Image

ആറന്മുള വള്ളസദ്യയുടെ ഉദ്‌ഘാടനം ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ നിര്‍വഹിക്കും

അനില്‍ പെണ്ണുക്കര Published on 23 July, 2012
ആറന്മുള വള്ളസദ്യയുടെ ഉദ്‌ഘാടനം ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ നിര്‍വഹിക്കും
ലോകപ്രസിദ്ധമായ ആറന്മുള വള്ളസദ്യയുടെ ഉദ്‌ഘാടനം 2012 ജൂലൈ 30ന്‌ ശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ നിര്‍വഹിക്കും. അന്നേദിവസം അദ്ദേഹത്തിന്റെ വഴിപാടായി ചെറുകോല്‍ പള്ളിയോടത്തിന്‌ വള്ളസദ്യ വഴിപാട്‌ നടക്കും. മഹാരാജാവിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായിട്ടാണ്‌ തിരുവാറന്മുളയപ്പന്‌ വള്ളസദ്യ വഴിപാട്‌ നടത്തുന്നത്‌. ആദ്യദിനത്തില്‍ ളാക -ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്‌, വരയന്നൂര്‍, മാലക്കര എന്നീ പള്ളിയോടങ്ങള്‍ക്കാണ്‌ ഇതുവരെ സദ്യകള്‍ ബുക്കു ചെയ്‌തിരിക്കുന്നത്‌. കൂടുതല്‍ പള്ളിയോടങ്ങള്‍ ഈ ദിനത്തില്‍ ഇനിയും സദ്യയ്‌ക്കായി എത്തും.

ഉദ്‌ഘാടന ചടങ്ങ്‌ നിര്‍വഹിക്കുന്നതിനായി മഹാരാജാവ്‌ 30ന്‌ 10 മണിയോടുകൂടി ക്ഷേത്രത്തില്‍ എത്തിച്ചേരും. ചടങ്ങുകളുടെ ക്രമീകരണങ്ങളും മറ്റും അദ്ദേഹത്തെ അറിയിക്കുന്നതിനായി പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ.വി. സാംബദേവന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത്‌ രാജകൊട്ടാരത്തില്‍ നേരിട്ടെത്തി കഴിഞ്ഞദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

സര്‍പ്പദോഷ പരിഹാരത്തിനും സന്താനലബ്‌ധിക്കുമായി ആറന്മുള ക്ഷേത്രത്തില്‍ നടത്തുന്ന പ്രസിദ്ധമായ ചടങ്ങാണ്‌ വള്ളസദ്യ. വര്‍ഷത്തില്‍ 2 മാസക്കാലമാണ്‌ ചടങ്ങുകള്‍ നടക്കുന്നത്‌. ഈ കൊല്ലം ജൂലൈ 30 മുതല്‍ ഒക്‌ടോബര്‍ 2 വരെയാണ്‌ സദ്യകള്‍ നടക്കുന്നത്‌. ഇതിനോടകം 200ലധികം സദ്യകള്‍ പണമടച്ച്‌ ബുക്കു ചെയ്‌തു കഴിഞ്ഞു. 250ഓളം സദ്യകള്‍ ഇനിയും ബുക്കു ചെയ്യുവാനുണ്ട്‌. ഇക്കുറി സദ്യകളുടെ എണ്ണം 700 കവിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വര്‍ദ്ധിച്ചുവരുന്ന തിരക്ക്‌ കണക്കിലെടുത്ത്‌ ഇക്കുറി ഒരു ദിവസം നടത്തുന്ന സദ്യകളുടെ എണ്ണം 15 ആയി നിജപ്പെടുത്തിയിട്ടുണ്ട്‌. അതോടൊപ്പം തന്നെ വള്ളസദ്യകാലയളവില്‍ ഉണ്ടാകുന്ന മാലിന്യം സംസ്‌ക്കരിക്കുന്നതിനായി പള്ളിയോട സേവാസംഘം നേരിട്ട്‌ മുന്‍കൈ എടുക്കും. സദ്യയുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തിലും കര്‍ശനമായ ഇടപെടല്‍ ഇക്കുറി പള്ളിയോട സേവാസംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഈ വിഷയത്തില്‍ പള്ളിയോടസേവാസംഘം യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയാറല്ലെന്നും പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ.വി.സാംബദേവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പള്ളിയോട സേവാസംഘത്തിന്റെ സംഘാംഗങ്ങളായ 46 പള്ളിയോട കരക്കാരാണ്‌ വഴിപാട്‌ വള്ളസദ്യ നടത്തിക്കൊടുക്കുന്നത്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുമതി നല്‍കിയ പുല്ലൂപ്രം, ഇടക്കുളം എന്നീ കരകളിലെ പള്ളിയോടങ്ങള്‍ നീരണിയുന്നതോടെ പള്ളിയോടങ്ങളുടെ എണ്ണം 48 ആകും. പള്ളിയോട സേവാസംഘത്തിന്റെ അംഗീകാരമുള്ള പള്ളിയോടങ്ങളാണ്‌ വള്ളസദ്യയില്‍ പങ്കെടുക്കുന്നത്‌. വള്ളസദ്യയുടെ ആചാരാനുഷ്‌ഠാനങ്ങളും ഭക്തജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കുന്നതിനും ചടങ്ങുകളുടെ ഈശ്വരീയ അംശം നഷ്‌ടപ്പെടാതിരിക്കുന്നതിനുമാണ്‌ ഇത്തരത്തില്‍ സേവാസംഘത്തിന്റെ അംഗീകാരം വാങ്ങിയിട്ടുള്ള പള്ളിയോടങ്ങളെ മാത്രം ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്നത്‌. ഇത്‌ പൂര്‍ണ്ണമായും ഉറപ്പു വരുത്തുവാന്‍ 07-07-2012ല്‍ പത്തനംതിട്ട ജില്ലാ കളക്‌ടറുടെ ചേംബറില്‍ എ.ഡി.എം എച്ച്‌. സലിംരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ഭരണാധികാരികളുടെ യോഗം തീരുമാനം എടുത്തിട്ടുണ്ട്‌.

സെപ്‌റ്റംബര്‍ 2നാണ്‌ ഈ വര്‍ഷത്തെ ആറന്മുള ഉത്തൃട്ടാതി ജലമേള നടക്കുന്നത്‌. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സാംസ്‌കാരികനായകന്മാര്‍ തുടങ്ങിയവര്‍ ജലമേളയില്‍ പങ്കെടുക്കും. എ, ബി ബാച്ചുകളിലായി 48 പള്ളിയോടങ്ങള്‍ ഇക്കുറി ജലമേളയില്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പള്ളിയോടങ്ങളുടെ വര്‍ണ്ണാഭമായ ജലഘോഷയാത്രയോടെയാണ്‌ ജലമേള ആരംഭിക്കുന്നത്‌. തുടര്‍ന്നു നടക്കുന്ന മത്സര വള്ളംകളിയില്‍ വിജയികളാകുന്ന പള്ളിയോടങ്ങള്‍ക്ക്‌ നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ സ്‌മരണയ്‌ക്കു മുന്‍പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മന്നം ട്രോഫി സമ്മാനിക്കും. ഘോഷയാത്രയിലും മത്സര വള്ളംകളിയിലും നന്നായി പാടി തുഴയുന്ന പള്ളിയോടങ്ങള്‍ക്ക്‌ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം സമുദായ നേതാവ്‌ ആര്‍. ശങ്കറിന്റെ സ്‌മരണയ്‌ക്കു മുമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആര്‍. ശങ്കര്‍ മെമ്മോറിയല്‍ സുവര്‍ണ്ണ ട്രോഫി സമ്മാനിക്കും. 5 ലക്ഷത്തിലധികം ആളുകളാണ്‌ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ജലമേള വീക്ഷിക്കുന്നതിനായി ആറന്മുളയില്‍ എത്തുന്നത്‌. ലോകത്തിലെ 108 വൈഷ്‌ണവ തിരുപ്പതികളിലൊന്നായ ആറന്മുള ക്ഷേത്രം മദ്ധ്യമ പാണ്ഡവനായ അര്‍ജ്ജുനനാല്‍ പ്രതിഷ്‌ഠിക്കപ്പെട്ടുവെന്നാണ്‌ ഐതീഹ്യം. ചിങ്ങമാസത്തിലെ ഉത്തൃട്ടാതി നാളിലാണ്‌ പ്രതിഷ്‌ഠ നടത്തിയത്‌ എന്നാണ്‌ ഭക്തജനങ്ങളുടെ വിശ്വാസം. ഇതിന്റെ ഭാഗമായിട്ടാണ്‌ ഉത്തൃട്ടാതി ജലമേള സംഘടിപ്പിക്കുന്നത്‌. പള്ളിയോട സേവാസംഘത്തിന്റെ പൂര്‍ണ്ണമായ നിയ ്രന്തണത്തിലാണ്‌ ജലമേള നടക്കുന്നത്‌.

സെപ്‌റ്റംബര്‍ 8നാണ്‌ ഈ വര്‍ഷത്തെ അഷ്‌ടമിരോഹിണി വള്ളസദ്യ നടക്കുന്നത്‌. 3 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന ഈ മഹാസദ്യ കേരളത്തിന്റെ കാര്‍ഷിക സംസ്‌ക്കാരത്തിന്റെ നേര്‍കാഴ്‌ചയാണ്‌. ലോകത്തില്‍ തന്നെ ഇത്തരമൊരു സദ്യ ആറന്മുളയില്‍ മാത്രമാണ്‌ നടക്കുന്നത്‌. വരുന്ന വര്‍ഷങ്ങളില്‍ അഷ്‌ടമിരോഹിണി വള്ളസദ്യ ഗിന്നസ്‌ബുക്കില്‍ സ്ഥാനംതേടും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പള്ളിയോടസേവാസംഘവും ദേവസ്വംബോര്‍ഡും ഭക്തജനപ്രതിനിധികളും കൂടി ചേര്‍ന്നുള്ള നിര്‍വ്വഹണ സമിതിയാണ്‌ സദ്യകളുടെ നടത്തിപ്പിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌. സദ്യയ്‌ക്ക്‌ ആവശ്യമായ സാധനങ്ങളുടെ ക്വട്ടേഷന്‍ ഇതിനോടകം തന്നെ ക്ഷണിച്ചു കഴിഞ്ഞു.

യുവാക്കള്‍ക്ക്‌ വഞ്ചിപ്പാട്ടില്‍ പരിശീലനം നല്‍കുന്നതിനായി ആഗസ്റ്റ്‌ 11 മുതല്‍ 15 വരെ വഞ്ചിപ്പാട്ട്‌ കളരി നടത്തുന്നതിന്‌ പള്ളിയോട സേവാസംഘം തീരുമാനിച്ചിട്ടുണ്ട്‌. രണ്ടുമാസക്കാലം നീണ്ടു നില്‍ക്കുന്ന ആറന്മുളയുടെ ഉത്സവമേളത്തിന്‌ വിപുലമായ ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ഇതിനായി ജില്ലാ ഭരണകൂടവും വിവിധ സര്‍ക്കാര്‍വകുപ്പുകളും അവരുടേതായ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കും. സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഒരു അവലോകനയോഗം ആഗസ്റ്റ്‌ 13ന്‌ പാഞ്ചജന്യം കോണ്‍ഫറന്‍സ്‌ ഹാളില്‍വെച്ചുനടത്തും. വള്ളസദ്യയുടെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പള്ളിയോട പ്രതിനിധികള്‍ പള്ളിയോടകര ഭാരവാഹികള്‍, പള്ളിയോട ക്യാപ്‌റ്റന്‍ന്മാര്‍ എന്നിവരുടെ ഒരു സംയുക്തയോഗം ജൂലൈ 29 ഞായറാഴ്‌ച രാവിലെ 10 മണിയ്‌ക്ക്‌ പാഞ്ചജന്യം ആഡിറ്റോറിയത്തില്‍ നടക്കും.
ആറന്മുള വള്ളസദ്യയുടെ ഉദ്‌ഘാടനം ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ നിര്‍വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക