. പത്രപ്രവര്‍ത്തനരംഗത്ത് നാല്‍പതുവര്‍ഷത്തിലേറെ പരിചയമുള്ള ശ്രീമാന്‍ മാര്‍ എന്‍. അശോകന്‍ (മാതൃഭൂമി), ജോര്‍ജ്ജ് കള്ളിവയല്‍(ദീപിക), ശരത്‌ലാല്‍ (കൗമുദി) ഇവര്‍ എഴുതിയ വാര്‍ത്തകള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ കാണാവുന്നതാണ്. ഇനിയും “അന്തപുരിയുടെ പൊടിപോലും” കണ്ടിട്ടില്ലെങ്കില്‍ തിമിരത്തിനു ചികിത്സ ആവശ്യമെന്ന് സ്‌നേഹ ബുദ്ധ്യാ ഒരു സുഹൃത്തെന്ന നിലയില്‍ അഭ്യര്‍ത്ഥിക്കുന്നു.
ഓര്‍ത്തഡോക്‌സ് ടിവിയുടെ ഉദ്ഘാടനം നടത്തി ഓര്‍ത്തഡോക്‌സ് സഭ ഫൊക്കാനാ കണ്‍വന്‍ഷന്‍ പിടിച്ചെടുത്ത അത്രെ. “കോലഞ്ചേരി ഇവിടെ ആവര്‍ത്തിക്കുമോ” എന്ന് ഭയപ്പെട്ടുവത്രെ. ആര്‍ക്കും ഒരു പരാതിയും പരിഭവവും ഇല്ലാതെ പത്തുമിനിട്ടില്‍ നടന്ന ഒരു ചടങ്ങിന് ഇത്തരം ഒരു ഭാഷ്യം ചമയ്ക്കണമെങ്കില്‍ അത് വിമര്‍ശനമല്ല, പ്രത്യുത രാഷ്ട്രീയ ചിന്തയാണെന്നതിനു സംശയമില്ല.
ഇനി മഹാരാജാവ് എഴുന്നെള്ളാത്തതിന്, അത് പത്രത്തിലെഴുതിയ മൊയ്തീനെ ആളുകള്‍ ക്രൂശിക്കും പോലും. മഹാരാജാവു വരുമെന്നു പറഞ്ഞതിനും വരാതിരുന്നതിനും മഹാരാജാവുതന്നെയാണ് ഉത്തരവാദി. അത് റെക്കോഡു ചെയ്തയച്ചുതന്ന അദ്ദേഹത്തിന്റെ സന്ദേശത്തില്‍ അദ്ദേഹം പറയുകയും ചെയ്തു. ഇനി രാജാവു വരാത്തതിന് പ്രസിഡന്റായിരുന്ന ജി.കെ.പിള്ളയ്ക്കില്ലാത്ത വിഷമം അതെഴുതിയ പത്രക്കാരനു വേണമോ?
ഇതിന്റെ അര്‍ത്ഥം കുറ്റമറ്റ ഒരു കണ്‍വന്‍ഷനായിരുന്നു ഹൂസ്റ്റനിലേത് എന്നല്ല. പല കുറവുകളും കണ്‍വന്‍ഷനില്‍ സംഭവിച്ചിരുന്നു. ദോഷൈകദൃക്കുകളായ പത്രക്കാരും മറ്റ് അംഗങ്ങളും ചൂണ്ടിക്കാണിക്കുകയും തിരുത്താവുന്നത് അപ്പപ്പോള്‍ തന്നെ തിരുത്തുകയും ചെയ്തിരുന്നു.
ഹൂസ്റ്റന്‍ കണ്‍വന്‍ഷന്‍ ഹൈന്ദവ സമൂഹമോ ക്രൈസ്തവ സഭകളോ സ്‌പോണ്‍സര്‍ ചെയ്തിരുന്നില്ല. ഏതെങ്കിലും മതവിഭാഗം അങ്ങനെ ഏതെങ്കിലും കണ്‍വന്‍ഷന്‍ സ്‌പോണ്‍സര്‍ ചെയ്തതായി അറിവില്ല. ഗുരുവായൂരപ്പന്‍ ക്ഷേത്രം ഒരു ബൂത്ത് വാടകയ്‌ക്കെടുത്തിരുന്നു. അതുപോലെ മറ്റ് അന്‍പതില്‍പരം സ്ഥാപനങ്ങളും സംഘടനകളും. സഭകള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്ന എന്ന ധ്വനിയിലൂടെ ലേഖകന്‍ എന്തു സമര്‍ത്ഥിക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയില്ല. അദ്ദേഹം തന്നെ അതിനു മറുപടിയും നല്‍കുന്നുണ്ട്.
കേരളത്തില്‍ പയറ്റി ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുള്ള ഇത്തരം പ്രസ്താവനകള്‍ അമേരിക്കന്‍ മലയാളികളില്‍ വേണ്ടത്ര ഏശുകയില്ലെന്നത് മനസ്സിലാക്കുന്നതു നന്ന്.
കണ്‍വന്‍ഷനെകുറിച്ച് ക്രിയാത്മകമായി പ്രതികരിക്കേണ്ടത് ആവശ്യമാണ്. അത് ഭാവിയില്‍ ഗുണം ചെയ്യും. ഹൂസ്റ്റന്‍ കണ്‍വെന്‍ഷനെകുറിച്ച് ഞങ്ങള്‍ തന്നെ വിലയിരുത്തിക്കഴിഞ്ഞു.
ആദ്യദിവസം രജിസ്‌ട്രേഷനില്‍ അല്പം തിരക്കുണ്ടായെങ്കിലും എത്രയും വേഗം ആളുകള്‍ക്ക് മുറികള്‍ നല്‍കി അയച്ചു. സമയത്തിനനുസരിച്ച് ഒന്നാന്തരം ഭക്ഷണം. അതും ഇഷ്ടം പോലെ. ആദ്യദിവസം മുതല്‍ സ്റ്റേജില്‍ കിടിലന്‍ പരിപാടികള്‍.
ഡോ.എം.വി.പിള്ള, ഡോ. ആറന്മുള ഹരിഹരപുത്രന്‍, സതീഷ് ബാബു പയ്യന്നൂര്‍ ഇവര്‍ നേതൃത്വം നല്‍കിയ സാഹിത്യസമ്മേളനം. നിറഞ്ഞ സദസ്സിലെ, എല്ലാ മതമേലദ്ധ്യക്ഷന്മാരും പങ്കെടുത്ത-മതസൗഹാര്‍ദ്ദസമ്മേളനം, മറ്റു സെമിനാറുകള്‍. ഇവയെ കുറിച്ചൊക്കെ മറ്റുള്ളവര്‍ വാചാലമായി എഴുതുകയും പറയുകയും ചെയ്തു.
ഹൂസ്റ്റന്‍ കണ്‍വന്‍ഷന്‍ ഒരു വിജയമാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഹൂസ്റ്റന്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരില്‍ ഒരാളാണു ഞാനും. ആരെന്തുപറഞ്ഞാലും ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. എല്ലാ പത്രക്കാര്‍ക്കും താമസിക്കാന്‍ മുറിയും ഭക്ഷണവും ഒക്കെ ക്രമപ്പെടുത്തിയിരുന്നു. പത്രക്കാരെ ആദരിച്ചു പ്ലാക്കുകള്‍ നല്‍കിയപ്പോള്‍ ചിലരെ വിട്ടുപോയി എന്നത് മനപൂര്‍വ്വമല്ലാത്ത കുറ്റമായിപ്പോയി എന്നു സമ്മതിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക