Image

ട്രിബേക്ക ചലച്ചിത്രോല്‍സവം നവംബറില്‍

Published on 23 July, 2012
ട്രിബേക്ക ചലച്ചിത്രോല്‍സവം നവംബറില്‍
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് (ഡി.എഫ്.ഐ) സംഘടിപ്പിക്കുന്ന നാലാമത് ട്രിബേക്ക ചലച്ചിത്രോല്‍സവം നവംബര്‍ 17 മുതല്‍ 24 വരെ നടക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പുതുമകളോടെയാണ് ഈ വര്‍ഷം മേള സംഘടിപ്പിക്കുന്നത്. മേളയുടെ പുതിയ വൈസ് ചെയര്‍മാനായി ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഇസ്സ ബിന്‍ മുഹമ്മദ് അല്‍ മുഹന്നദിയെയാണ് നിയമിച്ചിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ അഞ്ച് ദിവസങ്ങളിലായി നടന്ന മേള ഇത്തവണ എട്ട് ദിവസം നീണ്ടുനില്‍ക്കും. പരമാവധി പ്രേക്ഷകര്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പ്രദര്‍ശനവേദികളും സജ്ജീകരിക്കുന്നുണ്ട്. കത്താറ കള്‍ച്ചറല്‍ വില്ലേജ്, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം (എം.ഐ.എ) എന്നിവിടങ്ങളില്‍ ഇന്‍ഡോറിലും ഔ്‌ഡോറിലും പ്രദര്‍ശനങ്ങളുണ്ടായിരിക്കും.

പ്രമേയത്തിലും ആഖ്യാനത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന അമ്പതിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ദോഹയുടെ ഏറ്റവും വലിയ സാംസ്‌കാരിക മേളയായി മാറിയ ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി ഇത്തവണയും പാനല്‍ ചര്‍ച്ചകള്‍, നെറ്റ്വര്‍ക്കിംഗ് പരിപാടികള്‍, സിനിമയുടെ വിവിധ വശങ്ങളില്‍ പരിശീലന പരിപാടികള്‍, സംവാദങ്ങള്‍, കുടുംബങ്ങള്‍ക്കായി പ്രത്യേക ദിവസം എന്നിവ സംഘടിപ്പിക്കും. മേളയുടെ സാംസ്‌കാരിക വൈവിധ്യവും ജനപങ്കാളിത്തവും ഉറപ്പാക്കുന്ന വിധത്തിലുള്ള പരിപാടികള്‍ക്ക് ഡി.എഫ്.ഐ ടീമുമായി ചേര്‍ന്ന് രൂപം നല്‍കുമെന്ന് പുതിയ വൈസ് ചെയര്‍മാന്‍ അല്‍ മുഹന്നദി പറഞ്ഞു. ഗള്‍ഫ് മേഖലക്കകത്തും പുറത്തും ഖത്തറിനെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായി വളര്‍ത്തിയെടുക്കുന്നതില്‍ മേളക്ക് സുപ്രധാന പങ്കുണ്ട്. പ്രേക്ഷകര്‍ക്ക് കൂടുതല്‍ പുതുമയുള്ള കാഴ്ചകള്‍ സമ്മാനിക്കുകയാണ് ഇത്തവണത്തെ മേളയുടെ ലക്ഷ്യം.

രാജ്യത്തിനകത്തും പുറത്തമുള്ള നവചലച്ചിത്ര പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളാകും തെരഞ്ഞെടുക്കുകയെന്ന് മേളയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാഗീ കിം പറഞ്ഞു. മികച്ച അറബ് സിനിമ, മികച്ച അറബ് സംവിധായകന്‍, മികച്ച ഡോക്യുമെന്ററി, മികച്ച അറബ് ഹ്രസ്വചിത്രം എന്നിവക്ക് അറബ്, രാജ്യാന്തര തലത്തിലുള്ള പുരസ്‌കാരങ്ങള്‍ക്ക് പുറമെ മികച്ച ആഖ്യാന ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുടെ അവാര്‍ഡും ഉണ്ടായിരിക്കും. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്ന മൂന്നാമത് മേളയില്‍ 35 രാജ്യങ്ങളില്‍ നിന്നായി 51 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇവയില്‍ ഒമ്പതെണ്ണം ആഗോളതലത്തിലും നാലെണ്ണം രാജ്യാന്തര തലത്തിലും 26 എണ്ണം പശ്ചിമേഷ്യയിലും ആദ്യമായി പ്രദര്‍ശിപ്പിച്ചത് ആ മേളയിലായിരുന്നു. അരലക്ഷത്തോളം പേര്‍ മേളയില്‍ പങ്കെടുത്തതായാണ് കണക്ക്.

ട്രിബേക്ക ചലച്ചിത്രോല്‍സവം നവംബറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക