Image

കൊളറാഡോ വെടിവെയ്പ്പ്: കൊലയാളിയെ കോടതിയില്‍ ഹാജരാക്കി

Published on 23 July, 2012
 കൊളറാഡോ വെടിവെയ്പ്പ്: കൊലയാളിയെ കോടതിയില്‍ ഹാജരാക്കി
കൊളറാഡോ: കൊളറാഡോയിലെ സിനിമാശാലയില്‍ വെടിവെയ്പ്പ് നടത്തി 12 പേരെ വധിച്ച കേസിലെ പ്രതി ജെയിംസ് ഹോംസിനെ കോടതിയില്‍ ഹാജരാക്കി. ഹോംസിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ കോടതിയില്‍ എന്തെങ്കിലും പറയാന്‍ ഹോംസ് തയാറായില്ലെന്ന് ഔറോറ പോലീസ് മേധാവി ഡാന്‍ ഓടെസ് പറഞ്ഞു. രണ്ടു മാസം മുമ്പ് ഡെന്‍വറില്‍ നിന്നാണ് ഹോംസ് വെടിവെടിവെയ്പ്പ് നടത്താനുള്ള തോക്കുകള്‍ ശേഖരിച്ചത്. ഇന്റര്‍നെറ്റ് വഴി ആറായിരം തിരകളും ഹോംസ് സ്വന്തമാക്കിയിരുന്നു. ആക്രമണത്തിന് മുമ്പ് ടിയര്‍ ഗ്യാസ് പൊട്ടിച്ച ഹോംസ് സെമി ഓട്ടോമാറ്റിക് റഐഫിളും ഷോട്ഗണ്ണും പിസ്റ്റളും ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നും ഓട്ടെസ് വ്യക്തമാക്കി. ആക്രമണത്തിനിടെ സെമി ഓട്ടോമാറ്റിക് റൈഫിള്‍ തകരാറിലായതിനെത്തുടര്‍ന്ന് മറ്റൊരു തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ഇതാണ് ആക്രമണ തീവ്രത കുറച്ചതെന്ന് ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊളറാഡോ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒബാമയുടെ ആദരം

കൊളറാഡോ: കൊളറാഡോയിലെ സിനിമാശാലയിലുണ്ടായ വെടിവെയ്പ്പില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി പ്രസിഡന്റ് ബറാക് ഒബാമയെത്തി. യുഎസ് ജനതയൊന്നാകെ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് ഒബാമ പറഞ്ഞു. വെടിവെയ്പ്പില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ഔറോറയിലെ കൊളറാഡോ ആശുപത്രിയും ഒബാമ സന്ദര്‍ശിച്ചു. ഇരുണ്ട ദിവസത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് പ്രവേശിക്കുന്ന ദിവസം വരുമെന്നും ഒബാമ മരിച്ചവരുടെ കുടുംബാംഗങ്ങളോട് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖം വിവരിക്കാന്‍ വാക്കുകളില്ലെന്നും രാജ്യത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്‌ടെന്ന് പറയാന്‍ മാത്രമെ കഴിയൂവെന്നും ഒബാമ വ്യക്തമാക്കി.

വിമാനം ഹൈവെയില്‍ ലാന്‍ഡ് ചെയ്തു; അപകടം ഒഴിവായി

കാലിഫോര്‍ണിയ: നാലു പേര്‍ കയറിയ ലഘുയാത്രാവിമാനം കെക്കന്‍ കാലിഫോര്‍ണിയന്‍ ഹൈവേയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. വാഹനങ്ങള്‍ ചീറിപ്പായുന്ന സമയത്തുള്ള ലാന്‍ഡിംഗ് അപകടകരമായിരുന്നെങ്കിലും സംഭവത്തില്‍ #ാര്‍ക്കും പരിക്കില്ല. സാന്‍ഡിയാഗോയില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെ എസ്‌കോന്‍ഡിയോയിലെ ഇന്റര്‍‌സ്റ്റേറ്റ് 15 ഹൈവേയിലായിരുന്നു സംഭവം. അടിയന്തര ലാന്‍ഡിംഗ് നടത്താനുള്ള കാരണത്തെക്കുറിച്ച് ഇതുവരെ വിശദീകരണമില്ല.

മൈക്കല്‍ ജാക്‌സന്റെ മാതാവിനെ കാണാനില്ലെന്ന് പരാതി

അരിസോണ: വിഖ്യാത പോപ്പ് ഗായകന്‍ അന്തരിച്ച മൈക്കല്‍ ജാക്‌സന്റെ മാതാവ് കാതറൈന്‍ ജാക്‌സനെ (82) കാണാതായെന്ന് പരാതി. ജാക്‌സന്റെ മൂന്നു കുട്ടികളുടെ സംരക്ഷകയായ ഇവരെ ശനിയാഴ്ച രാത്രി മുതലാണ് കാണാതായത്. കുട്ടികള്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം സുരക്ഷിതരാണ്. മകള്‍ റെബ്ബീയ്‌ക്കൊപ്പം അരിസോണയില്‍ താമസിച്ചുവരവേയാണ് ഇവരെ കാണാതാകുന്നത്.

കാതറൈന്‍ തന്റെ അഭിഭാഷകരെ സന്ദര്‍ശിക്കാന്‍ പോയെന്നാണ് കുടുംബാംഗങ്ങള്‍ ആദ്യം കരുതിയത്. എന്നാല്‍ ഞായറാഴ്ച വൈകിയും വിവരം ലഭിക്കാത്തതിനാല്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെ മുത്തശ്ശിയെ കാണാതായ വിവരം ജാക്‌സന്റെ മകള്‍ പാരീസ് ജാക്‌സണ്‍ ട്വീറ്ററിലൂടെ സുഹൃത്തുക്കളെയും അറിയിച്ചു.

ലോകത്തിലെ അതിസമ്പന്നര്‍ക്ക് 21 ട്രില്യണ്‍ ഡോളറിന്റെ കള്ളപ്പണനിക്ഷേപം

വാഷിംഗ്ടണ്‍: ലോകത്തിലെ അതിസമ്പന്നര്‍ക്ക് 21 ട്രില്യണ്‍ ഡോളറിന്റെ കള്ളപ്പണനിക്ഷേപമുണെ്ടന്ന് റിപ്പോര്‍ട്ട്. സാമ്പത്തികശക്തികളായ അമേരിക്കയുടെയും ജപ്പാന്റെയും സാമ്പത്തികശേഷിക്കു തുല്യമാണ് ഈ തുകയെന്നും ദി െ്രെപസ് ഓഫ് ഓഫ്‌ഷോര്‍ വിസിറ്റഡ് എന്നപേരില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ടാക്‌സ് ജസ്റ്റിസ് നെറ്റ്‌വര്‍ക്കിനു വേണ്ടി മിക്കിന്‍സേ കണ്‍സള്‍ട്ടന്‍സിയുടെ മുന്‍ ചീഫ് എക്കണോമിസ്റ്റ് ജെയിംസ് ഹെന്റിയാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. 2010 വരെയുള്ള കണക്കാണിത്. 21 ട്രില്യണ്‍ എന്നതു ഏകദേശസംഖ്യയാണെന്നും യഥാര്‍ഥത്തില്‍ നികുതിവെട്ടിച്ചുള്ള വിദേശനിക്ഷേപം 32 ട്രില്യണോളം വരുമെന്നും ഹെന്റി വ്യക്തമാക്കി.

ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്, അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്), വേള്‍ഡ് ബാങ്ക്, മറ്റ് സര്‍ക്കാര്‍ രേഖകള്‍ എന്നിവ പഠിച്ചാണ് ഹെന്റി റിപ്പോര്‍ട്ട് തയാറാക്കിയത്. ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ കണക്കുമാത്രമാണിതെന്നും വസ്തു, ഭൂമി തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുള്ള ആസ്തിയുടെയും നിക്ഷേപങ്ങളുടെയും കണക്ക് പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹെന്റി ചൂണ്ടിക്കാട്ടി. സമ്പന്നര്‍ നികുതിവെട്ടിച്ച് വിദേശങ്ങളില്‍ നിക്ഷേപിക്കുന്നത് 139 വികസ്വര രാഷ്ട്രങ്ങളുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതത്തെപ്പറ്റി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. 1970ല്‍ 139 വികസ്വര രാഷ്ട്രങ്ങളിലെ അതിസമ്പന്നരുടെ സമ്പാദ്യം 7.3 ട്രില്യണ്‍ ഡോളര്‍ ആയിരുന്നത് 2010ല്‍ 9.3 ട്രില്യണ്‍ ഡോളറായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. 
 കൊളറാഡോ വെടിവെയ്പ്പ്: കൊലയാളിയെ കോടതിയില്‍ ഹാജരാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക