Image

വി.എസ് ആണ് 'വിജയന്‍'

ജി.കെ. Published on 23 July, 2012
 വി.എസ് ആണ് 'വിജയന്‍'
രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതി ആരായിരിക്കുമെന്ന ആകാംക്ഷയെപ്പോലും അപ്രസക്തമാക്കി കേരളം ആശങ്കയോടെ കാത്തിരുന്ന തീരുമാനം സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം കൈക്കൊണ്ടിരിക്കുന്നു. അച്ചടക്കലംഘനങ്ങളുടെ പേരില്‍ വി.എസ്.അച്യുതാനന്ദന് സംസ്ഥാന നേതൃത്വം വിധിച്ച ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് കേന്ദ്ര നേതൃത്വം പരസ്യശാസനയായി ഇളവ് ചെയ്തു നല്‍കി. സുപ്രീംകോടതി പോലും വധശിക്ഷയ്ക്ക് വിധിച്ച ഒരു പ്രതിയെ രാഷ്ട്രപതി ദയാഹര്‍ജി നല്‍കി വിട്ടയക്കുന്നതുപോലെ വി.എസ്. വീണ്ടും 'വിജയ'നായകനായി കേന്ദ്ര കമ്മിറ്റി അംഗമായി പ്രതിപക്ഷ നേതാവായി തന്നെ ഡല്‍ഹിയിലെ കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം സംസ്ഥാനത്തേക്ക്് തിരിച്ചുവരുന്നു.

പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കേയോട് ഉപമിക്കുകയും പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ ജനം വിശ്വസിക്കുക എന്നു ചോദിക്കുകയും നടപടി വന്നാല്‍ അംഗീകരിക്കില്ലെന്ന പരസ്യമായി വിളിച്ചു പറയുകയും ചെയ്ത വി.എസ് വെറും ശാസനകൊണ്ട് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് വലിയ പരിക്കുകളില്ലാതെ തിരിച്ചുവരുന്നുവെന്നത് സംസ്ഥാനത്തെ ഔദ്യോഗികപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണ്. വി.എസിനെ പുറത്താക്കുകയോ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയോ ചെയ്യണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ പൂര്‍ണമായും അംഗീകരിക്കാന്‍ കേന്ദ്ര നേതൃത്വം തയാറായില്ല.

വി.എസ്.ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്ര കമ്മിറ്റി യോഗം പ്രമേയം പാസാക്കിയെന്നതും ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയംഗങ്ങളുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതും എം.എം.മണിയ്‌ക്കെതിരെ കൂടുതല്‍ നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതും വി.എസിനെ സംബന്ധിച്ചിടത്തോളം വിജയവുമാണ്. എന്നാല്‍ സംഘടനാതലത്തില്‍ സിപിഎമ്മിലെ വിഭാഗീയതയ്ക്ക് വിലങ്ങിടാന്‍ ഈ നടപടികൊണ്‌ടൊന്നും കഴിയില്ലെന്ന യാഥാര്‍ഥ്യം ബാക്കിയാവുകയും ചെയ്യുന്നു.

വി.എസിനെതിരെ പേരിനൊരു നടപടിയെടുക്കുകയും അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതോടെ തല്‍ക്കാല ശാന്തിയെന്ന മന്ത്രമാണ് കേന്ദ്രനേതൃത്വം ഉരുവിട്ടത്. ഒപ്പം ടി.പി.വധത്തെത്തുടര്‍ന്ന് സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായി നില്‍ക്കുന്ന സാഹചര്യത്തില്‍ വി.എസിനെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നത് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്ന തിരിച്ചറിവും കേന്ദ്രനേതൃത്വത്തിനുണ്ടായി.

വി.എസ് ഉന്നയിച്ച വിഷയങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം ജനങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്‌ടെന്ന ബോധ്യവും കേന്ദ്രനേതൃത്വത്തെ കര്‍ശന നടപടിയില്‍ നിന്ന് തടഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം. വി.എസിനോളം ജനപിന്തുണയുള്ള മറ്റൊരു നേതാവിനെ നിലവിലെ സാഹചര്യത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയില്ല എന്നത് അവര്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു.

നൃപന്‍ ചക്രവര്‍ത്തിയെയും എം.വി,രാഘവനെയും കെ.ആര്‍.ഗൗരിയമ്മയുമെല്ലാം പുറത്താക്കുമ്പോള്‍ പാര്‍ട്ടിക്കുണ്ടായിരുന്ന ശക്തമായൊരു കേന്ദ്ര നേതൃത്വം ഇപ്പോഴില്ല എന്നതും വി.എസിന് ഇവിടെ തുണയായി. പാര്‍ട്ടിയുടെ എല്ലാമെല്ലാമായിരുന്ന രാഘവനെയും ഗൗരിയമ്മയെയും പോലുള്ള നേതാക്കളെ പുറത്താക്കുമ്പോള്‍ ഇഎംഎസിനെയും നായനാരെയും വി.എസിനെയുംപോലെ തലയെടുപ്പും ജനകീയാടിത്തറയുമുള്ള നേതാക്കള്‍ പാര്‍ട്ടി നേതൃ നിരയിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പോലും വിഎസിന്റെ പകുതി ജനകീയത അവകാശപ്പെടാനാവില്ല എന്നതാണ് യാഥാര്‍ഥ്യം.

അതുകൊണ്ടു തന്നെ ബംഗാളില്‍ ഭരണം നഷ്ടപ്പെടുകയും കേരളത്തില്‍ പാര്‍ട്ടി പ്രതിസന്ധിയെ പുല്‍കി നില്‍ക്കുകയും ചെയ്യുമ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ പ്രളയകാലത്ത് വി.എസിനെതപ്പോലൊരു ജനകീയ നേതാവിനെതിരെ സംഘടനാ തത്വങ്ങള്‍ ലംഘിച്ചുവെന്ന കാരണം പറഞ്ഞ് കേവലം യാന്ത്രികമായി നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വത്തിന് കഴിയുമായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

സംഘടനാ തത്വങ്ങള്‍ ലംഘിച്ചുവെന്ന് പറയുമ്പോഴും അത് ഏത് സാഹചര്യത്തിലായിരുന്നു എന്നുകൂടി കേന്ദ്ര നേതൃത്വം കണക്കിലെടുത്തു. ഒപ്പം വി.എസ്.നടത്തിയ ഏറ്റു പറച്ചിലും കേന്ദ്ര നേതൃത്വം പരിഗണിച്ചു. അങ്ങനെ ഒരിക്കല്‍ കൂടി വി.എസ് വിജയനാവുകയും ചെയ്തു. എന്നാല്‍ അപ്പോഴും പ്രസക്തമായ കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കേന്ദ്ര നേതൃത്വത്തിനായിട്ടില്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്.

സംസ്ഥാന നേതൃത്വത്തില്‍ ഇപ്പോള്‍ വിഭാഗീയതയില്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെ വാദം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. കാരണം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഒരു പക്ഷമെയുള്ളു. അത് ഔദ്യോഗികപക്ഷം മാത്രമാണ്. എന്നാല്‍ മറുവശത്ത് ഒറ്റയാനായി വി.എസ്. മാത്രവും. വിഭാഗീയത എന്ന പഴകിത്തേഞ്ഞ പദംകൊണ്ട് വിവരിക്കാവുന്നതല്ല പാര്‍ട്ടി കേരളാ ഘടകത്തിലെ സ്ഥിതിഗതികള്‍. അത് കേന്ദ്ര നേതൃത്വവും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ വാരിക്കുന്തവുമായി വി.എസ് ഇനിയും രംഗത്തുവന്നാലും അച്ചടക്ക വാള്‍ വീശാന്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിനാവില്ല. അദ്ദേഹം സ്വയം പുറത്തു പോവുന്നതുവരെ പുറത്താക്കാനും. കാരണം ഇപ്പോള്‍ നടത്തുന്നതെല്ലാം വി.എസിന്റെ മാര്‍ഗങ്ങള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ അദ്യന്തിക ലക്ഷ്യം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും. അതിന് അദ്ദേഹത്തിന് കരുത്തു പകരുന്നതാകട്ടെ എ.കെ.ജിയ്ക്കുശേഷം മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവിനും അവകാശപ്പെടാനാവാത്ത ജനകീയതയും. അതുകൊണ്ട് നാടകം അവസാനിക്കുന്നില്ല. ഇതൊരു ഇടവേള മാത്രം. 
 വി.എസ് ആണ് 'വിജയന്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക