Image

ഓര്‍മ്മകൊണ്ടും സ്വപ്‌നംകൊണ്ടും നൃത്തംകൊണ്ടും ഒരു ഹൃദയ ശുശ്രൂഷ

വി.ജി. തമ്പി Published on 22 July, 2012
ഓര്‍മ്മകൊണ്ടും സ്വപ്‌നംകൊണ്ടും നൃത്തംകൊണ്ടും ഒരു ഹൃദയ ശുശ്രൂഷ
All know the way, but few actually walk it - Bodhidharma

വേദനയുടെ അര്‍ത്ഥമെന്ത്‌? വേദന എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു? ഭൂമിയോളം പഴക്കമുള്ള ചോദ്യം. എല്ലാ മതങ്ങളും ദര്‍ശനങ്ങളും തത്ത്വജ്ഞാനികളും ആ ചോദ്യത്തെ നേരിട്ടിട്ടുണ്ട്‌. എന്നിട്ടും മനുഷ്യരാശി വേദനയെ സൗഖ്യമാക്കുവാനുള്ള ആത്മവിവേകം ആര്‍ജിച്ചുവോ എന്ന്‌ സംശയം. ആരോഗ്യം ജീവിതത്തെ സ്‌നേഹിക്കുന്നവര്‍ക്കുള്ളതാണ്‌. മരണത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതല്ല.

സ്വന്തം ജീവിതത്തിനൊരര്‍ത്ഥം ഉണ്ടെന്നറിഞ്ഞാല്‍ ഒരു ജീവിതദൗത്യമുണ്ടെന്നറിഞ്ഞാല്‍ ഒരാള്‍ക്ക്‌ രോഗിയായി ജീവിക്കാനാവില്ല. ചോദ്യം ഉള്ളിടത്തുതന്നെ ഉത്തരവുമുണ്ട്‌. രോഗമുള്ളിടത്തു തന്നെ സൗഖ്യമുണ്ട്‌. തെറ്റായ ചില ചോദ്യങ്ങളും തെറ്റായ ചില ഉത്തരങ്ങളും കൊണ്ടാണ്‌ ആരോഗ്യവ്യവസായം ഇന്ന്‌ തഴയ്‌ക്കുന്നത്‌. വ്യക്തിയുടെ ശരീരത്തിലെ യന്ത്രത്തകരാറാണ്‌ രോഗമെന്നാണ്‌ ആധുനിക നിര്‍വ്വചനം. അതിനാല്‍ ആശുപത്രിയും ഔഷധവും വൈദ്യനും ചേര്‍ന്നു നടത്തുന്ന തീര്‍ത്തും ജൈവവിരുദ്ധമായ ഹിംസയിലാണ്‌ ആരോഗ്യപരിപാലനം നിലനില്‍ക്കുന്നത്‌. സൗഖ്യത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ ആദ്യം തുടങ്ങേണ്ടത്‌ ഈ കാഴ്‌ചപ്പാടിനെ വിമര്‍ശിച്ചുകൊണ്ടും അവിശ്വസിച്ചുകൊണ്ടുമാകണം.

മനുഷ്യജീവിതം മഹത്താകുന്നത്‌ അതിന്റെ സമഗ്രതകൊണ്ടാണ്‌. സമഗ്രതയിലൂന്നാത്ത ദര്‍ശനങ്ങളും കര്‍മ്മങ്ങളും, ജീവിതത്തെ അസുന്ദരവും രോഗാതുരവുമാക്കും.

ഹോളിസ്റ്റിക്‌ ഹീലിങ്ങിനെ അടിസ്ഥാനമാക്കി അര്‍ത്ഥവത്തായ ഒരു കൂടിച്ചേരല്‍ ഈ മാസം ശ്രദ്ധ ഹാളില്‍ നടന്നു. ശരീരത്തിലല്ല മനസ്സിലാണ്‌ രോഗസൗഖ്യങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കേണ്ടതെന്നാണ്‌ അവിടെ ഉയര്‍ന്നു കേട്ടത്‌. ഓരോ മനുഷ്യന്റെയും ഓര്‍മ്മകളെ സ്‌പര്‍ശിച്ചും സ്വപ്‌നങ്ങളുടെ അര്‍ത്ഥങ്ങളാരാഞ്ഞും ബാല്യത്തിലേയ്‌ക്കും ഗര്‍ഭാവസ്ഥയിലേയ്‌ക്കും തിരിച്ചുചെന്നും നൃത്തംചെയ്‌തും ധ്യാനിച്ചും മനസ്സിന്റെ ഉറവിടങ്ങളില്‍ മുങ്ങിനിവര്‍ന്നും ശരീരത്തെ എങ്ങനെ കഴുകി വെടിപ്പാക്കാമെന്നാണ്‌ അന്നത്തെ സായാഹ്നം അന്വേഷിച്ചത്‌. ഡോക്ടര്‍മാരും കലാകാര!ാരും ധ്യാനഗുരുക്കളും വിദ്യാര്‍ത്ഥികളും ആ കൂടിച്ചേരലില്‍ സജീവമായി പങ്കെടുത്തു. പൂനയില്‍ ഹോളിസ്റ്റിക്‌ ഹെല്‍ത്തിനെ മുന്‍നിര്‍ത്തി ദശകങ്ങളായി ശില്‌പശാലകള്‍ക്ക്‌ രൂപം കൊടുക്കുന്ന കന്യാസ്‌ത്രികൂടിയായ ഡോക്ടര്‍ സെലിന്‍ പയ്യപ്പിള്ളിയാണ്‌ സവിശേഷമായ ഈ ആരോഗ്യസംവാദം നയിച്ചത്‌.

സിസ്റ്റര്‍ സെലീനോടൊപ്പം ആയൂര്‍വ്വേദത്തില്‍ വളരെ മൗലികവും നൈതികനൈര്‍മ്മല്യത്തിന്റെ നിറവുമുള്ള അന്വേഷണങ്ങള്‍ നടത്തുന്ന ഡോക്ടര്‍ അബ്‌സീനയും ഉണ്ടായിരന്നു. അവിരാമമായ ദീര്‍ഘയാത്രകളെ തന്റെ ആത്മീയഗൃഹമാക്കി മാറ്റിയ ജോസഫാണ്‌ ഈ കുട്ടുചേരലിനെ ആഴപ്പെടുത്തിയത്‌. ധ്യാനഗുരുവായ ബോബിജോസ!ും കപ്പുച്ചിന്‍ വൈദികരും ആയുര്‍വ്വേദ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന ആ സൗഹൃദത്തിനേറേ നകളുണ്ടായിരുന്നു.

ശരീരം മനസ്സിലൂടെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. നമ്മുടെ വികാരവിചാരങ്ങളാണ്‌ ശരീരത്തില്‍ പ്രതിഫലിക്കുന്നത്‌. മനസ്സ്‌ ശരീരത്തേക്കാള്‍ പഴക്കമുള്ളത്‌. ശരീരം ആറേഴ്‌ വര്‍ഷങ്ങളില്‍ അതിന്റെ സെല്ലുകളെ മാറ്റി മാറ്റി പുതുക്കിക്കൊണ്ടിരിക്കും. പുതിയ ശരീരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കും. മനസ്സാകട്ടെ ഗര്‍ഭസ്ഥാവസ്ഥ മുതലുള്ള പഴക്കമേറിയ ഓര്‍മ്മകളും അനുഭവങ്ങളും സംഭരിച്ചു സൂക്ഷിക്കും. മനസ്സെന്ന സത്തയുടെ നിഴലെന്നോ കാരണത്തിന്റെ ഫലമെന്നോ ശരീരത്തെ മനസ്സിലാക്കേണ്ടിവരും.

ലോകമെങ്ങും ആശുപത്രികള്‍ വിജയകരമായി നടത്തിക്കൊണ്ടിരുന്ന മെഡിക്കല്‍ മിഷന്‍ സിസ്‌റ്റേഴ്‌സിലെ ഒരംഗമാണ്‌ ഡോക്ടര്‍ സെലിന്‍. എന്നാല്‍ ഇന്നവരുടെ സന്യാസിനിസഭ സ്വന്തമായ അവരുടെ ആശുപത്രികളെല്ലാം വേണ്ടെന്നുവച്ചുകൊണ്ടിരിക്കുന്നു. ആശുപത്രികളുപേക്ഷിച്ച്‌ രോഗസൗഖ്യത്തിന്‌ ഒരു സമഗ്രസമീപനം കണ്ടെത്തുവാനുള്ള തീവ്രാന്വേഷണമാണവരുടേത്‌.

ഹോളിസ്റ്റിക്‌ ഹെല്‍ത്ത്‌ ഓര്‍മ്മകളുടെയും സ്വപ്‌നങ്ങളുടെയും വേരുകള്‍ അന്വേഷിച്ചുകൊണ്ടുള്ള വ്യത്യസ്‌തവും മൗലികവുമായ ഒരു സൗഖ്യ ജീവനലീലയാണ്‌. വര്‍ഷങ്ങളായി ആസ്‌തമ രോഗിയായ അറുപത്‌ കഴിഞ്ഞ ജഗന്നാഥനെ സൗഖ്യപ്പെടുത്തിയത്‌ തൊട്ടിലാട്ടി താരാട്ട്‌ കേള്‍പ്പിച്ചാണ്‌. അയാളുടെ ശാരീരികാസ്വസ്ഥതകള്‍ കുട്ടിക്കാലത്ത്‌ അമ്മയുടെ ചില അവഗണനകളാണെന്നറിഞ്ഞുകൊണ്ട്‌ കുട്ടിക്കാലത്തിന്റെ നഷ്ടമാധുര്യത്തെ ഓര്‍മ്മിപ്പിച്ചെടുത്തുകൊണ്ട്‌ സൗഖ്യപ്പെടുത്തുകയായിരുന്നു. ഹോളിസ്റ്റിക്‌ ഹീലിങ്ങിന്റെ നിരവധി അനുഭവസാക്ഷ്യങ്ങള്‍ സിസ്റ്റര്‍ കൈമാറി. ശരീരത്തിന്റെ അകവും പുറവും കഴുകി വെടിപ്പാക്കാനുള്ള പല മാര്‍ഗ്ഗങ്ങള്‍ പങ്കുവെച്ചു.

ശരീരത്തില്‍ നൃത്തം നിറയ്‌ക്കണമെന്ന്‌ സിസ്റ്റര്‍ പറഞ്ഞപ്പോള്‍ അതിശയിച്ചുപോയി. ഒരു മണിക്കൂറോളം തുടര്‍ച്ചയായി ശില്‌പശാലയില്‍ അവര്‍ ക്ഷീണമില്ലാതെ നൃത്തം ചെയ്‌തു. എഴുപത്തിയഞ്ചുകാരിയായ സിസ്റ്റര്‍ സെലിന്‍ ഔഷധങ്ങളുടെയൊന്നും ആശ്രയമില്ലാതെ ശരീരത്തെ സന്തുഷ്ടവും സംതൃപ്‌തവും സംവേദനക്ഷമവുമായ സുതാര്യസൗന്ദര്യത്തില്‍ നിലനിര്‍ത്തുന്നതിന്റെ ഊര്‍ജമാണ്‌ അവരുടെ ഹോളിസ്റ്റിക്‌ ഹീലിങ്ങ്‌ പദ്ധതി. കണ്ണിനേയും കാതിനേയും കൈകാലുകളെയും ശരീരത്തിന്റെ ഓരോ ഭാഗത്തേയും തൊട്ടുതൊട്ട്‌ ഓരോ വ്യക്തിയുടേയും സ്വപ്‌നങ്ങള്‍ക്കുള്ളിലെ ചോദനകളെ കണ്ടെത്തിക്കൊണ്ടാണ്‌ അവരുടെ സൗഖ്യരീതി. ഒരു തന്ത്രിയില്‍ തൊടുമ്പോള്‍ തൊടാത്ത തന്ത്രികളും സ്‌പന്ദിക്കും. പ്രപഞ്ചതാളത്തിനൊപ്പം സ്വന്തം ഹൃദയമിടിപ്പുകളെ നൃത്തം വപ്പിക്കണം. അരക്ഷിതമായ ശരീരത്തെ ആന്തരികമായി ബലപ്പെടുത്തണം. രോഗം കടന്നുവരാതിരിക്കാനും വന്ന രോഗങ്ങളെ അലിയിച്ചു കളയാനും മനസ്സിന്റെ സൗഖ്യശക്തിയില്‍ വിശ്വാസമര്‍പ്പിക്കണം.

സ്വപ്‌നങ്ങളില്‍ നിന്നും താന്താങ്ങളുടെ ജീവിതാര്‍ത്ഥങ്ങള്‍ ശേഖരിക്കുവാന്‍ പല മാര്‍ഗ്ഗങ്ങളും സിസ്റ്റര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. നമ്മുടെ ഏറ്റവും സത്യസന്ധമായ ജീവിതം സ്വപ്‌നത്തില്‍ നിന്നുണരുന്ന ആദ്യ നിമിഷങ്ങളാണെന്ന്‌ തോറോ പറയുന്നുണ്ടല്ലോ. സ്വപ്‌നങ്ങളെ ഓര്‍ത്തെടുത്തും അയവിറക്കിയും ശുശ്രൂഷിച്ചും രോഗികള്‍ക്ക്‌ സ്വപ്‌നങ്ങളുടെ അര്‍ത്ഥം പറഞ്ഞുകൊടുത്തും ഒരു രോഗശുശ്രൂഷ അവിശ്വസനീയമായി തോന്നും. ആന്തരികത ഓരോ വ്യക്തിയുടെയും സാധ്യതകളുടെ സാന്ദ്രസംഗ്രഹമാണ്‌. രോഗി ആദ്യം അയാളുടെ സ്വധര്‍മ്മം അറിയണം. നിസ്സഹായവും അരക്ഷിതവുമായ ആന്തരികതയില്‍ നിന്ന്‌ പുറത്തുവരണം. അന്തസ്സോടെ നിവര്‍ന്നു നില്‍ക്കണം. സ്വയം സൗഖ്യപ്പെടാനുള്ള ഊര്‍ജം ഏതൊരാള്‍ക്കുമുണ്ട്‌. ഭൂതകാലപിഴവുകളെ മറക്കാന്‌ കഴിയണം, ക്ഷമിക്കാന്‍ കഴിയണം, മൈത്രിയുടെയും കരുതലിന്റെയും കരുണയുടെയും ധ്യാനത്തിന്റെയും വെളിച്ചത്തിലെത്തണം.

ഓര്‍മ്മകള്‍ക്കൊണ്ടും സ്വപ്‌നങ്ങള്‍ക്കൊണ്ടും ധ്യാനംകൊണ്ടും നൃത്തംകൊണ്ടും ഒരു ഹൃദയ ശുശ്രൂഷയാണത്‌. ജീവിതമെത്ര ഭാവനാവിസ്‌മയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക