Image

വിശ്വാസജീവിതത്തിന്റെ ആഴങ്ങള്‍ തേടിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ജോര്‍ജ് തുമ്പയില്‍ Published on 23 July, 2012
വിശ്വാസജീവിതത്തിന്റെ ആഴങ്ങള്‍ തേടിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
എലന്‍വില്‍ (ന്യൂയോര്‍ക്ക്): വിശ്വാസജീവിതത്തിന്റെ ആഴവും അര്‍ത്ഥവും അളന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന നാല്ദിനം ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ആത്മസമര്‍പ്പണ സാക്ഷ്യത്തോടെ ഇവിടെ സമാപിച്ചു. ഓര്‍ത്തഡോക്‌സ് വിശ്വാസത്തിന്റെ മഹത്തായ പാരമ്പര്യവും ശ്രേഷ്ഠമായ അനുഷ്ഠാനവുംസംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനങ്ങളും, 21-ാം നൂറ്റാണ്ടില്‍ കാലാനുസൃതമായ മാറ്റങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളണം എന്നതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളും, പണ്ഡിതോചിതങ്ങളായ ചര്‍ച്ചാക്ലാസുകളും ഒക്കെയായി പ്രാര്‍ഥനാ നിര്‍ഭരവും, ആത്മീയ തീക്ഷ്ണത നിറഞ്ഞതുമായിരുന്നു ഇത്തവണത്തെ കോണ്‍ഫറന്‍സ്.

ഇടവക ഭരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം എന്ന പ. സുന്നഹദോസിന്റെയും മാനേജിംഗ് കമ്മിറ്റിയുടെയും തീരുമാനം വന്ന ശേഷമുള്ള ആദ്യ കോണ്‍ഫറന്‍സ് എന്ന നിലയില്‍ ലണ്ടനില്‍ നിന്നെത്തിയ വേദശാസ്ത്ര പണ്ഡിതയും കിംഗ്‌സ് കോളജിലെ സിസ്റ്റമാറ്റിക് തിയോളജി പ്രൊഫസറുമായ എലിസബത്ത് ജോയിയുടെ സാന്നിധ്യം കോണ്‍ഫറന്‍സിന് അനിതരസാധാരണമായ പരിവേഷമേകി. ഹൃദയത്തിന്റെ അകത്തളങ്ങളെ തഴുകി ഉള്‍ക്കണ്ണുകളെ പ്രശോഭിച്ച് ധ്യാനപ്രസംഗവും, സംവേദന ശാസ്ത്രത്തിലെ സങ്കീര്‍ണ്ണതകളുടെ പൊരുളഴിച്ച ചര്‍ച്ചാക്‌ളാസുകളുമായി ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ കോണ്‍ഫറന്‍സിലെ നിറസാന്നിധ്യമായി.

പ്രാര്‍ഥനാ നിര്‍ഭരവും ലളിതവുമായിരുന്നു ഉദ്ഘാടന സമ്മേളനം. ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലെ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന മെത്രാപ്പൊലിത്താ സഖറിയാ മാര്‍ നിക്കളോവാസ് അധ്യക്ഷനായിരുന്നു. കോണ്‍ഫറന്‍സിലെ കീ നോട്ട് സ്പീക്കര്‍ എലിസബത്ത് ജോയി (ഇംഗ്ലണ്ട്), കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ വെരി. റവ. സി.ജെ ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പാ, മുന്‍ ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ തോമസ്, ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു (സുജിത്) തോമസ് എന്നിവര്‍ ഹ്രസ്വമായി പ്രസംഗിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികത്തെക്കുറിച്ച് ഭദ്രാസന സെക്രട്ടറി ഫാ. എം.കെ കുറിയാക്കോസ് സംസാരിച്ചു. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഏബ്രഹാം ജോഷ്വാ ആയിരുന്നു എം.സി. സരോജാ വര്‍ഗീസ്മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച നിക്കളോവാസ് മെത്രാപ്പൊലിത്ത 21-ാം നൂറ്റാണ്ടില്‍ ഓര്‍ത്തഡോക്‌സിയുടെ സാക്ഷ്യം എന്ന കോണ്‍ഫറന്‍സ് ചിന്താവിഷയം പങ്കെടുക്കുന്നവരില്‍ ആത്മീയ ഉണര്‍വിന് ഉതകട്ടെ എന്ന് പ്രാര്‍ഥിച്ചതോടൊപ്പം, ഈ സാക്ഷ്യം പ്രചരിപ്പിക്കുന്നതിന് വേണ്ട ഓജസും തേജസും എല്ലാവരിലും പ്രസരിക്കട്ടെ എന്നാശംസിക്കുകയും ചെയ്തു. കാലാവധി അവസാനിച്ച ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച മാര്‍ നിക്കളോവാസ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളായ ഫാ. ഷിബു ദാനിയല്‍, ഫാ. ആന്‍ഡ്രൂ ദാനിയല്‍, ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശേരില്‍, ഷാജി വര്‍ഗീസ്, ഡോ. സാഖ് സക്കറിയാ എന്നിവരെ പരിചയപ്പെടുത്തുകയും ചെയ്തു.

നാല് മണിക്ക് രജിസ്‌ട്രേഷനോടു കൂടി പരിപാടികള്‍ക്ക് തുടക്കമായി. രജിസ്‌ട്രേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജേമി ജോഷ്വാ, ജോയിന്റ് കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു സുജിത് തോമസ്, ദീപാ തോമസ്, ജീനാ ജോഷ്വാ, പ്രീതി എന്നിവരുടെ നേതൃത്വത്തില്‍ വോളണ്ടിയര്‍മാരുടെ സംഘം മികച്ച സേവനമാണ് കാഴ്ചവെച്ചത്. റിസോര്‍ട്ടിന് പുറത്തുനിന്ന് ആഡിറ്റോറിയത്തിലേക്ക് നടത്തിയ ഘോഷയാത്രയില്‍ ഫിലഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നിന്നുള്ള ചെണ്ടമേളത്തോടെ, കോ ഓര്‍ഡിനേറ്റര്‍ രാജന്‍ പടിയറയുടെ നേതൃത്വത്തില്‍, മുത്തുക്കുടകളുടെ അകമ്പടിയോടെ ഭദ്രാസന മെത്രാപ്പൊലിത്തയെയും, വൈദികരെയും, വിശിഷ്ടാതിഥികളെയും ആനയിച്ചു.

കോണ്‍ഫറന്‍സ് രണ്ടാം ദിവസം ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണ പരമ്പരകള്‍ക്ക് എലിസബത്ത് ജോയി തുടക്കമിട്ടു. യുവജനങ്ങള്‍ക്കായിനടന്ന സെഷന് ഫാ. ആന്‍ഡ്രൂസ് ദാനിയലും, കുട്ടികള്‍ക്ക് ഫാ. ഗ്രിഗറി വര്‍ഗീസും അന്‍സാ തോമസും നേതൃത്വം നല്‍കി.

സീനിയേഴ്‌സ്, ഫോക്കസ്, എം.ഡി.ഓ.സി.എസ്.എം എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ബ്രേക്ക് ഔട്ട് സെഷനുകളും ക്രമീകരിച്ചിരുന്നു. മെന്‍സ് ഫോറം, മര്‍ത്തമറിയം വനിതാ സമാജം, ക്ലേര്‍ജി അസോസിയേഷന്‍ എന്നീ പ്രസ്ഥാനങ്ങളുടെ യോഗങ്ങളില്‍ യഥാക്രമം ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, എലിസബത്ത് ജോയി, മാര്‍ നിക്കളാവോസ് എന്നിവര്‍ പ്രസംഗിച്ചു. സൂപ്പര്‍ സെഷനുകളില്‍ റവ. ഡോ. ജോര്‍ജ് കോശി, റവ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

കായിക വിനോദങ്ങള്‍ക്ക് ഫാ. ഷിബു ദാനിയല്‍ നേതൃത്വം നല്‍കി. വൈദികര്‍ മാത്രം ഉള്‍പ്പെട്ട വോളിബോള്‍ ടീമിനെ അല്‍മേനികളുടെ ടീം തോല്പിച്ചു.

വൈകുന്നേരം നടന്ന യോഗത്തില്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോണ്‍ഫറന്‍സ് സ്മരണികയുടെ പ്രകാശനവും നടന്നു. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുടെയും, കോണ്‍ഫറന്‍സ് ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ മാര്‍ നിക്കളോവോസ് മെത്രാപ്പൊലിത്താ സുവനീറിന്റെ ആദ്യ പ്രതി മുഖ്യാതിഥി എലിസബത്ത് ജോയിക്ക് നല്‍കി. ചീഫ എഡിറ്റര്‍ വര്‍ഗീസ് പോത്താനിക്കാട് ആമുഖപ്രസംഗം നടത്തി.

തുടര്‍ന്ന് വിവിധ ഇടവകകളില്‍ നിന്നുള്ള കലാപരിപാടികള്‍ കോര്‍ത്തിണക്കിയ എന്റര്‍ടെയിന്റ്‌മെന്റ് പ്രോഗ്രാം നടന്നു. അനുജോസഫ് കോ ഓര്‍ഡിനേറ്റ് ചെയ്ത് എം.സിയായി പ്രവര്‍ത്തിച്ചു.

കോണ്‍ഫറന്‍സിന്റെ 3-ാം ദിവസവും മുഖ്യപ്രാസംഗിക എലിസബത്ത് ജോയി ചിന്താവിഷയത്തിലൂന്നി നിന്ന് സംസാരിച്ചു. സ്വന്തം ജീവിത സാക്ഷ്യത്തെ അവലംബമാക്കി, യഥാര്‍ത്ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് എലിസബത്ത് ജോയി പണ്ഡിതോചിതമായി സംസാരിച്ചത്. ആകാംക്ഷയോടെ കാത്തിരുന്ന വിശ്വാസസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ് വന്ന ആശയങ്ങള്‍ സുജ സാബു (സെന്റ്‌മേരീസ് കത്തീഡ്രല്‍ ഫിലഡല്‍ഫിയ), ഡോ. സാഖ് സക്കറിയ (സെന്റ് ഗ്രിഗോറിയോസ് ബെന്‍സേലം), മോളി കോശി (സെന്റ് മേരീസ് ബ്രോങ്ക്‌സ്), മാത്യു ജോര്‍ജ് (സെന്റ് തോമസ് യോങ്കേഴ്‌സ്), എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ (സെന്റ് തോമസ് ലോംഗ് ഐലന്‍ഡ്), പോള്‍ സി. മത്തായി (സെന്റ് ഗ്രിഗോറിയോസ് ബെന്‍സേലം) എന്നിവര്‍ പങ്ക് വെച്ചു.

പ്ലീനറി സെഷനില്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗം കോരസണ്‍ വര്‍ഗീസ്, മര്‍ത്തമറിയം വനിതാ സമാജം സെക്രട്ടറി ജെസി മാത്യു, ഫോക്കസ് പ്രതിനിധി ബെഞ്ചമിന്‍ തുടങ്ങി വിവിധ ആദ്ധ്യാത്മിക സംഘടനകളുടെ പ്രതിനിധികള്‍ കോണ്‍ഫറന്‍സിന്റെ വിവിധ തലങ്ങളെ സ്പര്‍ശിച്ച് സംസാരിച്ചു.

യുവജനങ്ങളുടെ സെഷന് ഫാ. ഗീവര്‍ഗീസ് ജോണും, കുട്ടികളുടെ സെഷന് ഡീക്കന്‍ ഗീവര്‍ഗീസ് കോശിയും നേതൃത്വം നല്‍കി.

സൂപ്പര്‍ സെഷനുകളില്‍ ഫാ. അജു ഫിലിപ്പ് മാത്യൂസ്, ഡീക്കണ്‍ ഫിലിപ്പ് മാത്യു, ടെനി തോമസ്, ഡോ. ഡോളി ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

മീഡിയാ റൂമില്‍ 'സഭയും സ്ത്രീകളും' എന്ന വിഷയത്തിലൂന്നി നടന്ന മീഡിയാ സെമിനാറില്‍ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ മോഡറേറ്റര്‍ ആയിരുന്നു. ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ. ഷേബാലി എന്നിവര്‍ നേതൃത്വം നല്‍കി.

ഉച്ചകഴിഞ്ഞ് കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഏബ്രഹാം ജോഷ്വാ, പങ്കെടുത്ത ഇടവകകള്‍, വികാരിമാര്‍, ഇടവക ജനങ്ങള്‍ എന്നിവരെ പരിചയപ്പെടുത്തി. മാര്‍ നിക്കളോവോസ് മെത്രാപ്പൊലിത്താ കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനും വിജയത്തിനുമായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
വൈകുന്നേരം ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ നടത്തിയ ധ്യാനപ്രസംഗം ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നു. പിന്നീടാണ് കുമ്പസാര കൂദാശ നടന്നത്.

നാലാം ദിവസമായ ശനിയാഴ്ച രാവിലെ കുര്‍ബാനയ്ക്ക് ശേഷം കൂടിയ ഹ്രസ്വമായ സമാപന സമ്മേളനത്തില്‍ എലിസബത്ത് ജോയിയും ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടിലും തങ്ങളുടെ കോണ്‍ഫറന്‍സ് അനുഭവങ്ങള്‍ പങ്കുവെച്ചു. 'വന്നു, കണ്ടു കീഴടങ്ങി' എന്നാണ് കരിങ്ങാട്ടിലച്ചന്‍ പറഞ്ഞത്.

ജേമി ജോഷ്വയും ജീനാ ജോഷ്വയും ചേര്‍ന്ന് തയാറാക്കിയ സ്ലൈഡ് പ്രസന്റേഷനിലൂടെ ഒരു കോണ്‍ഫറന്‍സ് റീ ക്യാപ് നടന്നു.

ബിംഗോ ടിക്കറ്റ് വിജയികളായ ലീലാമ്മമത്തായി, ജെസി മാത്യു, സി.സി ജോണ്‍, ജൂലിയആന്‍ഡ് അലക്‌സ്, ജൂലി സാമുവല്‍, ആനി ഫിലിപ്, സഞ്ജയ് തമ്പി, ആഷ്‌ലി ജോര്‍ജ് എന്നിവര്‍ക്ക് ഗിഫ്റ്റ് കാര്‍ഡുകള്‍ സമ്മാനങ്ങളായി നല്‍കി.

ഭദ്രാസന കോണ്‍ഫറന്‍സിന്റെ ആദ്യകാലസംഘാടകരായ പി.ഐ ജോണ്‍, ഫാ. ടി.എ തോമസ്, വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവരെ ആദരിച്ചു.

ബോം ടി.വിയുടെ പ്ലാറ്റ്‌ഫോമില്‍ തുടങ്ങിയ ഓര്‍ത്തഡോക്‌സ് ടി.വിയെക്കുറിച്ച്, സാരഥിയായ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം പ്രതിപാദിച്ചു.

അടുത്തവര്‍ഷം ജൂലൈ 10 മുതല്‍ 13 വരെ നടക്കുന്ന ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ കോ ഓര്‍ഡിനേറ്ററായി ഫാ. മാത്യു സുജിത് തോമസിനെയും ട്രഷററായി തോമസ് ജോര്‍ജിനെയും മാര്‍ നിക്കളോവോസ് നിയമിച്ചതായി പ്രഖ്യാപിച്ചു. വേദിയില്‍ വെച്ച് തന്നെ 100ല്‍ അധികം രജിസ്‌ട്രേഷനുകള്‍, രജിസ്‌ട്രേഷന്‍ തുകയ്ക്കുള്ള ചെക്ക് സഹിതം ഭാരവാഹികള്‍ ഏറ്റുവാങ്ങിയത് പുതുമയായി. ശനിയാഴ്ചതന്നെ ജന്മദിനം ആഘോഷിക്കുന്ന ഭദ്രാസന സെക്രട്ടറി ഫാ. എം.കെ കുറിയാക്കോസ്, മെത്രാപ്പൊലിത്തയുടെ മാതാവ്, ജോണ്‍ മത്തായി (പോള്‍ സി. മത്തായിയുടെ ഭാര്യ) എന്നിവര്‍ക്കു വേണ്ടി വേദിയില്‍ വെച്ച് തന്നെ കേക്ക് മുറിച്ച് വിതരണം ചെയ്തു.

കോണ്‍ഫറന്‍സ് ദിനങ്ങളിലെ ധ്യാനയോഗങ്ങള്‍: വെരി. റവ. പൗലൂസ് ആദായി കോര്‍ എപ്പിസ്‌കോപ്പാ, വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ. പൗലൂസ് ടി. പീറ്റര്‍ എന്നിവര്‍ നയിച്ചു.
ഭദ്രാസന ചാന്‍സലര്‍ കൂടിയായ ഫാ. തോമസിന്റെ നേതൃത്വത്തിലും, ഗായകനും ഏയ്ഞ്ചല്‍ മെലഡീസിന്റെ സംഘാടകനുമായ ജോസഫ് പാപ്പന്റെ ശിക്ഷണത്തിലും കോണ്‍ഫറന്‍സ് ദിനങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു. ഫാ. ടി.എ തോമസ് ചാപ്ലെയിന്‍ ആയിരുന്നു.

കോണ്‍ഫറന്‍സ് കാമ്പസില്‍ പ്രവര്‍ത്തിച്ച് വന്നമീഡിയാ വര്‍ക്ക്‌ഷോപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാദിവസവും'ദി ലോംഗ് വോക്ക്' എന്ന തലക്കെട്ടിലുള്ള ന്യൂസ് ലെറ്റര്‍ പ്രസിദ്ധീകരിച്ചതും പുതുമയായി. ഫാ. ഷേബാലി, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ. ഡോ. ജേക്കബ് മാത്യു, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തികഞ്ഞ അച്ചടക്കത്തോടും, ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും, വിജയകരമായി സമാപിച്ച കോണ്‍ഫറന്‍സിന് ഭദ്രാസന മെത്രാപ്പൊലിത്തയുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ സ്തുത്യര്‍ഹമായ സേവനമാണ് നല്‍കിയത്. വെരി. റവ. സി.ജെ ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പാ കോ ഓര്‍ഡിനേറ്ററും, ഫാ. മാത്യു സുജിത് തോമസ് ജോയിന്റ് കോ ഓര്‍ഡിനേറ്ററും, ഏബ്രഹാം ജോഷ്വാ ജനറല്‍ സെക്രട്ടറിയും, റോയി എണ്ണച്ചേരില്‍ ട്രഷററുമായി പ്രവര്‍ത്തിച്ചു. താഴെപ്പറയുന്നവരായിരുന്നു പ്രവര്‍ത്തന കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ഫാ. ടി.എ തോമസ്, ഫാ. തോമസ് പോള്‍, ഫാ. അജു ഫിലിപ്പ് മാത്യൂസ്, ഫാ. എം.കെ കുറിയാക്കോസ്, ഫാ. ഷിബു ദാനിയല്‍, ടെനി തോമസ്, രാജന്‍ പടിയറ, ആശാ തോമസ്, വറുഗീസ് പോത്താനിക്കാട്, പോള്‍ സി. മത്തായി, രാജു വര്‍ഗീസ്, അനു ജോസഫ്, ഡോ. സോളി ഗീവര്‍ഗീസ്, ജേമി ജോഷ്വാ, ജോര്‍ജ് തുമ്പയില്‍. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. ആന്‍ഡ്രൂ ദാനിയല്‍, ഫിലിപ്പോസ് ഫിലിപ്, അജിത് പട്ടശേരില്‍, സഭാ മാനേജിംഗ്കമ്മിറ്റി അംഗങ്ങളായ ഫാ. ദാനിയല്‍ പുല്ലേലില്‍, പോള്‍ കറുകപ്പിള്ളില്‍, കോരസണ്‍ വര്‍ഗീസ് എന്നിവരുടെയും ഭദ്രാസന ഓഫീസ് അസോസിയേറ്റുകളായ ഡീക്കന്‍ എബി ജോര്‍ജ്, ഡീക്കന്‍ ഡെന്നിസ് മത്തായി, ബാബു പാറയ്ക്കല്‍ എന്നിവരുടെയും സേവനവും ലഭ്യമായിരുന്നു.


ഓര്‍ത്തഡോക്‌സ് വിശ്വാസ സാക്ഷ്യം 21-ാം നൂറ്റാണ്ടില്‍

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രഭാഷകയായിരുന്നു വേദശാസ്ത്രപണ്ഡിതയായ എലിസബത്ത് ജോയി. ലണ്ടന്‍ കിംഗ്‌സ് കോളജില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിസ്റ്റമാറ്റിക് തിയോളജി പ്രൊഫസറായ എലിസബത്ത്, തിയോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദത്തിനുശേഷം ഇപ്പോള്‍ പി.എച്ച്.ഡി ഗവേഷക കൂടിയാണ്. മിഷന്‍ എജ്യുക്കേഷന്‍ ഓഫ് കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന്റെ മുന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയും യു.കെ, യൂറോപ്പ്, ആഫ്രിക്കാ ഭദ്രാസന സെക്രട്ടറി ഫാ. ജോര്‍ജ് ജോയിയുടെ സഹധര്‍മിണിയും ആണ് എലിസബത്ത്.

പുതിയ സഹസ്രാബ്ദത്തില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസത്തിന്റെ സാക്ഷ്യം എത്രമാത്രം ആവശ്യമാണെന്നും അത് നമുക്ക് എങ്ങനെ നിര്‍വ്വഹിക്കാന്‍ കഴിയുമെന്നും എലിസബത്ത് സ്വന്തം ജീവിത അനുഭവങ്ങളിലൂടെ വിശദീകരിച്ചു. ലൂഥറന്‍ സഭയില്‍ ജനിച്ചു വളര്‍ന്ന എലിസബത്ത്, ഓര്‍ത്തഡോക്‌സ് വിശ്വാസിയായ ഫാ. ജോര്‍ജ് ജോയിയുമായുള്ള വിവാഹശേഷമാണ് ഓര്‍ത്തഡോക്‌സ് സഭയെക്കുറിച്ച് കൂടുതലായി മനസിലാക്കുന്നത്.

ഈ സഭയിലെ പല ആചാര അനുഷ്ഠാനങ്ങളെക്കുറിച്ച് സംശയങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടും സ്വന്തം പിതാവ് വിവാഹത്തിന് മുമ്പ് കൊടുത്ത ഉപദേശ പ്രകാരം അതൊന്നും ഒരിക്കലും ചോദ്യം ചെയ്തില്ല. അതൊക്കെ സഭയിലെ പണ്ഡിത ആചാര്യന്മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥയോടെ കാര്യകാരണ സഹിതം ഉണ്ടാക്കിയ ആചാരങ്ങളായിരിക്കാം എന്ന് അറിയാമായിരുന്നു. അതുകൊണ്ട് എല്ലാം നിശബ്ദമായി നോക്കിക്കണ്ടു, മനസിലാക്കുകയായിരുന്നു ചെയ്തത്.

ഓര്‍ത്തഡോക്‌സ് എന്ന ഗ്രീക്ക് പദത്തിന് ശരിയായ അഭിപ്രായം അല്ലെങ്കില്‍ ശരിയായ പഠിപ്പിക്കല്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്. ഇത് 21-ാം നൂറ്റാണ്ട് ആണ് എന്നതുകൊണ്ട് വിശ്വാസത്തിനോ പഠിപ്പിക്കലിനോ മറ്റും വരുത്തേണ്ട കാര്യമില്ല. എന്നാല്‍ ഇന്നത്തെസാഹചര്യങ്ങള്‍ പഴയതിനേക്കാള്‍ മാറിയിരിക്കുന്നതു കൊണ്ട് ഈ സാഹചര്യത്തില്‍ നമ്മുടെ വിശ്വാസ മൂല്യങ്ങളെ എങ്ങനെ മുറുകെ പിടിക്കാം എന്ന് ചിന്തിക്കേണ്ടതുണ്ട്. ഏതൊരു സാഹചര്യത്തിലും നമ്മുടെ വിശ്വാസമായിരിക്കണം നാം മറ്റുള്ളവരെ ജീവിച്ച് കാണിക്കേണ്ടത്.

ഓര്‍ത്തഡോക്‌സ് സഭയിലേക്ക് വന്ന സമയത്ത് രണ്ടുകാര്യങ്ങളിലായിരുന്നു എലിസബത്തിന് സംശയം. തീരെ ചെറിയ കുട്ടികള്‍ക്ക് കുര്‍ബാന കൊടുക്കുന്നതും, പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥനയും. ഈ രണ്ടുകാര്യങ്ങള്‍ക്കും ഇപ്പോള്‍ സംശയ നിവൃത്തി ഉണ്ടായി എന്നു മാത്രമല്ല, സ്വന്തം അനുഭവത്തിലൂടെ ഇത് മറ്റുള്ളവര്‍ക്ക് എലിസബത്ത് മനസിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. കുര്‍ബാന അനുഭവത്തിലൂടെ നമ്മെ ശാക്തീകരിക്കുന്ന യേശുവിന്റെ തിരുരക്തവും ശരീരവും നമുക്ക് അനുഗ്രഹമായിത്തീരുന്നു എന്ന് നാം വിശ്വസിക്കുന്നു എങ്കില്‍ ആ അനുഗ്രഹം എന്തുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് നാം കൊടുക്കാതിരിക്കണം. അസുഖം വരുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മരുന്നു കൊടുക്കുന്നതു വേണം. ആ മരുന്നിന്റെ ഗുണമേന്മയോ, ആവശ്യമോ കുഞ്ഞുങ്ങള്‍ മനസിലാക്കിയാലും ഇല്ലെങ്കിലുംഅത് അവര്‍ക്ക് ആരോഗ്യദായകമാകുന്നതുപോലെ കുര്‍ബാന അനുഭവവും അവര്‍ക്ക് അനുഗ്രഹമായിത്തീരുന്നു എന്ന് മനസിലാക്കിയ എലിസബത്ത് ആ അറിവ് മറ്റ് സഭകളിലേക്കും പകര്‍ന്ന് കൊടുക്കുന്നു. പരിശുദ്ധ അമ്മയോടുള്ള ആരാധന അധികം ഇല്ലാത്ത ഒരു സഭയില്‍ വളര്‍ന്ന എലിസബത്തിന് ആ പ്രാര്‍ത്ഥനയും ആരാധനയും പുതുമയായിരുന്നു. ആ പ്രാര്‍ത്ഥനയുടെ ശക്തിയും അനുഗ്രഹവും ഒരു പ്രത്യേക അനുഭവത്തിലൂടെ എലിസബത്തിന് മനസിലാവുകയായിരുന്നു.

ഇന്ന് അതിനെക്കുറിച്ചും എലിസബത്ത് പലരോടും സാക്ഷ്യം പറയുന്നു.

ചിലപ്പോള്‍ വിരുന്നിന് വീട്ടിലെത്തിയ ആരെങ്കിലും നമ്മുടെ പാചകത്തെ പ്രശംസിക്കുമ്പോഴാണ് 'ശരിയാണ് ഇത് നല്ല രുചിയായിരിക്കുന്നല്ലോ' എന്ന് വീട്ടിലുള്ളവരും ശ്രദ്ധിക്കുന്നത്. അതുപോലെയാണ് മറ്റൊരു സഭയില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭയിലേക്ക് എത്തിയ എലിസബത്ത് നമ്മെ ഓര്‍ത്തഡോക്‌സ് സഭയുടെ മഹത്വത്തെപ്പറ്റി മനസിലാക്കിത്തരുന്നത്. അതുകൊണ്ട് ആ സഭയില്‍ ജനിച്ചു വളര്‍ന്നവര്‍, സഭയെപ്പറ്റി കൂടുതലായി പഠിക്കുകയും, സഭയുടെ പരമ്പരാഗത ചട്ടങ്ങളുടെ മൂല്യം മനസിലാക്കി ജീവിക്കുകയും ചെയ്യണമെന്ന് എലിസബത്ത് സ്‌നേഹപൂര്‍വ്വം ഓര്‍മിപ്പിച്ചു. സഭയിലെയും ഇടവകയിലെയും നേതൃസ്ഥാനങ്ങളിലേക്ക് സ്ത്രീകളെയും പങ്കെടുപ്പിച്ച് അവരുടെ കഴിവും സഭയില്‍ ഉപയോഗപ്രദമാക്കുവാന്‍ സ്ത്രീകള്‍ മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകതയും പ്രസംഗത്തില്‍ ചര്‍ച്ചാവിഷയമായി.
വിശ്വാസജീവിതത്തിന്റെ ആഴങ്ങള്‍ തേടിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
Conference inaugration
വിശ്വാസജീവിതത്തിന്റെ ആഴങ്ങള്‍ തേടിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
Procession
വിശ്വാസജീവിതത്തിന്റെ ആഴങ്ങള്‍ തേടിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
Conference committee
വിശ്വാസജീവിതത്തിന്റെ ആഴങ്ങള്‍ തേടിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
വിശ്വാസജീവിതത്തിന്റെ ആഴങ്ങള്‍ തേടിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
Elizabeth Joy
വിശ്വാസജീവിതത്തിന്റെ ആഴങ്ങള്‍ തേടിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
വിശ്വാസജീവിതത്തിന്റെ ആഴങ്ങള്‍ തേടിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
Souvenir Release
വിശ്വാസജീവിതത്തിന്റെ ആഴങ്ങള്‍ തേടിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
Family Conference attendees
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക